സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ ആലപ്പുഴ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെട്ടു. നഗരത്തിലെ പാലസ് റോഡ്, തിരുമല, ചുങ്കം, പള്ളാത്തുരുത്തി തുടങ്ങിയ പ്രദേശങ്ങളാണ് പൂർണ്ണമായും വെള്ളത്തിനടിയിലായത്.
കനാലുകളുടെയും തോടുകളുടെയും സമീപത്തുള്ള താമസസ്ഥലങ്ങളിലും കായലോര മേഖലകളിലുമാണ് ദുരിതം ഏറെ ഗുരുതരമായിരിക്കുന്നത്. തോടുകളും കനാലുകളും കൃത്യസമയത്ത് വൃത്തിയാക്കുന്നതിലും ആഴം കൂട്ടുന്നതിലുമുണ്ടായ വീഴ്ചയും, മുൻകരുതലോടെയുള്ള മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ പാളിയതുമാണ് നഗരത്തെ ഇത്തരത്തിലുള്ള പ്രതിസന്ധിയിലേക്ക് നയിച്ചതെന്ന് ആക്ഷേപമുണ്ട്.
കെഎസ്ആർടിസി സ്റ്റാൻഡിന് സമീപത്തുനിന്ന് അഗ്നിരക്ഷാ നിലയത്തിലേക്കുള്ള റോഡും, ജലസേചന വകുപ്പിന്റെ ഡ്രൈ ഡോക്ക് ആൻഡ് വർക്ഷോപ് സബ് ഡിവിഷൻ കെട്ടിടവും നിലവിൽ വെള്ളത്തിനടിയിലാണ്. ദുരിതബാധിതമായ പ്രദേശങ്ങളിലെ നിരവധി വീടുകളിൽ മുട്ടോളം വെള്ളം കയറിയതോടെ ജനങ്ങൾ വീടുകൾ ഉപേക്ഷിക്കാൻ നിർബന്ധിതരായി.
ഇതിൽ പലരും ബന്ധുക്കളുടെ വീടുകളിലേക്കും മറ്റ് സുരക്ഷിത കേന്ദ്രങ്ങളിലെ ദുരിതാശ്വാസ ക്യാംപുകളിലേക്കും ഇതിനോടകം മാറിത്താമസിച്ചു കഴിഞ്ഞു. കനാലുകളിൽ നിന്നും തോടുകളിൽ നിന്നും ഒരൊഴുക്കോടെ വെള്ളം ജനവാസ മേഖലകളിലേക്ക് ഇരച്ചുകയറുന്ന സാഹചര്യമാണ് നിലവിലുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

