തലസ്ഥാനത്ത് വിവിധ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് മോഷണം പതിവാക്കിയ യുവാവ് പൊലീസിന്റെ പിടിയിലായി. വിളവൂർക്കൽ സ്വദേശിയായ ദീപു (39) ആണ് അറസ്റ്റിലായത്.
കാട്ടക്കടയിലെ ഒരു ക്ഷേത്രത്തിൽ നിന്നും വിളക്കുകളും ഓട്ടുരുളിയും മോഷ്ടിച്ച കേസിലാണ് പൊലീസ് നടപടി സ്വീകരിച്ചിരിക്കുന്നത്. ചൊവ്വാഴ്ച രാവിലെയാണ് കേസിനാസ്പദമായ സംഭവം നടന്നത്.
മലയിൻകീഴ് പെരുകാവ് കണ്ഠൻ ശാസ്താ ക്ഷേത്രത്തിന്റെ ചുറ്റുമതിലിനുള്ളിൽ അതിക്രമിച്ചുകടന്ന പ്രതി, നാല് നിലവിളക്കുകൾ, ഓട്ടുരുളി, ശംഖ് എന്നിവ മോഷ്ടിക്കുകയായിരുന്നു. സംഭവത്തിൽ ക്ഷേത്രഭാരോപികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് എത്തിയത്.
ക്ഷേത്രത്തിലും പരിസരത്തുമുള്ള സിസിടിവി ക്യാമറകൾ പരിശോധിച്ചതോടെ പ്രതി മോഷണത്തിനെത്തുന്നതും തിരികെ പോകുന്നതുമായ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. ഈ ദൃശ്യങ്ങളുടെ സഹായത്തോടെ പ്രതിയെ പിടികൂടിയ പൊലീസ്, ഇയാൾ വിറ്റഴിച്ച മോഷണ മുതലുകൾ കാട്ടാക്കടയിലെ ഒരു ആക്രിക്കടയിൽ നിന്നും കണ്ടെടുത്തു.
തുടർന്ന് നിയമനടപടികൾ പൂർത്തിയാക്കി പ്രതിയെ കോടതിയിൽ ഹാജരാക്കുകയും റിമാൻഡ് ചെയ്യുകയും ചെയ്തു. മലയിൻകീഴ്, പൂജപ്പുര, ഫോർട്ട്, ആലപ്പുഴ തുടങ്ങിയ വിവിധ സ്റ്റേഷൻ പരിധികളിൽ സമാന സ്വഭാവമുള്ള നിരവധി മോഷണ കേസുകളിൽ പ്രതിയാണ് ഇയാളെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

