പ്രശസ്ത നടി തൃഷകൃഷ്ണനെതിരെ ഉയർന്ന ദ്വയാർഥ പ്രയോഗത്തെ തുടർന്ന് തമിഴ്നാട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ കടുത്ത രാഷ്ട്രീയ എതിർപ്പുകൾ നേരിടുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് ടിവികെ, ബിജെപി നേതാക്കളാണ് രംഗത്തെത്തിയിരിക്കുന്നത്.
കാവേരി നദീജല തർക്കവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്ക്കെതിരെ പ്രസംഗം നടത്തുന്നതിനിടയിലാണ് സംഭവം.
സദസ്സിൽ നിന്നും ‘തൃഷ… തൃഷ…’ എന്ന രീതിയിലുള്ള ആർപ്പുവിളികൾ ഉയർന്നതിനെത്തുടർന്ന് പ്രസംഗം തടസ്സപ്പെട്ട സന്ദർഭത്തിൽ ഉദയനിധി സ്റ്റാലിൻ നടത്തിയ പരാമർശമാണ് വലിയ വിവാദത്തിന് തിരികൊളുത്തിയത്.
ഭരണകക്ഷിയായ ടിവികെയും പ്രതിപക്ഷമായ ബിജെപിയും അദ്ദേഹത്തിന്റെ പ്രസ്താവനയ്ക്കെതിരെ ശക്തമായ ഭാഷയിലാണ് പ്രതികരിച്ചത്. ‘അറപ്പുളവാക്കുന്ന’ പരാമർശം എന്നാണ് ടിവികെ എംഎൽഎ രേവന്ത് ചരൺ സമൂഹമാധ്യമത്തിലൂടെ പ്രതികരിച്ചത്.
‘അങ്ങേയറ്റം അറപ്പുളവാക്കുന്ന പരാമർശമാണത്. ആർക്കെതിരെയും ഇത്തരത്തിലുള്ള മ്ലേച്ഛമായ പരാമർശങ്ങൾ നടത്തുന്നത് അംഗീകരിക്കാനാവില്ല.
പരാമർശം അക്കൂട്ടരുടെ മനോഭാവവും രാഷ്ട്രീയ സംസ്കാരവും നിലവാരത്തകർച്ചയും വെളിപ്പെടുത്തുന്നു. ഒരു രാഷ്ട്രീയക്കാരനെന്ന നിലയിൽ ഇത് അദ്ദേഹത്തിന്റെ ഏറ്റവും തരംതാണ പ്രവൃത്തിയാണ്.’ – രേവന്ത് ചരൺ വ്യക്തമാക്കി.
അതേസമയം, ഉദയനിധി സ്റ്റാലിനെ അറസ്റ്റ് ചെയ്യണമെന്ന് ബിജെപി മുഖ്യ വക്താവ് നാരായണൻ തിരുപ്പതി ആവശ്യപ്പെട്ടു. ‘തഞ്ചാവൂരിൽ മുഖ്യമന്ത്രി വിജയ്യെയും തൃഷയെയും കുറിച്ച് ഉദയനിധി സ്റ്റാലിൻ നടത്തിയ ദ്വയാർഥ പ്രയോഗം അറപ്പുളവാക്കുന്നതും അശ്ലീലവും മ്ലേച്ഛവും ലജ്ജാകരവുമാണ്.
അമ്മയും ഭാര്യയും മകളുമുള്ള ഒരു വ്യക്തിയും ഇത്രയും നീചമായി സംസാരിക്കില്ല. ഇത്തരത്തിൽ സംസാരിക്കുന്നവരോട് ഒരു അമ്മയും ഭാര്യയും മകളും ക്ഷമിക്കുകയുമില്ല.
എന്നാൽ, ‘ദ്രാവിഡ മോഡൽ’ എന്ന് സ്വയം വിശേഷിപ്പിക്കുന്നവർ പരസ്യമായി ഇങ്ങനെ സംസാരിക്കുമ്പോൾ മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ കണ്ടുനിൽക്കുന്നു എന്നത് ലജ്ജാകരമാണ്’ – നാരായണൻ തിരുപ്പതി കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

