കേരളത്തിലെ രാഷ്ട്രീയ പശ്ചാത്തലത്തിലും സ്വർണക്കടത്ത്, ക്വട്ടേഷൻ ബന്ധങ്ങളിലും കുപ്രസിദ്ധിയാർജിച്ച വ്യക്തിയാണ് അർജുൻ ആയങ്കി. സാധാരണ രാഷ്ട്രീയ പ്രവർത്തകനിൽ നിന്ന് സ്വർണക്കവർച്ച സംഘത്തിന്റെ തലവനിലേക്കും, തുടർന്ന് പൊലീസിനെയും സർക്കാരിനെയും വെല്ലുവിളിക്കുന്ന കുറ്റവാളിയിലേക്കുമുള്ള ഇയാളുടെ വളർച്ച ഏവരെയും അത്യിശയിപ്പിക്കുന്നതാണ്.
കണ്ണൂർ ജില്ലയിലെ അഴീക്കോട് കപ്പക്കടവ് സ്വദേശിയായ അർജുൻ ആയങ്കി, രാഷ്ട്രീയ സംഘടനകളുടെ സജീവ പ്രവർത്തകനായാണ് പൊതുരംഗത്ത് ശ്രദ്ധിക്കപ്പെടുന്നത്. അഴീക്കോട് കപ്പക്കടവ് യൂണിറ്റ് സെക്രട്ടറിയായിരുന്ന ഇയാൾ, രാഷ്ട്രീയ പോരാടങ്ങളിൽ മുൻപന്തിയിലുണ്ടായിരുന്നു.
സമൂഹമാധ്യമങ്ങളിലെ സ്വാധീനം പരമാവധി ഉപയോഗിച്ചാണ് അർജുൻ ആയങ്കി തന്റെ ജനപ്രീതി വർധിപ്പിച്ചത്. രാഷ്ട്രീയ എതിരാളികൾക്കെതിരെ രൂക്ഷമായ ഭാഷയിൽ സൈബർ ആക്രമണം നടത്താൻ ഇയാൾക്ക് പ്രത്യേക വൈഭവമുണ്ടായിരുന്നു.
മാസ് ഡയലോഗുകളും അനുകൂല പോസ്റ്റുകളും വഴി യുവാക്കളെ ആകർഷിച്ച ഇയാൾക്ക് സമൂഹമാധ്യമങ്ങളിൽ വലിയൊരു ആരാധകവൃന്ദം തന്നെയുണ്ടായി. രാഷ്ട്രീയ തണലിൽ വളർന്ന ഇയാൾ, പതുക്കെ കണ്ണൂരിലെ ക്രിമിനൽ സംഘങ്ങളുമായി അടുത്ത ബന്ധം സ്ഥാപിക്കുകയും ക്വട്ടേഷൻ സംഘങ്ങളുടെ തലവനായി മാറുകയും ചെയ്തു.
തുടർന്ന് കൂടുതൽ പണമുണ്ടാക്കാൻ വേണ്ടി വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ചുള്ള സ്വർണക്കടത്ത് രംഗത്തേക്ക് തിരിയുകയായിരുന്നു. സ്വർണം നേരിട്ട് കടത്തുന്നതിനു പകരം, വിദേശത്തുനിന്ന് മറ്റ് സംഘങ്ങൾ കൊണ്ടുവരുന്ന സ്വർണം വിമാനത്താവളത്തിനു പുറത്തുവച്ച് തട്ടിയെടുക്കുന്ന രീതിയാണ് അർജുൻ ആയങ്കിയും സംഘവും പരീക്ഷിച്ചത്.
മലബാറിലെ ഗുണ്ടാ ഭാഷയിൽ ഇത് ‘സ്വർണം പൊട്ടിക്കൽ’ എന്നാണ് അറിയപ്പെട്ടത്. കരിപ്പൂർ, കണ്ണൂർ വിമാനത്താവളങ്ങൾ വഴി എത്തുന്ന കാരിയർമാരെ ഭീഷണിപ്പെടുത്തിയും തട്ടിക്കൊണ്ടുപോയും സ്വർണം അപഹരിക്കുകയായിരുന്നു ഇവരുടെ രീതി.
പാർട്ടിയുടെ കൊടിയും ചിഹ്നവും ഉപയോഗിച്ചുള്ള വാഹനങ്ങളിലാണ് ഇവർ പലപ്പോഴും കവർച്ചാ ആസൂത്രണം നടത്തിയിരുന്നത്. ക്രിമിനൽ ബന്ധങ്ങൾ പുറത്തുവന്നതോടെ സംഘടനയിൽ നിന്ന് ഇയാളെ പുറത്താക്കുകയും യാതൊരു ബന്ധവുമില്ലെന്ന് നേതാക്കൾ പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു.
