ദില്ലി: കർശന ജാമ്യവ്യവസ്ഥകൾ ഏർപ്പെടുത്തുന്നത് ജാമ്യം നിഷേധിക്കുന്നതിന് തുല്യമാണെന്ന് സുപ്രീംകോടതിയുടെ സുപ്രധാന നിരീക്ഷണം. ലഹരിക്കേസിൽ മലയാളി നൽകിയ അപ്പീലിലാണ് ജസ്റ്റിസ് ജെബി പർദ്ദിവാലാ അധ്യക്ഷനായ ബെഞ്ചിന്റെ ഈ നിരീക്ഷണം ഉണ്ടായത്.
തമിഴ്നാട്ടിലെ തേനിയിൽ ലഹരിക്കേസിൽ അറസ്റ്റിലായ അതിരമ്പുഴ സ്വദേശിയായ ഫൈസൽ ആണ് സുപ്രീംകോടതിയെ സമീപിച്ചത്. ഈ കേസിൽ ഫൈസലിനെ പത്ത് വർഷത്തെ തടവിന് വിചാരണക്കോടതി വിധിച്ചിരുന്നു.
ഇതിനെതിരെ നൽകിയ അപ്പീലിൽ മദ്രാസ് ഹൈക്കോടതി ശിക്ഷ മരവിപ്പിച്ചെങ്കിലും കർശന ജാമ്യവ്യവസ്ഥകൾ ഏർപ്പെടുത്തുകയായിരുന്നു. സർക്കാർ ജീവനക്കാർ ജാമ്യം നിൽക്കണമെന്നും, പ്രതി വീണ്ടും കുറ്റം ചെയ്യില്ലെന്ന് സർക്കാർ ജീവനക്കാർ എഴുതി നൽകണമെന്നുമായിരുന്നു ഹൈക്കോടതിയുടെ പ്രധാന വ്യവസ്ഥ.
കൂടാതെ, തേനി പൊലീസ് സ്റ്റേഷനിൽ എല്ലാ ദിവസവും പത്തരയ്ക്ക് ഹാജരാകണമെന്നും വ്യവസ്ഥയിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ ഈ വ്യവസ്ഥകൾ പ്രായോഗികമല്ലെന്ന് വ്യക്തമാക്കിക്കൊണ്ട് ഫൈസൽ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
ഈ അപ്പീൽ അംഗീകരിച്ചാണ് കോടതി കർശന വ്യവസ്ഥകൾ റദ്ദാക്കിക്കൊണ്ട് ജാമ്യം അനുവദിക്കാൻ ഉത്തരവിട്ടത്. കേസിൽ പ്രതിയായ ഫൈസലിനായി അഭിഭാഷകൻ എം ആർ അഭിലാഷ് കോടതിയിൽ ഹാജരായി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

