ഗൂഡല്ലൂർ ഓവേലിയിൽ തോട്ടം തൊഴിലാളിയെ കടുവ ആക്രമിച്ച് കൊലപ്പെടുത്തി. ബാലകൃഷ്ണൻ മരുതൻ (65) ആണ് ദാരുണമായി കൊല്ലപ്പെട്ടത്.
ഓവേലി ക്വയിന്റിലെ ലാറൻസ്റ്റൺ തേയിലത്തോട്ടത്തിലെ തൊഴിലാളിയും വനത്തോട് ചേർ പാടിയിൽ താമസക്കാരനും ആയിരുന്നു അദ്ദേഹം. കഴിഞ്ഞദിവസം അതായത് ശനിയാഴ്ച വൈകിട്ട് ആറു മണിയോടെ തേയില തോട്ടത്തിലേക്ക് പോയ ബാലകൃഷ്ണനെ പിന്നീട് കാണാതാവുകയായിരുന്നു.
രാത്രി തോട്ടത്തിൽ വെള്ളം ഒഴുക്കിവിടാൻ വേണ്ടി ഇറങ്ങിയതായിരുന്നു അദ്ദേഹം. തുടർന്ന് ബന്ധുക്കളും നാട്ടുകാരും ചേർന്ന് നടത്തിയ വ്യാപകമായ തിരച്ചിലിനൊടുവിൽ, രാവിലെ പമ്പ് ഹൗസിൽ നിന്ന് 500 മീറ്റർ അകലെയായി കടുവ ഭാഗികമായി ഭക്ഷിച്ച നിലയിൽ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തുകയായിരുന്നു.
തുടർന്ന് പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഗൂഡല്ലൂരിലും സമീപ പ്രദേശങ്ങളിലും വന്യജീവികളുടെ ആക്രമണം വലിയ തോതിൽ വർധിച്ചിരിക്കുകയാണ്.
ഇതിനു മുൻപുള്ള ദിവസങ്ങളിലും പ്രദേശവാസികൾ തലനാരിഴയ്ക്കാണ് ആനയുടെ ആക്രമണങ്ങളിൽ നിന്നും മറ്റും രക്ഷപ്പെട്ടത്. ഈ മേഖലയിൽ തുടർച്ചയായി ഉണ്ടാകുന്ന വന്യജീവി ആക്രമണങ്ങളിൽ വനംവകുപ്പിന്റെ ഭാഗത്തുനിന്നും ഗുരുതരമായ അനാസ്ഥയാണ് ഉണ്ടാകുന്നതെന്ന് ആരോപിച്ച് നാട്ടുകാർ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

