ജയ്സാല്മര് സ്വദേശിയായ കർഷകൻ രഹസ്യമായി പാടത്ത് കുഴിച്ചിട്ട 5 ലക്ഷം രൂപ ചിതലുകൾ നശിപ്പിച്ചു.
പച്പദ്ര സ്വദേശിയായ മാംഗിലാൽ മേഘ്വാൾ എന്ന കർഷകന് ഒരു വർഷം മുമ്പ് സ്ഥലം വിറ്റ വകയിലാണ് ഈ തുക ലഭിച്ചത്. ഈ പണം ഉപയോഗിച്ച് തന്റെ കൃഷിയിടത്തിൽ ഒരു മുറി പണിയാനായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.
എന്നാൽ പണം മോഷണം പോകുമെന്നോ കുടുംബാംഗങ്ങൾ ചിലവഴിച്ചു കളയുമെന്നോ ഉള്ള ഭയം കാരണം അദ്ദേഹം ആരോടും പറയാതെ തുക ഒളിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. ഒരു രാത്രി മാംഗിലാൽ മുഴുവൻ തുകയും ഒരു പോളിത്തീൻ ബാഗിലാക്കി, തന്റെ പാടത്ത് കുഴിയെടുത്ത് കുഴിച്ചിട്ടു.
എന്നാൽ മദ്യപാന ശീലവും ഓർമക്കുറവുമുണ്ടായിരുന്ന അദ്ദേഹത്തിന് പിന്നീട് മുറി പണിയുന്നതിന് പണം ആവശ്യമായി വന്നപ്പോൾ, താൻ പണം കുഴിച്ചിട്ട കൃത്യമായ സ്ഥലം ഓർക്കാൻ കഴിഞ്ഞില്ല.
ദിവസങ്ങളോളം അദ്ദേഹം പലയിടത്തും തിരച്ചിൽ നടത്തിയെങ്കിലും പണം കണ്ടെത്താൻ സാധിച്ചില്ല. ഒടുവിൽ അദ്ദേഹം തന്റെ ഭാര്യയോടും മക്കളോടും കുഴിച്ചിട്ട
പണത്തെക്കുറിച്ച് വെളിപ്പെടുത്തി. ആദ്യം ഇക്കാര്യം കുടുംബാംഗങ്ങൾ വിശ്വസിച്ചില്ലെങ്കിലും പിന്നീട് അവരും തിരച്ചിലിൽ പങ്കുചേർന്നു.
എങ്കിലും നിരന്തര ശ്രമങ്ങൾക്കൊടുവിലും പണം കണ്ടെത്താൻ കഴിയാതെ വന്നതോടെ അവർ ആ ഉദ്യമം ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് ഇക്കാര്യം ആരോടും പറഞ്ഞതുമില്ല.
ഏകദേശം ഒരു വർഷത്തിനു ശേഷം, മഴയ്ക്ക് ശേഷം കുടുംബം കൃഷിയിടം വിതയ്ക്കാൻ ഒരുങ്ങുന്നതിന്റെ ഭാഗമായി രാത്രി ട്രാക്ടർ ഉപയോഗിച്ച് പാടം ഉഴുതുമറിക്കുമ്പോൾ കുഴിച്ചിട്ടിരുന്ന ബാഗ് പുറത്തുവന്നു. എന്നാൽ ഇരുട്ടായതിനാൽ അന്ന് ആരും ഇക്കാര്യം ശ്രദ്ധിച്ചിരുന്നില്ല.
പിറ്റേന്ന് രാവിലെ മാംഗിലാലിന്റെ ഭാര്യയും മകനും പാടത്തിന് ചുറ്റുമുള്ള വേലി നന്നാക്കുന്നതിനിടയിലാണ് കീറിപ്പറിഞ്ഞതും കേടുപാടുകൾ സംഭവിച്ചതുമായ ബാഗ് കണ്ടത്. അത് തുറന്ന് പരിശോധിച്ചപ്പോൾ 500 രൂപ നോട്ടുകളുടെ അവശിഷ്ടങ്ങൾ ചിതലുകൾ തിന്ന് പൂർണ്ണമായും നശിപ്പിക്കപ്പെട്ട
നിലയിലാണ് കണ്ടെത്തിയത്. ഏകദേശം ഒരു വർഷത്തോളം മണ്ണിൽ കിടന്ന പണം ചിതലുകൾ തിന്ന് തുണ്ടുകളായി മാറി കഴിഞ്ഞിരുന്നു.
കേടുവന്ന നോട്ടുകൾ ശേഖരിച്ച് കുടുംബം പച്പദ്രയിലെ ബാങ്ക് ശാഖയെ സമീപിച്ചെങ്കിലും നോട്ടുകളുടെ അവസ്ഥ പരിഗണിച്ച് ബാങ്ക് അധികൃതർ അവ സ്വീകരിക്കാൻ വിസമ്മതിച്ചു. തുടർന്ന് അവർ ബലോത്രയിലെ പ്രധാന ബാങ്ക് ശാഖയെ സമീപിച്ചെങ്കിലും അവിടെയും നിരാശയായിരുന്നു ഫലം.
ജയ്പൂരിലെ ബാങ്കിനെ സമീപിക്കാൻ കുടുംബത്തിന് നിർദ്ദേശം ലഭിച്ചെങ്കിലും നിരക്ഷരനും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവനുമായ മാംഗിലാലിന് ജയ്പൂരിലേക്ക് യാത്ര ചെയ്യാൻ സാധിച്ചില്ല. പണത്തെക്കുറിച്ച് മാംഗിലാൽ നേരത്തെ തന്നോട് കൃത്യമായി പറഞ്ഞിരുന്നെങ്കിൽ ഇത്രയും വലിയ നഷ്ടം ഒഴിവാക്കാമായിരുന്നു എന്ന് അദ്ദേഹത്തിന്റെ ഭാര്യ പ്രതികരിച്ചു.
പണം രഹസ്യമാക്കി വെച്ചതിനും പാടത്ത് കുഴിച്ചിട്ടതിനും മക്കളും അദ്ദേഹത്തെ കുറ്റപ്പെടുത്തി. സ്ഥലം വിറ്റു ലഭിച്ച മുഴുവൻ തുകയും നഷ്ടമായതിന്റെ മനോവിഷമത്തിലാണ് ഇപ്പോൾ ഈ കുടുംബം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

