മലപ്പുറം ജില്ലയിലെ പാണ്ടിക്കാട് ഇന്ത്യ റിസർവ് ബറ്റാലിയൻ (ഐആർബി) ക്യാമ്പിൽ നടന്ന പാസിങ് ഔട്ട് പരേഡ് ചടങ്ങ് ഏറെ വൈകാരികമായ മുഹൂർത്തങ്ങൾക്കാണ് വേദിയായത്. പരിശീലനം പൂർത്തിയാക്കിയ സേനാംഗങ്ങളുടെ പരേഡ് വീക്ഷിക്കാൻ മനസ്സ് നിറയ്ക്കുന്ന കാഴ്ചകളുമായി മാതാപിതാക്കളും എത്തിയിരുന്നു.
ഗുരുവായൂർ ഇരിങ്ങപ്പുറം സ്വദേശിയായ വേണുഗോപാലൻ തന്റെ മകൻ വിഷ്ണുവിന്റെ പാസിങ് ഔട്ട് പരേഡ് നേരിൽ കാണാൻ എത്തിയത് വീൽ ചെയറിലായിരുന്നു. പതിനഞ്ച് വർഷം മുൻപ് ജോലിക്കിടെ ടെറസിൽ നിന്ന് വീണ് സ്പൈനൽ കോഡിന് പരുക്കേറ്റ് അരയ്ക്ക് താഴെ തളർന്ന അവസ്ഥയിലാണ് അദ്ദേഹം.
എല്ലാത്തരം ശാരീരിക പ്രയാസങ്ങളും പ്രതിസന്ധികളും തരണം ചെയ്താണ് മകന്റെ സേവനത്തോടുള്ള സമർപ്പണം കാണാൻ അദ്ദേഹം പാണ്ടിക്കാട് ഐആർബി പരേഡ് ഗ്രൗണ്ടിൽ എത്തിയത്. ബിരുദപഠനത്തിനു ശേഷം കുടുംബത്തിന് താങ്ങാകാൻ ലക്ഷ്യമിട്ട് പിഎസ്സി പരീക്ഷയെഴുതിയാണ് വിഷ്ണു കേരള പൊലീസിന്റെ ഭാഗമാകുന്നത്.
പരേഡ് പൂർത്തിയായതിനു പിന്നാലെ വിഷ്ണു ഓടിയെത്തി തന്റെ ഔദ്യോഗിക തൊപ്പി സ്നേഹപൂർവം അച്ഛന്റെ തലയിൽ അണിയിച്ചു നൽകുകയും ചേർത്തുപിടിച്ച് സ്നേഹം പ്രകടിപ്പിക്കുകയും ചെയ്തു. ഈ ഹൃദ്യമായ കാഴ്ച അമ്മ പ്രീതയ്ക്കും ഡിഗ്രി വിദ്യാർത്ഥിയായ സഹോദരി ദേവികയ്ക്കും ഒപ്പം ചടങ്ങിനെത്തിയ ഏവരുടെയും കണ്ണുകളെ ഈറനണിയിച്ചു.
ഇതിനുപുറമെ, മാനന്തവാടി എംഎൽഎ ഉഷ വിജയൻ തന്റെ മകൻ അഭയ് കൃഷ്ണ കെ. വിജയന്റെ പരേഡ് വീക്ഷിക്കാനായി തിരക്കുകൾ മാറ്റിവെച്ച് പാണ്ടിക്കാട്ടിൽ എത്തിയിരുന്നു.
ബിരുദപഠനത്തിന് ശേഷം എഴുതിയ ആദ്യ പിഎസ്സി പരീക്ഷയിലൂടെയാണ് അഭയ് കൃഷ്ണ പൊലീസ് സേനയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. മകൻ സംസ്ഥാന പൊലീസിന്റെ ഭാഗമാകുന്നത് അത്യധികം അഭിമാനകരമാണെന്ന് എംഎൽഎ പ്രതികരിച്ചു.
ഭർത്താവ് വിജയൻ, മകൻ വിവേകാനന്ദ്, അമ്മ ശാന്ത തുടങ്ങിയ കുടുംബാംഗങ്ങളും എംഎൽഎയോടൊപ്പം ചടങ്ങിന് സന്നിഹിതരായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

