കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും താഴ്ന്ന പ്രദേശങ്ങളിലെ ഏക്കർ കണക്കിന് നേന്ത്രവാഴ തോട്ടങ്ങൾ വെള്ളത്തിനടിയിലായി. വെണ്ണിയോട്, കോട്ടത്തറ, പനമരം പഞ്ചായത്തുകളിലെ പുഴയോരത്തോട് ചേർന്നു കിടക്കുന്ന കൃഷിയിടങ്ങളിലാണ് കർഷകർ ആശങ്കയിലായിരിക്കുന്നത്.
ഇന്നലെ മഴയ്ക്ക് ശമനമുണ്ടായെങ്കിലും പ്രദേശത്ത് നിന്ന് വെള്ളം പൂർണ്ണമായി ഇറങ്ങിയിട്ടില്ല. പുഴകൾ കരകവിഞ്ഞൊഴുകുന്നതു കാരണം വെള്ളം ഒഴുകിപ്പോകാൻ ദിവസങ്ങളെടുക്കുമെന്നിരിക്കെ, മൂപ്പെത്താത്ത കുലകൾ വെട്ടി കുറഞ്ഞ വിലയ്ക്ക് വിൽക്കേണ്ട
അവസ്ഥയിലാണ് കർഷകർ. കഴിഞ്ഞ ദിവസങ്ങളിലെ ശക്തമായ മഴയിൽ ജില്ലയിൽ ആകെ 16 ഹെക്ടർ വാഴക്കൃഷി നശിച്ചതായി അധികൃതർ വ്യക്തമാക്കി.
നെല്ല് അടക്കമുള്ള മറ്റ് വിളകളുടെ നാശനഷ്ട കണക്കെടുപ്പ് പുരോഗമിക്കുകയാണ്.
എയിംസ് പോർട്ടൽ മുഖേന ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് കണക്കുകൾ ശേഖരിക്കുന്നത്. മഴ ശക്തമായിരുന്നെങ്കിലും ജില്ലയിൽ മറ്റ് വലിയ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.
വീടുകൾ പൂർണ്ണമായി തകർന്നിട്ടില്ലെങ്കിലും ചെറിയ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി അപകടഭീഷണിയായ ഏകദേശം 400 മരങ്ങൾ മുറിച്ചുമാറ്റിയത് വലിയ ആശ്വാസമായതായി റവന്യൂ അധികൃതർ അറിയിച്ചു.
കോട്ടത്തറ, പൊഴുതന പഞ്ചായത്തുകളിലാണ് കൂടുതൽ കൃഷിനാശവും ദുരിതങ്ങളും ഉണ്ടായത്. ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
മഴയുടെ തീവ്രത കുറഞ്ഞ സാഹചര്യത്തിൽ കൽപറ്റ നഗരസഭയിലെ മുണ്ടേരി എൽപി സ്കൂളിൽ പ്രവർത്തിച്ചിരുന്നതുൾപ്പെടെയുള്ള ക്യാംപുകൾ പിരിച്ചുവിട്ടു. മാനന്തവാടി പുഴയിലെ ജലനിരപ്പ് താഴ്ന്നിട്ടുണ്ട്.
ജില്ലയിലെ ആകെ ദുരിതാശ്വാസ ക്യാംപുകളുടെ എണ്ണം 14 ആയി കുറഞ്ഞു. നിലവിൽ 174 കുടുംബങ്ങളിലെ 584 പേരെയാണ് മാറ്റിപ്പാർപ്പിച്ചിരിക്കുന്നത്.
വൈത്തിരി, മാനന്തവാടി താലൂക്കുകളിൽ ആറു വീതവും ബത്തേരിയിൽ രണ്ട് ക്യാംപുകളുമാണ് നിലവിലുള്ളത്. ദുരിതാശ്വാസ ക്യാംപുകളായി പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് മാത്രമാണ് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുള്ളത്.
വരും ദിവസങ്ങളിൽ അതീതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ജില്ലാ പൊലീസ് ആസ്ഥാനത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു. മലയോര മേഖലകളിൽ താമസിക്കുന്നവരും പുഴയോരവാസികളും അതീവ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്.
പൊതുജനങ്ങൾക്ക് സഹായത്തിനായി 04936 202521, 9497980833 എന്നീ നമ്പറുകളിലോ എമർജൻസി ഹെൽപ് ലൈൻ നമ്പറായ 112 ലോ ബന്ധപ്പെടാം. ജില്ലയിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ കൃത്യമായ ഏകോപനത്തോടെയാണ് നടക്കുന്നതെന്ന് മന്ത്രി ടി.സിദ്ദീഖ് അറിയിച്ചു.
കലക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ ചേർന്ന അവലോകന യോഗത്തിൽ മന്ത്രി അധ്യക്ഷത വഹിച്ചു. ചൂരൽമല-മുണ്ടക്കൈ പ്രദേശം ഒറ്റപ്പെട്ടു പോകുന്ന സാഹചര്യം കണക്കിലെടുത്ത് മേപ്പാടി പഞ്ചായത്തിലെ 9, 10, 11, 12 വാർഡുകളിലെ മുഴുവൻ ആളുകൾക്കും സൗജന്യ റേഷൻ നൽകാൻ നടപടി സ്വീകരിക്കും.
കൃഷിനാശം സംഭവിച്ച കർഷകർക്കായി എല്ലാ ജില്ലയിലും കൃഷി വകുപ്പിന്റെ കൺട്രോൾ റൂം തുറന്നിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ, കലക്ടർ ഡി.ആർ.മേഘശ്രീ, ജില്ലാ പൊലീസ് മേധാവി എസ്.
ദേവമനോഹർ, എഡിഎം കെ.അജീഷ്, സബ് കലക്ടർ അതുൽ സാഗർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

