ഡിജിറ്റൽ ഇന്ത്യയുടെ അടിസ്ഥാന ശിലയായ യുപിഐ ഇടപാടുകളിൽ ഭാവിയിൽ സേവന നിരക്കുകൾ ഏർപ്പെടുത്താനുള്ള സാധ്യത പൂർണ്ണമായും തള്ളിക്കളയാതെ റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര. പണനയ പ്രഖ്യാപനത്തിന് ശേഷം നടന്ന വാർത്താ സമ്മേളനത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഡിജിറ്റൽ ഇടപാടുകളിലെ ഭാവി നയങ്ങളെക്കുറിച്ചുള്ള നിലപാട് വ്യക്തമാക്കിയത്.
വൻകിട ബിസിനസ് ഇടപാടുകൾക്ക് വ്യാപാരികളിൽ നിന്നും ചെറിയ തോതിൽ സേവന ഫീസ് ഈടാക്കാൻ അനുമതി നൽകുന്ന പെയ്മെന്റ് ആൻഡ് സെറ്റിൽമെന്റ് സിസ്റ്റംസ് ആക്ട് ഭേദഗതി ബിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്റിൽ അവതരിപ്പിച്ച പശ്ചാത്തലത്തിലാണ് ഗവർണറുടെ ഈ പ്രതികരണം വന്നിരിക്കുന്നത്.
സേവന നിരക്ക് ഈടാക്കുന്നതുമായി ബന്ധപ്പെട്ട് അന്തിമമായ തീരുമാനമെടുക്കാനുള്ള സമയം ഇതുവരെ എത്തിയിട്ടില്ലെന്ന് സഞ്ജയ് മൽഹോത്ര ചൂണ്ടിക്കാട്ടി. നിലവിൽ സർക്കാരിന്റെ നിയമഭേദഗതി നടപടികൾ പുരോഗമിക്കുകയാണ്.
രാജ്യത്തെ ഡിജിറ്റൽ പൊതുസംവിധാനങ്ങൾ കൂടുതൽ ശക്തമായി മുന്നോട്ടു പോകണമെന്നാണ് എല്ലാവരുടെയും ആഗ്രഹമെന്നും എന്നാൽ ഈ സംവിധാനങ്ങളുടെ പ്രവർത്തനച്ചെലവ് ആരെങ്കിലും വഹിച്ചേതീരൂ എന്നും അദ്ദേഹം വ്യക്തമാക്കി. നിലവിൽ സർക്കാരും ബാങ്കുകളുമാണ് ഈ സാമ്പത്തിക ഭാരം മുഴുവൻ കൈകാര്യം ചെയ്യുന്നത്.
ഭാവിയിൽ ഇത്തരം കാര്യങ്ങൾ എങ്ങനെ മുന്നോട്ട് കൊണ്ടുപോകണം എന്നത് സംബന്ധിച്ച് സർക്കാരുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബാങ്കിംഗ് മേഖലയിൽ നിന്നും ലഭ്യമാകുന്ന സൂചനകൾ പ്രകാരം സാധാരണക്കാരായ സാധാരണ ഉപയോക്താക്കൾക്ക് ഈ നിരക്ക് വർദ്ധന ബാധകമാകില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.
ക്യു.ആർ കോഡ് സ്കാൻ ചെയ്ത് പണമിടപാടുകൾ നടത്തുന്ന ഉപയോക്താക്കൾക്ക് ഈ സേവനം പൂർണ്ണമായും സൗജന്യമായി തുടരും. കൂടാതെ, പ്രതിവർഷം 1.5 കോടി രൂപയിൽ താഴെ വിറ്റുവരവുള്ള ചെറുകിട
വ്യാപാരികളെയും ഇത്തരം സേവന നിരക്കുകളിൽ നിന്ന് ഒഴിവാക്കിയേക്കും. എന്നാൽ, പ്രതിവർഷം 1.5 കോടി രൂപയിൽ കൂടുതൽ വിറ്റുവരവുള്ള സൂപ്പർമാർക്കറ്റുകൾ, വൻകിട
ബിസിനസ് സ്ഥാപനങ്ങൾ എന്നിവരിൽ നിന്ന് 2,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്ക് 0.3% മുതൽ 0.5% വരെ നിരക്ക് ഈടാക്കാനാണ് ആലോചന നടക്കുന്നത്. ഡിജിറ്റൽ ഇടപാടുകൾ വ്യാപകമാക്കുന്നതിന്റെ ഭാഗമായി 2020 മുതൽ യുപിഐ സേവനങ്ങൾക്ക് സർക്കാർ പൂർണ്ണമായും നിരക്ക് ഒഴിവാക്കിയിരുന്നു.
എന്നാൽ പ്രതിമാസം കോടിക്കണക്കിന് ഇടപാടുകളാണ് യുപിഐ ശൃംഖല വഴി നടക്കുന്നത്. ഈ സംവിധാനം തടസ്സങ്ങളില്ലാതെ മുന്നോട്ടു കൊണ്ടുപോകാൻ ബാങ്കുകൾക്കും ഗൂഗിൾ പേ, ഫോൺപേ തുടങ്ങിയ പ്ലാറ്റ്ഫോമുകൾക്കും വലിയ തുകയാണ് ചെലവാകുന്നത്.
പുതിയ സേവന നിരക്കുകൾ നിലവിൽ വരുന്നതോടെ ഈ മേഖലയിൽ കൂടുതൽ സാങ്കേതിക മുന്നേറ്റങ്ങളും മെച്ചപ്പെട്ട സുരക്ഷാ സംവിധാനങ്ങളും ഉറപ്പാക്കാൻ കമ്പനികൾക്ക് സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

