കൊല്ലം ജില്ലയിലെ ഹാർബറുകളിൽ മത്സ്യബന്ധന ബോട്ടുകളുടെ വരവ് വർധിക്കുന്നു. കണവ, കിളിമീൻ, ചെമ്മീൻ തുടങ്ങിയവയുമായാണ് കൂടുതൽ ബോട്ടുകൾ തീരത്തേക്ക് മടങ്ങിയെത്തിയത്.
പ്രതികൂല കാലാവസ്ഥയ്ക്ക് അയവുണ്ടായതോടെ ആഴക്കടൽ മത്സ്യബന്ധനത്തിനായി പോയ മറ്റു ബോട്ടുകളും വരുന്ന ദിവസങ്ങളിൽ തിരിച്ചെത്തും. മഴയുടെ കാഠിന്യവും കടൽക്കാറ്റും കുറഞ്ഞതാണ് കൂടുതൽ പേർക്ക് കടലിൽ പോകാൻ അനുകൂല സാഹചര്യമൊരുക്കിയത്.
ഇന്നലെ രാവിലെ മാത്രം അൻപതോളം ബോട്ടുകളാണ് ഹാർബറുകളിൽ അടുപ്പിച്ചത്. ഓണക്കണവ, ഓട്ടുകണവ, ഓലക്കണവ, കിളിമീൻ, ഉലുവ മീൻ എന്നിവയാണ് പ്രധാനമായും ലഭിച്ച മത്സ്യങ്ങൾ.
ഇതിനുപുറമേ ചില ബോട്ടുകൾക്ക് കരിക്കാടി, കഴന്തൽ ചെമ്മീനുകളും ലഭിക്കുകയുണ്ടായി. പരമ്പരാഗത രീതിയിൽ മത്സ്യബന്ധനത്തിന് ഇറങ്ങിയ തൊഴിലാളികൾക്കും ചെമ്മീൻ ലഭിച്ചത് ആശ്വാസമായി.
ആഴക്കടലിലേക്ക് പോകാൻ സാധിക്കാത്തത് കാരണം മൊത്തത്തിലുള്ള ലഭ്യതയിൽ കുറവുണ്ടായെങ്കിലും വിപണിയിൽ ഉയർന്ന വില ലഭിച്ചതായി തൊഴിലാളികൾ വ്യക്തമാക്കുന്നു. 35–40 കിലോ തൂക്കമുള്ള ഒരുകുട്ട
കിളിമീനിന് ലേലത്തിൽ 5,000 മുതൽ 8,000 രൂപ വരെ ലഭിച്ചു. കരിക്കാടി ചെമ്മീന് കിലോയ്ക്ക് 150 രൂപയും കഴന്തൽ ചെമ്മീന് 240 മുതൽ 260 രൂപ വരെയുമാണ് വില ലഭിച്ചത്.
ഹാർബറിലെ മറ്റ് മത്സ്യങ്ങളുടെ വിലനിലവാരം ഇങ്ങനെയാണ്: ഓലക്കണവ കിലോഗ്രാമിന് 700 രൂപ, പേക്കണവയ്ക്ക് കിലോയ്ക്ക് 500 രൂപ, ഓട്ടുകണവയ്ക്ക് 450–460 രൂപ എന്നിങ്ങനെയാണ് വില രേഖപ്പെടുത്തിയത്. വൈകുന്നേരമായപ്പോഴേക്കും കൂടുതൽ ബോട്ടുകൾ തീരത്ത് തിരിച്ചെത്തി.
കൂടാതെ, സന്ധ്യയോടെ കൂടുതൽ ബോട്ടുകളും വള്ളങ്ങളും പുതിയ മത്സ്യബന്ധന യാത്രയ്ക്കായി കടലിലേക്ക് ഇറങ്ങുകയും ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

