രാജ്യത്തെ പ്രമുഖ ടെലികോം സേവന ദാതാക്കളിൽ ഒന്നായ വോഡഫോൺ ഐഡിയ (വിഐ) ശക്തമായ തിരിച്ചുവരവിന്റെ പാതയിലാണ്. വിപണി വിശകലന വിദഗ്ധരുടെ പ്രവചനങ്ങളെ കാറ്റിൽപ്പറത്തിക്കൊണ്ട് കമ്പനി നഷ്ടം ഗണ്യമായി കുറച്ചു.
ഇതിനുപുറമേ, ചരിത്രത്തിൽ ആദ്യമായി ഒരു പാദത്തിൽ വരിക്കാരുടെ എണ്ണത്തിലും മികച്ച വർധനവ് രേഖപ്പെടുത്താൻ കമ്പനിക്ക് സാധിച്ചിട്ടുണ്ട്. ഒരു വരിക്കാരനിൽ നിന്ന് ലഭിക്കുന്ന ശരാശരി വരുമാനത്തിലും (എആർപിയു) കാര്യമായ പുരോഗതിയുണ്ടായിട്ടുണ്ട്.
മികച്ച സാമ്പത്തിക ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ വിഐ ഓഹരികൾ വിപണിയിൽ മുന്നേറ്റം തുടരുകയാണ്. രാജ്യത്തെ 200 നഗരങ്ങളിൽ നിലവിൽ 5ജി സേവനങ്ങൾ ലഭ്യമാക്കിയിട്ടുണ്ടെന്നും, വരും മാസങ്ങളിൽ സേവനം കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും കമ്പനി സിഇഒ അഭിജിത് കിഷോർ വ്യക്തമാക്കി.
നടപ്പുസാമ്പത്തിക വർഷത്തിലെ (2026-27) ജൂണിൽ അവസാനിച്ച ആദ്യ പാദത്തിൽ കമ്പനിയുടെ നഷ്ടം മുൻവർഷത്തെ അപേക്ഷിച്ച് പകുതിയോളമാണ് കുറഞ്ഞത്. മുൻവർഷത്തെ സമാന പാദത്തിൽ 6608 കോടി രൂപയായിരുന്നു വിഐയുടെ നഷ്ടം.
എന്നാൽ ഇത്തവണ ഇത് 43 ശതമാനം കുറഞ്ഞ് 3754 കോടി രൂപയിലെത്തിച്ചു. നഷ്ടം 5391 കോടി രൂപയായി ഉയരുമെന്നായിരുന്നു പ്രവചനങ്ങൾ.
ആകെ ചെലവിലുണ്ടായ കുറവും, ഒറ്റത്തവണ സെറ്റിൽമെന്റിന്റെ ഭാഗമായി ലഭിച്ച 1611 കോടി രൂപയുടെ നേട്ടവുമാണ് നഷ്ടം ഈ രീതിയിൽ പിടിച്ചുനിർത്താൻ സഹായിച്ചത്. 2018 ഓഗസ്റ്റിൽ വോഡഫോണും ഐഡിയയും ലയിച്ചതിനു ശേഷം ആദ്യമായാണ് ഒരു പാദത്തിൽ കമ്പനിയുടെ വരിക്കാരുടെ എണ്ണത്തിൽ വർധന ഉണ്ടാകുന്നത്.
കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ നാലാം പാദത്തിൽ 19.28 കോടി വരിക്കാരാണ് കമ്പനിയ。<ണ്ടായിരുന്നതെങ്കിൽ, നിലവിൽ അത് 19.31 കോടിയായി ഉയർന്നിട്ടുണ്ട്. അതേസമയം, കഴിഞ്ഞ വർഷത്തെ ഒന്നാം പാദത്തിലെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ ആകെ വരിക്കാരുടെ എണ്ണത്തിൽ ഇപ്പോഴും കുറവുകൾ നിലനിൽക്കുന്നുണ്ട്.
മുൻവർഷം ഇത് 19.77 കോടിയായിരുന്നു. കമ്പനിയുടെ ശരാശരി പ്രതിവരിക്കാർ വരുമാനമായ എആർപിയു 10.2 ശതമാനം വർധിച്ച് 190 രൂപയിലെത്തി.
വിഐയുടെ ആകെ വരുമാനം മുൻവർഷത്തെ അപേക്ഷിച്ച് 6% വർധിച്ച് 11,689 കോടി രൂപയായി ഉയർന്നു. 11,499 കോടി രൂപ വരുമാനം ലഭിക്കുമെന്നായിരുന്നു പ്രവചനം.
പലിശ, നികുതി എന്നിവയ്ക്ക് മുൻപുള്ള പ്രവർത്തന ലാഭം (എബിറ്റ്ഡ) 9.1% വർധിച്ച് 5304 കോടി രൂപയായും മാറി. എജിആർ കുടിശികയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഏപ്രിലിൽ 49 ശതമാനം ഓഹരി പങ്കാളിത്തമുള്ള കേന്ദ്രസർക്കാർ കമ്പനിക്ക് വലിയ ഇളവുകൾ അനുവദിച്ചിരുന്നു.
64,046 കോടി രൂപയുടെ കുടിശിക 23,600 കോടി രൂപയായി വെട്ടിക്കുറച്ചു. ഈ തുക പത്ത് വർഷത്തെ കാലാവധിക്കുള്ളിൽ തിരിച്ചടച്ചാൽ മതിയാകും.
എങ്കിലും സ്പെക്ട്രം കുടിശികയിനത്തിൽ അടുത്ത മൂന്ന് വർഷത്തിനുള്ളിൽ കമ്പനി 49,000 കോടി രൂപ അടച്ചു തീർക്കേണ്ടതുണ്ട്. വരും വർഷങ്ങളിൽ 45,000 കോടി രൂപയുടെ വികസന പദ്ധതികളാണ് കമ്പനി ആസൂത്രണം ചെയ്തിരിക്കുന്നത്.
ഇതിൽ 9000 കോടി രൂപയുടെ പദ്ധതികൾക്കായി ഇതിനകം തന്നെ ഓർഡറുകൾ നൽകിയിട്ടുണ്ട്. ഭാവിയിലെ വികസന പ്രവർത്തനങ്ങൾക്കായി 35,000 കോടി രൂപയുടെ ബാങ്ക് വായ്പകൾ ഉൾപ്പെടെയുള്ള ധനസഹായങ്ങൾ ഉറപ്പാക്കാനുള്ള തീവ്രശ്രമത്തിലാണ് വിഐ.
നിലവിൽ 6558 കോടി രൂപയുടെ ഫണ്ടിങ് ലഭ്യമായിട്ടുണ്ട്. വ്യാപാരത്തിന്റെ തുടക്കത്തിൽ മൂന്നു ശതമാനത്തോളം ഉയർന്ന ഓഹരി വില പിന്നീട് ചെറിയ തോതിൽ താഴ്ന്ന് 1% നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
നിലവിൽ ഓഹരിയൊന്നിന് 13.05 രൂപ വിലയുള്ള വിഐ ഓഹരികളുടെ ലക്ഷ്യവില 12.60 രൂപയായാണ് വിദേശ ബ്രോക്കറേജ് സ്ഥാപനമായ നോമുറ നിശ്ചയിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം ഓഹരിയൊന്നിന് 6 രൂപ നിലവാരത്തിലേക്ക് കൂപ്പുകുത്തിയ ശേഷമാണ് ഇപ്പോൾ ഈ ശക്തമായ തിരിച്ചുവരവ് ഉണ്ടായിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

