52 ദിവസം നീണ്ടുനിന്ന മൺസൂൺ ട്രോളിങ് നിരോധനം അവസാനിച്ചതോടെ ബേപ്പൂർ ഹാർബർ വീണ്ടും സജീവമായി. വിലക്ക് മാറി കടലിൽ പോയ മത്സ്യബന്ധന ബോട്ടുകളിൽ ആദ്യ ബാച്ച് കരയ്ക്കടിഞ്ഞതോടെ തുറമുഖത്ത് കച്ചവടവും തിരക്കും പുനരാരംഭിച്ചു.
കഴിഞ്ഞ 31-ന് രാത്രി മീൻപിടിത്തത്തിനായി പുറപ്പെട്ട ഇരുനൂറോളം ബോട്ടുകളിൽ 6 എണ്ണമാണ് ഇന്നലെ രാവിലെ മടങ്ങിയെത്തിയത്.
കരയ്ക്കെത്തിയവയിൽ ഭൂരിഭാഗവും വലിയ ബോട്ടുകളാണ്. ശേഷിക്കുന്ന ബോട്ടുകൾ രണ്ടു ദിവസത്തിനകം തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ആദ്യദിനങ്ങളിൽ വലിയ തോതിലുള്ള മീൻ ലഭ്യത പ്രതീക്ഷിച്ചിരുന്നെങ്കിലും ഇടത്തരം വലുപ്പമുള്ള കിളിമീൻ, ചെമ്പാൻ, കലുവക്കോര, വെമ്പിളി എന്നിവ മാത്രമാണ് പ്രധാനമായും വലയിലായത്. ചില ബോട്ടുകൾക്ക് പരിമിതമായ അളവിൽ കൂന്തൽമീനും ലഭിച്ചു.
ലഭിച്ച മത്സ്യത്തിന്റെ അളവ് പ്രതീക്ഷിച്ചതിലും കുറവാണെങ്കിലും വിപണിയിൽ നല്ല തുക ലഭിച്ചത് തൊഴിലാളികൾക്ക് ആശ്വാസമേകി. ഒരു പെട്ടി കിളിമീനിന് ആരംഭത്തിൽ 5500 രൂപ വരെ വില ലഭിച്ചു.
വരുംദിവസങ്ങളിൽ കൂടുതൽ ബോട്ടുകൾ എത്തുന്നതോടെ വിലയിൽ കുറവുണ്ടാകാൻ സാധ്യതയുണ്ട്. ശക്തമായ കാറ്റും കടൽക്ഷോഭവും കാരണം പല ബോട്ടുകൾക്കും പൂർണതോതിൽ കടലിൽ തുടരാനാകാതെ തിരികെ പോരേണ്ടി വന്നു.
ട്രോളിങ് നിരോധനത്തിന് ശേഷം കടലിൽ മത്സ്യം സമൃദ്ധമായിരിക്കുമെന്ന പൊതുധാരണയ്ക്ക് വിപരീതമായി ആദ്യഘട്ടത്തിൽ കൂടുതൽ മീൻ കിട്ടാത്തത് തൊഴിലാളികളിൽ ആശങ്ക ഉണ്ടാക്കുന്നുണ്ട്. എങ്കിലും വരും ദിനങ്ങളിൽ കൂന്തൽ അടക്കമുള്ള കയറ്റുമതി മൂല്യമുള്ള മത്സ്യങ്ങൾ ധാരാളമായി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മത്സ്യമേഖല.
ബോട്ടുകൾ മടങ്ങിയെത്താൻ തുടങ്ങിയതോടെ ഹാർബറുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന അനുബന്ധ മേഖലകളും ഉണർന്നു. ഇന്ധന പമ്പുകൾ, ഐസ് വിതരണക്കാർ, കുടിവെള്ള വിതരണക്കാർ, ഭക്ഷണശാലകൾ, സ്പെയർ പാർട്സ് കടകൾ, വലക്കടകൾ എന്നിവയെല്ലാം വീണ്ടും പ്രവർത്തനസജ്ജമായി.
കയറ്റിറക്ക് തൊഴിലാളികളും ഓട്ടോറിക്ഷ ഡ്രൈവർമാരും ഉൾപ്പെടെയുള്ള നൂറുകണക്കിന് ആളുകൾക്ക് തൊഴിൽ ലഭ്യമായതോടെ ഹാർബർ പരിസരം പഴയപടി ചടുലമായി മാറിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

