പുത്തൂർ ∙ കല്ലടയാറ്റിൽ വീണു കുത്തൊഴുക്കിൽപെട്ട വീട്ടമ്മയെ ജീവന്റെ തീരത്തേക്കു പിടിച്ചുകയറ്റി യുവാക്കൾ രക്ഷകരായി.
ആറ്റുതീരത്തു താമസിക്കുന്ന ഏറത്തുകുളക്കട കണ്ണങ്കോട്ട് വീട്ടിൽ ഉണ്ണിക്കൃഷ്ണനും വടശേരിൽ വീട്ടിൽ വിശാഖുമാണു സമയോചിതമായ രക്ഷാദൗത്യത്തിലൂടെ ഒരു ജീവൻ കാത്തത്.
ബുധൻ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു സംഭവം. ആറിന്റെ മറുകരയിൽ നിന്ന് ഉച്ചത്തിലുള്ള നിലവിളി കേട്ട് ആദ്യം ഉണ്ണിക്കൃഷ്ണനാണ് ആറ്റുതീരത്തേക്ക് ഓടിയത്.
ഒരു കയറും കയ്യിലെടുത്തിരുന്നു. മഴയിൽ വെള്ളമുയർന്നു ചുഴലിയും മലരിയുമായി ഒഴുകുന്ന ആറ്റിലൂടെ മുങ്ങിയും പൊങ്ങിയും ഒഴുകുന്ന ഒരു സ്ത്രീയെയാണ് ഉണ്ണിക്കൃഷ്ണൻ കണ്ടത്.
അപ്പോഴേക്കും വിശാഖും പിന്നാലെയെത്തി. കുളക്കട- ഇളങ്ങമംഗലം തൂക്കുപാലത്തിന് സമീപമെത്തിയപ്പോഴേക്കും ഒഴുക്കിന്റെ ശക്തിയിൽ സ്ത്രീ മറുകരയിലേക്ക് അടുത്തു.
വെള്ളത്തിലേക്ക് ചാഞ്ഞുകിടന്ന വള്ളിപടർപ്പിൽ പിടിത്തവും കിട്ടി. അപ്പോഴേക്കും സ്ഥലത്തെത്തിയ ഏറത്തുകുളക്കട
വാർഡംഗം സുജിത്കുമാർ പടർപ്പിൽ നിന്നു പിടി വിടല്ലേ എന്നും രക്ഷിക്കാൻ ആളെത്തുന്നുണ്ടെന്നും വിളിച്ചു പറയുന്നുണ്ടായിരുന്നു. ഏനാത്ത് പാലത്തിന്റെ ഭാഗത്തുൾപ്പെടെ രക്ഷാപ്രവർത്തകരെ ക്രമീകരിച്ചിട്ടായിരുന്നു സുജിത്കുമാറിന്റെ വരവ്.
ഒഴുക്കു ശക്തമായിരുന്നെങ്കിലും വള്ളിപ്പടർപ്പിൽ പിടിവിടാതെ കിടന്ന സ്ത്രീയെ ഉണ്ണിക്കൃഷ്ണനും വിശാഖും ചേർന്നു കയർ എറിഞ്ഞുകൊടുത്ത് രക്ഷപ്പെടുത്തുകയായിരുന്നു. അപ്പോഴേക്കും നാട്ടുകാരും ഓടിയെത്തി സഹായിച്ചു.
ഏനാത്ത് പൊലീസെത്തി ഇവരെ അടൂർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അന്തമണിനു സമീപത്തെ മൂഴിക്കൽ കടവിൽ നിന്നാണ് ഇവർ വെള്ളത്തിൽ വീണത്.
ഇവിടെ നിന്നു തൂക്കുപാലം വരെ ഒരു കിലോമീറ്ററിലേറെ ദൂരമുണ്ട്. കയർ എറിഞ്ഞു നൽകാൻ വീണ്ടും വൈകിയിരുന്നെങ്കിൽ വള്ളിപ്പടർപ്പിലെ പിടി വിട്ടു വീണ്ടും താഴേക്കു പോകുമായിരുന്നു എന്ന് ഇവർ നാട്ടുകാരോടു പറഞ്ഞു.
സ്വകാര്യ ബാങ്കിലെ ജീവനക്കാരനാണ് ഉണ്ണിക്കൃഷ്ണൻ. എൻജിനീയറിങ് വിദ്യാർഥിയാണ് വിശാഖ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

