കോഴിക്കോട് ജില്ലയിൽ വൻ ആനക്കൊമ്പ് വേട്ട. അന്തർസംസ്ഥാന ബന്ധമുള്ള ആനക്കൊമ്പ് വിൽപന സംഘത്തിലെ ആറു പേരെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ പിടികൂടിയത്.
കക്കോടിക്കും പുല്ലാളൂരിനും ഇടയിലെ പാലത്ത് പ്രദേശത്തെ ഒരു വീട്ടിൽ നിന്ന് വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന 12 കിലോ ഭാരമുള്ള ആനക്കൊമ്പ് ഉദ്യോഗസ്ഥർ കണ്ടെടുത്തു. കക്കോടി പാലത്ത് നൂർ മൻസിലിൽ അസീൽ (35), താമരശ്ശേരി സ്വദേശി പരീത് (55), കോട്ടയം പാമ്പാടി സ്വദേശി കെ.വി.വിൻസന്റ് (40), കക്കോടി പാലത്ത് മുഹമ്മദ് റിഹാൻ (22), തിരുവനന്തപുരം കഴക്കൂട്ടം സ്വദേശി ദിൽഷാദ് (47), തിരുവനന്തപുരം പള്ളിപ്പുറം സ്വദേശി സുധീർ എന്നിവരാണ് പിടിയിലായത്.
ഇവരിൽ കക്കോടി സ്വദേശി അസീലിന്റെ വീട്ടിൽ വെച്ചാണ് ഇടപാടിനുള്ള തയ്യാറെടുപ്പുകൾ നടന്നത്. ആനക്കൊമ്പിന് ചിലർ വില ഉറപ്പിക്കുകയും വീട്ടിൽ വെച്ച് ഇടപാടിന് ഒരുങ്ങുകയും ചെയ്യുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് വനംവകുപ്പ് സംഘം സ്ഥലത്ത് പരിശോധന നടത്തിയത്.
റെയ്ഡ് നടക്കുന്നതിനിടെ കാറിൽ രക്ഷപ്പെടാൻ ശ്രമിച്ച സുധീറിനെ ഉദ്യോഗസ്ഥർ പിന്തുടർന്ന് കോഴിക്കോട് കല്ലായി റോഡിൽ വെച്ച് പിടികൂടുകയായിരുന്നു. സംഭവത്തിൽ പ്രതികൾ സഞ്ചരിച്ച ഒരു കാറും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
പ്രതികൾ നേരിട്ട് ആനവേട്ട നടത്തിയതാണോ അതോ മറ്റാരുടെയെങ്കിലും ഇടനിലക്കാരായി പ്രവർത്തിച്ചതാണോ എന്നറിയാൻ വകുപ്പ് തലത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
തമിഴ്നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിൽ സജീവമായി ആനക്കൊമ്പ് കച്ചവടം നടത്തുന്ന സംഘത്തിലെ പ്രധാനികളാണ് പിടിയിലായതെന്നാണ് ലഭിക്കുന്ന സൂചനകൾ. തിരുവനന്തപുരം വനം ഇന്റലിജൻസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം ഫോറസ്റ്റ് ഇന്റലിജൻസ്, വൈൽഡ് ലൈഫ് ക്രൈം കൺട്രോൾ ബ്യൂറോ, കോഴിക്കോട് വനം വിജിലൻസ്, താമരശ്ശേരി റേഞ്ച് വനം വകുപ്പ് ഉദ്യോഗസ്ഥർ സംയുക്തമായാണ് ഈ സാഹസിക റെയ്ഡ് പൂർത്തിയാക്കിയത്.
കോഴിക്കോട് വനം വിജിലൻസ് റേഞ്ച് ഫോറസ്റ്റ് ഓഫിസർ ഇ.പി.ശ്രീജിത്ത്, താമരശ്ശേരി റേഞ്ച് ഫോറസ്റ്റ് ഓഫിസർ കെ.പി.പ്രേം ഷമീർ, വനം വിജിലൻസ് റേഞ്ച് സെക്ഷൻ ഫോറസ്റ്റ് ഓഫിസർമാരായ സി.മുഹമ്മദ് അസ്ലം, എ.ആസിഫ്, സെക്ഷൻ ഫോറസ്റ്റ് ഓഫിസർ (ഗ്രേഡ്) ഇ.കെ.ശ്രീലേഷ് കുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ എൻ.ലുബൈബ, ബി.പ്രബീഷ്, ഒ.ശ്വേത പ്രസാദ്, ആൻസി ഡയാന, ഡ്രൈവർ വി.സുനീഷ്, താമരശ്ശേരി റേഞ്ച് സെക്ഷൻ ഫോറസ്റ്റ് ഓഫിസർ (ഗ്രേഡ്) എം.ടി.സുധീഷ്, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ വി.എസ്.ഷനീഷ്, പി.ജി.അപർണാ ആനന്ദ് എന്നിവരടങ്ങുന്ന സംഘമാണ് നടപടികൾക്ക് നേതൃത്വം നൽകിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