എങ്കിലും സമൂഹമാധ്യമങ്ങളിലെ തന്റെ ആരാധകരെ ഉപയോഗിച്ച് പൊലീസിനെ വെല്ലുവിളിക്കാൻ ഇയാൾക്ക് കഴിഞ്ഞിരുന്നു. 2021 ജൂൺ 21നുണ്ടായ രാമനാട്ടുകര വാഹനാപകടമാണ് കേരളത്തിലെ വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ച് നടക്കുന്ന വലിയൊരു സ്വർണക്കവർച്ച ശൃംഖലയുടെ ചുരുളഴിച്ചതും അർജുൻ ആയങ്കിയുടെ പേര് പുറത്തുകൊണ്ടുവന്നതും.
കോഴിക്കോട്-പാലക്കാട് ദേശീയപാതയിൽ രാമനാട്ടുകര പുലിഞ്ചോട് വളവിൽ നടന്ന അപകടമാണ് കാര്യങ്ങൾ മാറ്റിമറിച്ചത്. കരിപ്പൂർ വിമാനത്താവള ഭാഗത്തുനിന്ന് വരികയായിരുന്ന ജീപ്പും സിമന്റ് ലോറിയും കൂട്ടിയിടിച്ച് പാലക്കാട് ചെർപ്പുളശ്ശേരി സ്വദേശികളായ അഞ്ച് യുവാക്കൾ സംഭവസ്ഥലത്തുതന്നെ മരിച്ചു.
ഇതേ ദിവസം പുലർച്ചെ കരിപ്പൂർ വിമാനത്താവളത്തിൽ മുഹമ്മദ് ഷഫീഖ് എന്ന കാരിയറിൽ നിന്ന് കസ്റ്റംസ് 2.33 കിലോഗ്രാം സ്വർണം പിടികൂടിയിരുന്നു. ചോദ്യം ചെയ്യലിൽ വിമാനത്താവളത്തിനു പുറത്ത് അർജുൻ ആയങ്കി കാത്തുനിൽക്കുന്നുണ്ടെന്ന വിവരം വ്യക്തമായി.
സ്വർണം തട്ടിയെടുക്കാൻ ഒരേസമയം മൂന്ന് സംഘങ്ങൾ രംഗത്തുണ്ടായിരുന്നു എന്ന് അന്വേഷണത്തിൽ വ്യക്തമായി. സ്വർണം കടത്താൻ പണം മുടക്കിയ യഥാർഥ ഉടമകളുടെ കൊടുവള്ളി സംഘം, കൊടുവള്ളി സംഘം കൊണ്ടുവരുന്ന സ്വർണത്തിനു സംരക്ഷണം നൽകാൻ വന്ന ചെർപ്പുളശ്ശേരി സംഘം, കാരിയറെ ഭീഷണിപ്പെടുത്തി സ്വർണം കവർന്നുമാറ്റാൻ എത്തിയ അർജുൻ ആയങ്കിയുടെ സംഘം എന്നിങ്ങനെയായിരുന്നു അത്.
ഷഫീഖ് പുറത്തിറങ്ങാത്തതിനെ തുടർന്ന് അർജുന്റെ സംഘം മടങ്ങിയെങ്കിലും, കണ്ണൂർ സംഘം സ്വർണവുമായി കടന്നുകളഞ്ഞു എന്ന് തെറ്റിദ്ധരിച്ച ചെർപ്പുളശ്ശേരി സംഘം അതിവേഗത്തിൽ പിന്തുടരുകയായിരുന്നു. ഈ മത്സരയോട്ടത്തിനിടയിലാണ് നിയന്ത്രണം വിട്ട
ജീപ്പ് ലോറിയിലിടിച്ച് തകർന്നത്. ഒളിവിൽ പോയ ഇയാളെ പിന്നീട് കസ്റ്റംസ് അറസ്റ്റ് ചെയ്യുകയും മാസങ്ങളോളം ജയിലിൽ കഴിയുകയും ചെയ്തു.
പാലക്കാട് തമിഴ്നാട് അതിർത്തിയോട് ചേർന്നുള്ള മീനാക്ഷിപുരം സൂര്യപാറയിൽ സ്വർണവ്യാപാരിയെ തട്ടിക്കൊണ്ടുപോയി 75 പവൻ സ്വർണാഭരണങ്ങളും, 23,000 രൂപയും, മൊബൈൽ ഫോണും കവർന്ന കേസിലും അർജുൻ ആയങ്കി പ്രതിയാണ്. ഈ കേസിൽ ഒളിവിൽ പോയ ഇയാളെയും കൂട്ടാളി മുഹമ്മദ് അനീസിനെയും 2023 ജൂലൈയിൽ പൂണെയിൽ നിന്നാണ് മീനാക്ഷിപുരം പൊലീസ് അറസ്റ്റ് ചെയ്തത്.
ഹൈക്കോടതിയാണ് പിന്നീട് പ്രതിക്ക് സ്വാഭാവിക ജാമ്യം അനുവദിച്ചത്. 2022ൽ കരിപ്പൂർ സ്വർണക്കടത്ത് ക്വട്ടേഷൻ കേസിലും മറ്റ് തട്ടിപ്പ് കേസുകളിലും നിരന്തരം ഉൾപ്പെട്ടതിനെ തുടർന്ന് കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണറുടെ റിപ്പോർട്ട് പ്രകാരം കാപ്പ ചുമത്തിയിരുന്നു.
