ക്ലാസ് മുറിയിൽ സംസാരിച്ചുവെന്നാരോപിച്ച് 9th-Grader ആയ വിദ്യാർഥിയെ അധ്യാപകൻ മുഖത്തടിച്ചതായി പരാതി. തൃക്കടീരി പിടിഎം ഹൈസ്കൂളിലെ ഒൻപതാംക്ലാസ് വിദ്യാർഥിയായ ആദിഷ്കൃഷ്ണയ്ക്ക് (14) ആണ് അധ്യാപകനിൽ നിന്നും മർദനമേറ്റത്.
സംഭവത്തെ തുടർന്ന് ദേഹാസ്വാസ്ഥ്യവും കടുത്ത വേദനയും അനുഭവപ്പെട്ട കുട്ടിയെ രക്ഷിതാക്കൾ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
മുൻപും ഈ അധ്യാപകൻ തന്നെ ഉപദ്രവിച്ചിട്ടുണ്ടെന്നും, അന്ന് മാതാപിതാക്കൾ സ്കൂളിലെ പ്രധാനാധ്യാപികയ്ക്ക് പരാതി നൽകിയിരുന്നുവെന്നും വിദ്യാർഥി വ്യക്തമാക്കി. മുഖത്ത് ശക്തമായ അടിയേറ്റതായും കടുത്ത വേദനയും നീര് വന്നിട്ടുണ്ടെന്നും കുട്ടി തന്റെ പിതാവായ മോഹൻദാസിനെ ഫോണിൽ വിളിച്ചറിയിച്ചിരുന്നു.
വിവരം അറിഞ്ഞ് സ്കൂളിലെത്തിയ പിതാവിനെതിരെയും പ്രസ്തുത അധ്യാപകൻ കയ്യേറ്റത്തിന് ശ്രമിച്ചതായി രക്ഷിതാക്കൾ ആരോപിക്കുന്നു. സംഭവത്തിൽ ചെർപ്പുളശ്ശേരി പൊലീസിനും ചൈൽഡ് ലൈനും ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ടെന്നും, അധ്യാപകനെതിരെ കർശനമായ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും കുടുംബം അറിയിച്ചു.
ആരോപണവിധേനായ അധ്യാപകൻ ചളവറ പഞ്ചായത്തംഗം കൂടിയാണ്. പരാതി ലഭിച്ചിട്ടുണ്ടെന്നും പ്രാഥമിക തലത്തിലുള്ള അന്വേഷണങ്ങൾ പൂർത്തിയാക്കിയ ശേഷമേ ഔദ്യോഗികമായി കേസ് രജിസ്റ്റർ ചെയ്യുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കൂ എന്നും ചെർപ്പുളശ്ശേരി പൊലീസ് വ്യക്തമാക്കി.
അധ്യാപകന്റെ നടപടിയിൽ പ്രതിഷേധിച്ച് എസ്എഫ്ഐയുടെ നേതൃത്വത്തിൽ ഇന്ന് സ്കൂളിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുന്നുണ്ട്. അതേസമയം, വിദ്യാർഥിയെ മർദിച്ചുവെന്ന പരാതി ഗൗരവത്തോടെ പരിശോധിച്ചുവരികയാണെന്നും സംഭവത്തിന്റെ യഥാർത്ഥ വസ്തുതകൾ എന്താണെന്ന് അന്വേഷിച്ച് കണ്ടെത്തുമെന്നും പ്രധാനാധ്യാപിക എം.വി.സുധ മാധ്യമങ്ങളോട് പ്രതികരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

