കേരളത്തിലെ പാചകവാതക ഉപയോക്താക്കൾ കടുത്ത പ്രതിസന്ധിയിലേക്ക്. ഏജൻസികളിൽ നിന്ന് പാചകവാതക സിലിണ്ടർ വിതരണം 2 ദിവസത്തിൽ കൂടുതൽ വൈകിയാൽ ബുക്കിങ് റദ്ദാക്കുന്ന രീതി ആരംഭിച്ചതാണ് ജനങ്ങളെ ദുരിതത്തിലാക്കിയിരിക്കുന്നത്.
വരാനിരിക്കുന്ന ഓണക്കാലത്ത് ഇത് സംസ്ഥാനത്ത് എൽപിജി സിലിണ്ടർ ക്ഷാമത്തിന് കാരണമാകുമെന്ന ആശങ്കയും ശക്തമാണ്. ഉപയോക്താക്കൾ ബുക്ക് ചെയ്ത ശേഷം 2 ദിവസം കഴിഞ്ഞും ഏജൻസി വിതരണം ചെയ്തില്ലെങ്കിൽ, എണ്ണക്കമ്പനി തന്നെ നേരിട്ട് ബുക്കിങ് റദ്ദാക്കുന്ന പുതിയ സംവിധാനമാണ് നിലവിൽ നടപ്പിലാക്കിയിട്ടുള്ളത്.
ഇത്തരത്തിൽ പ്രതിദിനം 3000 സിലിണ്ടറുകൾ വരെ റദ്ദാക്കപ്പെടുന്നുണ്ടെന്നാണ് വിതരണ ഏജൻസികളുമായി ബന്ധപ്പെട്ട വ്യക്തമാക്കുന്നത്.
ഇതുമൂലം ഉപയോക്താക്കൾ വീണ്ടും പുതിയ ബുക്കിങ് നടത്തേണ്ട അവസ്ഥയാണ് സംജാതമായിരിക്കുന്നത്.
ഈ സാങ്കേതിക ബുദ്ധിമുട്ടുകൾ അറിയാതെ വിതരണ ഏജൻസികളുടെ ഓഫിസുകളിലും ജീവനക്കാരോട് നേരിട്ടും ഉപയോക്താക്കൾ തർക്കത്തിലേർപ്പെടുന്നത് നിത്യസംഭവമായി മാറിയിരിക്കുകയാണ്. പ്രത്യേകിച്ച് ബിപിസിഎല്ലിനു കീഴിലുള്ള ഏജൻസികളിലാണ് പ്രതിസന്ധി ഏറെ രൂക്ഷമായിരിക്കുന്നത്.
കേരളത്തിൽ മാത്രം ബിപിസിഎല്ലിന് നാനൂറോളം ഏജൻസികളാണുള്ളത്. കാലവർഷക്കെടുതിയും പ്രളയവും ഉൾപ്പെടെയുള്ള അടിയന്തര സാഹചര്യങ്ങൾ നിലനിൽക്കെ, ബുക്ക് ചെയ്യുന്ന മുഴുവൻ ആളുകൾക്കും രണ്ട് ദിവസത്തിനകം സിലിണ്ടർ എത്തിച്ചു നൽകുക അസാധ്യമാണെന്നാണ് ഏജൻസി അധികൃതർ ചൂണ്ടിക്കാണിക്കുന്നത്.
കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ നിർദേശപ്രകാരമാണ് ഈ നടപടിയെന്ന് പറയുന്നുണ്ടെങ്കിലും, ഇതുസംബന്ധിച്ച് ഔദ്യോഗികമായ രേഖാമൂലമുള്ള നിർദേശങ്ങളൊന്നും ലഭ്യമായിട്ടില്ല. വിഷയത്തിൽ ബിപിസിഎല്ലിന്റെ ഔദ്യോഗിക പ്രതികരണം ഇനിയും വന്നിട്ടില്ല.
ഇതിനൊപ്പം തന്നെ സിലിണ്ടർ ബുക്കിങ്ങുമായി ബന്ധപ്പെട്ട മറ്റ് നിയന്ത്രണങ്ങളും ഉപയോക്താക്കൾക്ക് തിരിച്ചടിയാകുന്നുണ്ട്.
ഗ്രാമീണ മേഖലകളിൽ 45 ദിവസവും നഗരപ്രദേശങ്ങളിൽ 25 ദിവസവും എന്ന ഇടവേള വ്യവസ്ഥ കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചല്ല നടപ്പിലാക്കുന്നത്. കാലക്രമേണ നഗരങ്ങളായി മാറിയ പല പ്രദേശങ്ങളിലെയും ഏജൻസികളെ പഴയകാല രേഖകളുടെ മാത്രം അടിസ്ഥാനത്തിൽ ഗ്രാമീണ മേഖലയായി തരംതിരിച്ചിരിക്കുകയാണ്.
ഇതിന്റെ ഫലമായി ഇത്തരം പ്രദേശങ്ങളിലെ ജനങ്ങൾക്ക് ആവശ്യാനുസരണം സിലിണ്ടർ ലഭിക്കുന്നില്ലെന്നും വ്യാപകമായ പരാതി ഉയരുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