ഇയാളെ 6 മാസത്തേക്ക് കണ്ണൂർ ജില്ലയിൽ പ്രവേശിക്കുന്നതിൽ നിന്ന് വിലക്കി നാടുകടത്തി ഉത്തരവിട്ടിരുന്നുവെങ്കിലും പിന്നീട് കാപ്പ അഡ്വൈസറി ബോർഡ് ഈ ഉത്തരവ് റദ്ദാക്കുകയാണുണ്ടായത്. 2026 മേയ് മാസത്തിൽ എറണാകുളം കോതമംഗലത്തെ റിസോർട്ടിൽ വച്ച് ക്രിമിനൽ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാൻ ഒത്തുകൂടി എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് സംഘം അർജുൻ ആയങ്കിയെയും കൂട്ടാളികളെയും കരുതൽ തടങ്കലിലാക്കിയിരുന്നു.
ഈ കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം തന്നെ അറസ്റ്റ് ചെയ്ത പൊലീസിനെതിരെ ഇയാൾ രംഗത്തുവന്നു. കോതമംഗലം ഇൻസ്പെക്ടറെ സമാധാനപരമായി പെൻഷൻ വാങ്ങി ശിഷ്ടജീവിതം നയിക്കാൻ അനുവദിക്കില്ലെന്ന് സമൂഹമാധ്യമ പോസ്റ്റിലൂടെ പരസ്യമായി ഭീഷണിപ്പെടുത്തുകയും ചെയ്തു.
ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ ഒളിവിൽ പോയ ഇയാൾ ഊന്നുകൽ സ്റ്റേഷൻ ഹൗസ് ഓഫിസർക്ക് നേരെയും ഭീഷണിയുമടങ്ങിയ സന്ദേശങ്ങൾ പുറത്തുവിട്ടു. തുടർന്ന് ആലുവ സൈബർ ക്രൈം പൊലീസ് മറ്റൊരു ഗൗരവമേറിയ കേസ് കൂടി റജിസ്റ്റർ ചെയ്തു.
മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റിടുകയും, അതുവഴി പൊതുസമൂഹത്തിൽ കലാപത്തിന് ആഹ്വാനം ചെയ്യാൻ ശ്രമിച്ചുവെന്നുമാണ് കേസ്. പൊലീസിന്റെ കണ്ണുവെട്ടിച്ച് ഒളിവിൽ കഴിഞ്ഞപ്പോഴും മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ വഴി പിടികൂടാതിരിക്കാൻ സിം കാർഡ് ഉപയോഗിക്കാതെ വൈഫൈ മാത്രം ഉപയോഗിച്ചാണ് ഇയാൾ ഇന്റർനെറ്റ് കോളുകളും സമൂഹമാധ്യമ പോസ്റ്റുകളും നടത്തിയത്.
ഒളിവിൽ കഴിഞ്ഞുകൊണ്ട് ഇൻസ്റ്റഗ്രാമിലും ഫെയ്സ്ബുക്കിലും തുടർച്ചയായി വിഡിയോ സ്റ്റോറികൾ പങ്കുവച്ച് ആഭ്യന്തരമന്ത്രിയെയും പൊലീസിനെയും പരിഹസിക്കുകയും ചെയ്തു. ക്രിമിനൽ പശ്ചാത്തലങ്ങൾക്കും സമൂഹമാധ്യമ വെല്ലുവിളികൾക്കും ഇടയിലും, കുടുംബനാഥൻ എന്ന നിലയിൽ തന്റെ വികാരങ്ങളും പ്രതിസന്ധികളും ഇയാൾ പങ്കുവച്ചിരുന്നു.
എന്നാൽ അർജുൻ ആയങ്കിക്കെതിരെ ഭാര്യ ഉന്നയിച്ച പീഡന ആരോപണങ്ങൾ വലിയ രീതിയിൽ മാധ്യമ ശ്രദ്ധ നേടിയിരുന്നു. ഫെയ്സ്ബുക്ക് ലൈവിലൂടെയാണ് ഗുരുതരമായ ഗാർഹിക പീഡന ആരോപണങ്ങൾ വെളിപ്പെടുത്തിയത്.
വിവാഹത്തിനു മുൻപ് ഒരുമിച്ച് താമസിച്ച കാലയളവിൽ താൻ ഗർഭിണിയായപ്പോൾ അർജുൻ നിർബന്ധിച്ച് ഗർഭഛിദ്രം ചെയ്യിച്ചതായും, സ്വർണക്കടത്ത്, കുഴൽപ്പണ ഇടപാടുകളെക്കുറിച്ച് അറിവുണ്ടായിരുന്നുവെന്നും ഭാര്യ വെളിപ്പെടുത്തിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

