മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐ.പി.എൽ) പ്രഥമ സീസൺ മുതൽ ക്രിക്കറ്റ് ആരാധകർക്കിടയിൽ പ്രചരിച്ചിരുന്ന ഗോസിപ്പുകളിൽ ഒടുവിൽ പ്രതികരണവുമായി മുൻ ഓസ്ട്രേലിയൻ പേസ് ഇതിഹാസം ബ്രെറ്റ് ലീ. ബോളിവുഡ് നടിയും പഞ്ചാബ് കിംഗ്സ് (പഴയ കിംഗ്സ് ഇലവൻ പഞ്ചാബ്) ഉടമയുമായ പ്രീതി സിന്റയുമായി പ്രണയത്തിലായിരുന്നുവെന്ന വാദങ്ങൾ അദ്ദേഹം പൂർണ്ണമായും തള്ളിക്കളഞ്ഞു.
അന്നും ഇന്നും തങ്ങൾ നല്ല സുഹൃത്തുക്കൾ മാത്രമാണെന്നും ഒരു ബോളിവുഡ് നടിയുമായും താൻ ഡേറ്റിംഗിൽ ഏർപ്പെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബോംബെ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് ബ്രെറ്റ് ലീ കാര്യങ്ങൾ വിശദീകരിച്ചത്.
പ്രചരിച്ചതെല്ലാം തെറ്റായ വാർത്തകളാണെന്ന് അദ്ദേഹം പറഞ്ഞു. പഞ്ചാബ് ടീമിന്റെ ഫ്രാഞ്ചൈസി ഉടമ എന്ന നിലയിൽ അവിശ്വസനീയമാംവിധം ബുദ്ധിമതിയായ ഒരു സ്ത്രീയാണ് പ്രീതി സിന്റയെന്നും അവരോട് തനിക്ക് വലിയ ബഹുമാനമുണ്ടെന്നും ലീ കൂട്ടിച്ചേർത്തു.
യാഥാർത്ഥ്യം എന്താണെന്ന് കൃത്യമായി അറിയാമായിരുന്നതിനാൽ ഇത്തരം വ്യാജ പ്രചരണങ്ങൾ തന്നെ മാനസികമായി ബാധിച്ചിട്ടില്ലെന്നും ആളുകൾക്ക് എന്ത് വേണമെങ്കിലും ഊഹിക്കാമെന്നും ലീ വ്യക്തമാക്കി. 2008-ൽ പഞ്ചാബ് ടീമിനായി കളിക്കാൻ എത്തിയതോടെയാണ് ബ്രെറ്റ് ലീയും പ്രീതി സിന്റയും പ്രണയത്തിലാണെന്ന രീതിയിൽ വാർത്തകൾ വരാൻ തുടങ്ങിയത്.
2010-ൽ തന്നെ പ്രീതി സിന്റ ഈ വാർത്തകൾ തള്ളിക്കളഞ്ഞിരുന്നെങ്കിലും ബ്രെറ്റ് ലീ ഇത്രയും കാലം വിഷയത്തിൽ മൗനം പാലിക്കുകയായിരുന്നു. നിലവിൽ കുടുംബത്തോടൊപ്പം കഴിയുന്ന ബ്രെറ്റ് ലീ, ക്രിക്കറ്റ് കമന്റേറ്ററായും വിവിധ ലീഗ് മത്സരങ്ങളിലും സജീവമായി തുടരുന്നു.
അതേസമയം, സണ്ണി ഡിയോളിനൊപ്പം ‘ബട്വാര 1947’ എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് തിരിച്ചെത്താനുള്ള ഒരുക്കത്തിലാണ് പ്രീതി സിന്റ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

