തിരുവനന്തപുരം: ജില്ലയിൽ കാറിൽ കമ്പിപ്പാരയും ഗ്ലൗസുമടക്കം മാരകായുധങ്ങൾ കണ്ടെത്തിയ സംഭവത്തിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
കടയ്ക്കാവൂർ തെക്കുംഭാഗം പാലോട് വീട്ടിൽ മനു (42), വെട്ടൂർ അരിവാളം റിയാസ് മൻസിലിൽ റിയാസ് (30), വക്കം അമ്മൂമ്മ വീട്ടിൽ വിഷ്ണു (31) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി 7.30ഓടെയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
മനുവിന്റെ ഉടമസ്ഥതയിലുള്ള മാരുതി 800 കാറിലാണ് പ്രതികൾ വില്ലിക്കടവ് ഭാഗത്ത് എത്തിയത്. ഇവിടെയെത്തിയ സംഘം തമ്മിൽ വാക്കുതർക്കമുണ്ടായി.
ഇതിനിടയിൽ മനു കൈവശമുണ്ടായിരുന്ന ആയുധം ഉപയോഗിച്ച് റിയാസിന്റെ ഇടതുകൈയിൽ പരിക്കേൽപ്പിച്ചതായി പൊലീസ് വ്യക്തമാക്കി. തുടർന്ന് വിഷ്ണു കാറുമായി കടയ്ക്കാവൂരിലുള്ള വീട്ടിലേക്ക് പോവുകയായിരുന്നു.
സംഭവത്തെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി വിഷ്ണുവിനെയും ഇവർ സഞ്ചരിച്ച കാറും പൊലീസ് പരിശോധിച്ചു. ഈ പരിശോധനയിലാണ് കാറിൽ നിന്ന് മാരകായുധങ്ങൾ കണ്ടെടുത്തത്.
കമ്പിപ്പാര, ഗ്ലൗസ്, പഴയ തോർത്തുമുണ്ട് തുടങ്ങിയ സാധനങ്ങളാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. സംഘം മോഷണം ലക്ഷ്യമിട്ടാണ് എത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ഇതിന്റെ അടിസ്ഥാനത്തിൽ അയിരൂർ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. പിടിയിലായവരിൽ റിയാസ് അഞ്ചുതെങ്ങ് പൊലീസ് സ്റ്റേഷനിലെയും മനു കടയ്ക്കാവൂർ പൊലീസ് സ്റ്റേഷനിലെയും റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടവരാണ്.
നിലവിൽ ഇവർക്കെതിരെ വിവിധ കേസുകൾ നിലവിലുണ്ടെന്നും പൊലീസ് അറിയിച്ചു. പ്രാഥമിക അന്വേഷണത്തിൽ മൂവരും മദ്യപിച്ചാണ് കാറിൽ വില്ലിക്കടവ് ഭാഗത്ത് എത്തിയതെന്ന് കണ്ടെത്തിയിട്ടുണ്ട്.
സമീപകാലത്ത് വർക്കല, അയിരൂർ പ്രദേശങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട വിവിധ മോഷണക്കേസുകളുമായി ഇവർക്ക് എന്തെങ്കിലും ബന്ധമുണ്ടോയെന്ന കാര്യം പൊലീസ് വിശദമായി അന്വേഷിച്ചുവരികയാണ്.
തുടർനടപടികൾക്ക് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

