സ്മാർട്ട്ഫോൺ നിർമ്മാണ രംഗത്ത് നിലവിലുള്ള പ്രതിസന്ധികൾക്കിടയിൽ, പ്രമുഖ ബ്രാൻഡായ നതിങ് (Nothing) സ്മാർട്ട്ഫോൺ വിപണിയിൽ നിന്നും പിന്മാറാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ പുറത്തുവരുന്നു. അമേരിക്കൻ വിപണിയിൽ നിന്നും വൺപ്ലസ് പിന്മാറിയതിന് പിന്നാലെയാണ് നതിങ്ങിന്റെ ഭാവി സംബന്ധിച്ചും ആശങ്കകൾ ഉയരുന്നത്.
യൂറോപ്പ് ഉൾപ്പെടെയുള്ള പ്രധാന വിപണികളിൽ നിന്നും കമ്പനി ഉടൻ പിൻവാങ്ങിയേക്കുമെന്നാണ് സൂചനകൾ. ആൻഡ്രോയിഡ് അപ്ഗ്രേഡുകളുടെ ചെലവ് വർദ്ധിപ്പിച്ച മെമ്മറി പ്രതിസന്ധിയാണ് ഈ മാറ്റങ്ങൾക്ക് കാരണമെന്ന് വിലയിരുത്തപ്പെടുന്നു.
നതിങ് ഫോൺ (4ബി) മോഡലിന്റെ വിൽപന പ്രതീക്ഷിച്ചത്ര വിജയം കണ്ടിരുന്നില്ല. ഈ വർഷത്തിന്റെ തുടക്കത്തിൽ പുറത്തിറങ്ങിയ നതിങ് ഫോൺ (4എ) പ്രോ ഉൾപ്പെടെയുള്ള മോഡലുകളുടെ വിൽപനയും കുറഞ്ഞ അളവിലായിരുന്നു.
ലാഭകരമല്ലാത്ത ചില പ്രദേശങ്ങളിൽ നിന്ന് കമ്പനി പ്രവർത്തനം അവസാനിപ്പിക്കുകയാണെന്നാണ് വിവരം. എന്നാൽ ഈ അഭ്യൂഹങ്ങൾ നതിങ് ഔദ്യോഗികമായി നിഷേധിച്ചിട്ടുണ്ട്.
വിപണിയിൽ നിന്ന് പിന്മാറുന്നില്ലെന്ന് വ്യക്തമാക്കിയെങ്കിലും കമ്പനിയിൽ തൊഴിലാളികളെ വെട്ടിക്കുറയ്ക്കുന്ന നടപടികൾ നടക്കുന്നുണ്ടെന്ന് അവർ സ്ഥിരീകരിച്ചിട്ടുണ്ട്. പിന്മാറ്റത്തിന്റെ അഭ്യൂഹങ്ങൾക്കിടയിലും 2026 നതിങ്ങിനെ സംബന്ധിച്ച് ശാന്തമായ ഒരു വർഷമായിരിക്കുമെന്നാണ് കരുതുന്നത്.
2027 വരെ നതിങ് ഫോൺ 3 യുടെ പിൻഗാമി വിപണിയിൽ എത്തില്ലെന്ന് കമ്പനി നേരത്തെ വ്യക്തമാക്കിയിരുന്നു. അതുകൊണ്ടുതന്നെ അടുത്തകാലത്തൊന്നും ബ്രാൻഡിന് ഫ്ലാഗ്ഷിപ്പ് ഫോണുകൾ ഉണ്ടാകില്ല.
കൂടാതെ, കമ്പനിയുടെ ബജറ്റ് നിരയിലുള്ള സിഎംഎഫ് (CMF) ബ്രാൻഡും 2026-ൽ ഫ്ലാഗ്ഷിപ്പ് ഫോണുകൾ പുറത്തിറക്കില്ലെന്ന് അറിയാൻ കഴിഞ്ഞിട്ടുണ്ട്. ഫോണുകളുടെ ഹാർഡ്വെയർ തകരാറുകളല്ല നതിങ് നേരിടുന്ന പ്രധാന പ്രശ്നം.
മികച്ച രൂപകൽപ്പനയും കരുത്തുമുള്ള ആൻഡ്രോയിഡ് ഫോണുകളാണ് ഇവരുടേത്. സാംസങ് ഗാലക്സി എ (Samsung Galaxy A) അല്ലെങ്കിൽ ഗൂഗിൾ പിക്സൽ എ (Google Pixel A) ഫോണുകളെ അപേക്ഷിച്ച് മികച്ച സൂം ക്യാമറകളും ബജറ്റ് ഫ്രണ്ട്ലി ഫീച്ചറുകളും നതിങ് ഫോണുകൾ നൽകുന്നുണ്ട്.
എന്നിട്ടും ഉപഭോക്താക്കൾ ഈ ഫോണുകൾ വാങ്ങാൻ മടിക്കുന്നതിന് പിന്നിൽ സങ്കീർണ്ണമായ പേരിടൽ രീതികളും ഒരു കാരണമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. നതിങ് ഫോൺ (4എ), നതിങ് ഫോൺ (4ബി) തുടങ്ങിയ പേരുകൾ സാധാരണക്കാരായ സാങ്കേതികവിദ്യ ഉപഭോക്താക്കൾക്ക് ആശയക്കുഴപ്പം സൃഷ്ടിക്കുന്നുണ്ട്.
നുറേക്കൽ വാല്യൂ പരിശോധിക്കുമ്പോൾ ഫോൺ (4എ) എന്നത് ഫോൺ (3)-നേക്കാൾ വലുതാണെങ്കിലും, ‘എ’ (a) സഫിക്സ് കുറഞ്ഞ നിലവാരമുള്ള മോഡലിനെയാണ് സൂചിപ്പിക്കുന്നത് എന്ന് സാധാരണക്കാർക്ക് മനസ്സിലാകണമെന്നില്ല. അതുപോലെ, ആമസോണിൽ നിന്നും ഫോണുകൾ വാങ്ങുന്ന സാധാരണ ഉപഭോക്താക്കൾക്ക് ഫോൺ (4ബി) എന്നത് (4എ)-യുടെ പുതിയതും മെച്ചപ്പെട്ടതുമായ പതിപ്പാണെന്ന തെറ്റായ ധാരണ ഉണ്ടാകാൻ സാധ്യതയുണ്ട്.
പേരിടൽ രീതികളിലെ അവ്യക്തതകൾ മാറ്റിയാൽ പോലും നിലവിലുള്ള വിപണി പ്രതിസന്ധികൾ ഒറ്റരാത്രികൊണ്ട് പരിഹരിക്കപ്പെടില്ല. എങ്കിലും സാങ്കേതികവിദ്യയുടെ വർദ്ധിച്ചുവരുന്ന ചെലവുകൾക്കിടയിൽ സാധാരണക്കാരിലേക്ക് എത്തിച്ചേരാൻ ലളിതമായ പേരിടൽ രീതികൾ കമ്പനികൾ സ്വീകരിക്കേണ്ടതുണ്ട്.
വരുംകാലങ്ങളിൽ വിപണിയിലെത്തുന്ന പുതിയ മോഡലുകളിലൂടെ ഉപഭോക്താക്കളുടെ ഈ ആശയക്കുഴപ്പങ്ങൾ പരിഹരിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

