യേമൻ തീരത്തുണ്ടായ സായുധ ആക്രമണത്തിൽ ഇന്ത്യൻ പതാകയേന്തിയ ചരക്കുകപ്പൽ തകർന്നു കടലിൽ താഴ്ന്നു. യേമന്റെ പടിഞ്ഞാറൻ മേഖലയോട് ചേർന്ന് സനാ കേന്ദ്രീകരിച്ചുള്ള സംഭവത്തിലാണ് എംഎസ്വി ഫൈസെ നൂർ ഒലിയ എന്ന കപ്പൽ അപകടത്തിൽപ്പെട്ടത്.
ഹൂതി വിമതരുടെ നിയന്ത്രണത്തിലുള്ള ഹുദൈദ നഗരത്തിന് 13 നോട്ടിക്കൽ മൈൽ തെക്കുഭാഗത്തുവെച്ചാണ് ആക്രമണം അരങ്ങേറിയത്. കപ്പലിൽ ഉണ്ടായിരുന്ന 13 ഇന്ത്യക്കാർ ഉൾപ്പെടെയുള്ള 14 നാവികരെയും സൈനിക വിഭാഗങ്ങളുടെ സംയുക്ത നീക്കത്തിലൂടെ സുരക്ഷിതമായി കരയിലെത്തിക്കാൻ സാധിച്ചതായി യേമൻ നാഷണൽ റസിസ്റ്റൻസ് ഫോഴ്സ് വ്യക്തമാക്കി.
പരിക്കേറ്റവർക്ക് അടിയന്തര വൈദ്യസഹായം ലഭ്യമാക്കിയതായും അധികൃതർ കൂട്ടിച്ചേർത്തു. കോസ്റ്റ് ഗാർഡും നേവി യൂണിറ്റും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനത്തിലാണ് നാവികരെ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചത്.
ഈ വിഷയത്തിൽ കേന്ദ്ര സർക്കാർ കടുത്ത ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. യാതൊരുവിധ പ്രകോപനവുമില്ലാതെ പ്രതിരോധശേഷിയില്ലാത്ത കപ്പലുകൾക്കുനേരെ നടക്കുന്ന ഇത്തരം അതിക്രമങ്ങൾ അപലപനീയമാണെന്ന് കേന്ദ്ര ഷിപ്പിങ് മന്ത്രി സർബാനന്ദ സോനോവാൾ പ്രതികരിച്ചു.
‘ ഇന്ത്യൻ എംഎസ്വി ഫൈസെ നൂർ ഒലിയ കപ്പൽ യെമൻ കടലിൽവച്ച് ആക്രമണത്തിനിരയാകുകയും കപ്പൽ മുങ്ങുകയും ചെയ്തിരിക്കുന്നു. പ്രതിരോധിക്കാൻ സജ്ജരല്ലാത്ത ചരക്കു കപ്പലുകൾക്കുനേരെ പ്രകോപനമില്ലാതെ നടക്കുന്ന ആക്രമണങ്ങളെ ഇന്ത്യ ശക്തമായി അപലപിക്കുന്നു.
ഞങ്ങളുടെ ജനങ്ങളുടെ സുരക്ഷയ്ക്കാണ് ഏറ്റവും മുൻഗണന നൽകുന്നത്. 13 ഇന്ത്യക്കാരടക്കം 14 നാവികരെ സുരക്ഷിതരായി രക്ഷിച്ചുവെന്നറിഞ്ഞതിൽ ആശ്വാസമുണ്ട്.
ഇന്ത്യൻ നാവികരുടെ സുരക്ഷ ഉറപ്പുവരുത്താനും വേണ്ട സഹായങ്ങൾ നൽകാനും മറ്റ് ഏജൻസികളുമായി ചേർന്ന് പ്രവർത്തിക്കാൻ ഡയറക്ടർ ജനറൽ മാരിടൈം അഡ്മിനിസ്ട്രേഷന് (ഡിജിഎംഎ) നിർദേശം നൽകിയിട്ടുണ്ട്.’– സോനോവാൾ എക്സിൽ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

