സംസ്ഥാനത്ത് പുതിയ സംരംഭങ്ങൾക്ക് തുടക്കമിടുന്നതിനും എം.എസ്.എം.ഇ മേഖലയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുമായി കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ (കെഎഫ്സി) നടപ്പാക്കുന്ന മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതിയുടെ (CMEDP) മൂന്നാം പതിപ്പ് പ്രഖ്യാപിച്ചു. പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനവും ആദ്യ ഗഡു വായ്പാ വിതരണവും മുഖ്യമന്ത്രി വി ഡി സതീശൻ ഓഗസ്റ്റ് 6ന് നിർവഹിക്കുമെന്ന് അധികൃതർ അറിയിച്ചു.
തിരുവനന്തപുരം തൈക്കാടുള്ള ലെമൺ ട്രീ പ്രീമിയർ ഹോട്ടലിൽ ഉച്ചയ്ക്ക് 12 മണിക്കാണ് ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്. സംരംഭകരെ സാമ്പത്തികമായി ശാക്തീകരിക്കുക, സംസ്ഥാനത്ത് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പദ്ധതി വിപുലീകരിച്ചിരിക്കുന്നത്.
പുതിയതും നിലവിലുള്ളതുമായ സംരംഭങ്ങൾക്ക് വെറും 6 ശതമാനം പലിശനിരക്കിൽ പരമാവധി 5 കോടി രൂപ വരെ വായ്പ ലഭ്യമാക്കുന്നതാണ് നവീകരിച്ച പദ്ധതി. മുൻപ് ഇത് 2 കോടി രൂപയായിരുന്നു.
മൊത്തം പദ്ധതി ചെലവിന്റെ 90 ശതമാനം വരെ വായ്പയായി ലഭിക്കുന്ന പദ്ധതിയിൽ ഒരു വർഷം വരെ മോറട്ടോറിയം സൗകര്യവും ഉൾപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ വ്യാവസായിക വളർച്ചയ്ക്ക് കരുത്തേകുന്നതിന്റെ ഭാഗമായി കെ.എഫ്.സി.യുടെ വായ്പാ പരിധി 50 കോടി രൂപയിൽ നിന്ന് 100 കോടി രൂപയായി സർക്കാർ ഉയർത്തിയിട്ടുണ്ട്.
ചടങ്ങിൽ ആരോഗ്യ, ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരൻ അധ്യക്ഷത വഹിക്കും. ഗതാഗത വകുപ്പ് മന്ത്രി സി പി ജോൺ മുഖ്യാതിഥിയാകും.
കെ.എഫ്.സി.യുടെ വിവിധ കാർഡുകളുടെ വിതരണവും മികച്ച ശാഖയ്ക്കുള്ള പുരസ്കാര സമർപ്പണവും ചടങ്ങിൽ നടക്കും. കെ.എഫ്.സി.
മാനേജിംഗ് ഡയറക്ടർ ഉമേഷ് എൻ എസ് കെ സ്വാഗതവും ജനറൽ മാനേജർ രഞ്ജിത് കുമാർ ഇ ആർ നന്ദിയും രേഖപ്പെടുത്തും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

