തിരുവനന്തപുരം വിമാനത്താവളത്തിന്റെ നാലു കിലോമീറ്റർ ചുറ്റളവിൽ മാലിന്യങ്ങൾ നിക്ഷേപിക്കുന്നത് കർശനമായി തടയുന്നതിന്റെ ഭാഗമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രത്യേക സ്ക്വാഡിന്റെ നിരീക്ഷണം ഏർപ്പെടുത്തിയതായി കോർപറേഷൻ സെക്രട്ടറി മനുഷ്യാവകാശ കമ്മിഷനെ അറിയിച്ചു. സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ചെയർപഴ്സൻ ജസ്റ്റിസ് അലക്സാണ്ടർ തോമസിന്റെ നിർദേശാനുസരണമാണ് ഈ നടപടി സ്വീകരിച്ചിരിക്കുന്നത്.
കഴിഞ്ഞവർഷം ഏപ്രിൽ 15 ന് തിരുവനന്തപുരം വിമാനത്താവളത്തിന് സമീപം ഒമാൻ എയർവേയ്സ് വിമാനത്തിൽ പരുന്തിടിച്ച് എൻജിന് കേടുപാട് സംഭവിച്ചതുമായി ബന്ധപ്പെട്ട് വന്ന വാർത്തകളുടെ അടിസ്ഥാനത്തിൽ സമർപ്പിച്ച പരാതിയിലാണ് ഈ കർശന നടപടി. പ്രദേശത്തെ വീടുകളിൽ നിന്നും അജൈവമാലിന്യം ശേഖരിച്ച് പൂർണതോതിൽ സംസ്കരിക്കുന്നതിനായി ഹരിതകർമ സേനയെ രംഗത്തിറക്കിയിട്ടുണ്ടെന്ന് കോർപറേഷൻ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ഇതിന്റെ ഭാഗമായി പ്രദേശത്തെ വീടുകളിൽ കിച്ചൺ ബിൻ സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. ജൈവമാലിന്യ സംസ്കരണം കൂടുതൽ എളുപ്പമാക്കുന്നതിനായി വള്ളക്കടവ് സുലൈമാൻ സ്ട്രീറ്റ്, എൻഎസ് ഡിപ്പോ എന്നിവിടങ്ങളിൽ അഞ്ച് എയറോബിക് ബിന്നുകളും സ്ഥാപിച്ചിട്ടുണ്ട്.
ഈ കേസ് പരിഗണിച്ച വേളയിൽ നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർ നേരിട്ട് ഹാജരായി. ഭാവിയിൽ ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ വിമാനത്താവളത്തിന് സമീപമുള്ള പ്രദേശങ്ങളിൽ യാതൊരു കാരണവശാലും അജൈവ മാലിന്യങ്ങൾ നിക്ഷേപിക്കപ്പെടുന്നില്ലെന്ന് നഗരസഭാ അധികൃതർ ഉറപ്പുവരുത്തണമെന്ന് ജസ്റ്റിസ് അലക്സാണ്ടർ തോമസ് കർശന നിർദേശം നൽകി.
പ്രശസ്ത മനുഷ്യാവകാശ പ്രവർത്തകനായ രാഗം റഹീം സമർപ്പിച്ച പരാതിയിലാണ് കമ്മിഷന്റെ ഈ സുപ്രധാന ഇടപെടൽ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

