കണ്ണൂർ ജില്ലയിലെ ചെറുപുഴയിൽ രണ്ട് പേരുടെ ജീവൻ രക്ഷിക്കുന്നതിനിടയിൽ ജീവൻ വെടിഞ്ഞ ദുരന്ത രക്ഷാപ്രവർത്തകന്റെ വിയോഗത്തിന്റെ നടുക്കത്തിലാണ് നാട്. തിരുവനന്തപുരം നേമം കല്ലിയൂർ കിഴക്കേതെറ്റിവിള ആർ.രാജേഷ് (36) ആണ് ദാരുണമായി മരണപ്പെട്ടത്.
പുളിങ്ങോം മീന്തുള്ളിയിൽ പുഴയ്ക്കും കർണാടക വനത്തിനുമിടയിലെ കൃഷിയിടത്തിൽ അകപ്പെട്ട കോലുവള്ളിയിലെ ശബനിയിൽ ബെന്നിയെ (61) സുരക്ഷിതമായി കരയിലെത്തിക്കുന്നതിനിടയിലാണ് അപകടമുണ്ടായത്.
വനത്തിൽ ഉരുൾപൊട്ടിയതറിഞ്ഞ് കൃഷിയിടത്തിലേക്ക് എത്തിയതായിരുന്നു ബെന്നി. മലവെള്ളപ്പാച്ചിലിൽ വെള്ളം കഴുത്തൊപ്പം ഉയർന്നതിനെ തുടർന്ന് തെങ്ങിൽ പിടിച്ചുനിന്ന ബെന്നിയെ രക്ഷിക്കാനായി രാജേഷും മറ്റ് രണ്ട് പേരും ചേർന്ന് വടം തെങ്ങിൽ കെട്ടി അതിൽ പിടിച്ച് കരയ്ക്കെത്തിക്കാൻ ശ്രമിക്കുകയായിരുന്നു.
ബെന്നി മുന്നിലും, പിന്നിലായി രക്ഷാപ്രവർത്തകരായ ഷിബിൻ, ജിതിൻ എന്നിവരും ഏറ്റവും ഒടുവിലായി രാജേഷും കയറിൽ തൂങ്ങി വരുന്നതിനിടയിലാണ് രാജേഷ് ഒഴുക്കിൽപെട്ടത്. സാഹസികത ഏറെ ഇഷ്ടപ്പെട്ടിരുന്ന രാജേഷ് ഏതൊരു ദുരന്തമുഖത്തും ധൈര്യത്തോടെ ഓടിയെത്തുന്ന പ്രകൃതക്കാരനായിരുന്നു.
അഡ്വഞ്ചർ ഡിസാസ്റ്റർ സൊസൈറ്റിയിൽ അംഗമായ അദ്ദേഹം ഒരുമാസം മുൻപാണ് കണ്ണൂരിലേക്ക് പരിശീലകനായി എത്തിയത്. ത്രോബോൾ ദേശീയ ടീം അംഗം കൂടിയായിരുന്നു.
മുൻപ് പ്രളയകാലത്തും വയനാട് ദുരന്തത്തിലും സജീവമായി രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളിയായിട്ടുണ്ട്. എൻസിസി കെഡറ്റുകളുടെ ട്രെക്കിങ് പരിശീലകനായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
രാജശേഖരൻ–ഗീത ദമ്പതികളുടെ മകനാണ്. ഭാര്യ: ഷാഫിയ.
മക്കൾ: ആർഷൻ, അഭിഷേക്. രണ്ട് വർഷം മുൻപ് രാജേഷിന്റെ ഇളയ സഹോദരൻ രഞ്ജിത് ട്രെയിനിൽനിന്നു വീണ് മരണപ്പെട്ടിരുന്നു.

