തിരുവനന്തപുരം: പേരൂർക്കട മാനസികാരോഗ്യ കേന്ദ്രം നേരിടുന്ന ദുരിത സാഹചര്യങ്ങളിൽ ഹൈക്കോടതിയുടെ രൂക്ഷ വിമർശനത്തിന് പിന്നാലെ നിർണായക നീക്കവുമായി ആരോഗ്യവകുപ്പ്.
ആശുപത്രിയിൽ ആരോഗ്യമന്ത്രി കെ മുരളീധരൻ അപ്രതീക്ഷിത സന്ദർശനം നടത്തി. സ്ഥാപനത്തിലെ നിലവിലെ യാഥാർത്ഥ്യങ്ങൾ നേരിട്ട് വിലയിരുത്തിയ മന്ത്രി, ഉടൻ തന്നെ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരെ നേരിട്ട് വിളിച്ചുവരുത്തുകയായിരുന്നു.
ആശുപത്രിയിലെ രണ്ട് കെട്ടിടങ്ങളുടെയും റോഡിന്റെയും നിർമ്മാണ പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കണമെന്ന് മന്ത്രി കർശന നിർദ്ദേശം നൽകി. കൂടാതെ, പുതിയ കെട്ടിട
നിർമ്മാണവുമായി ബന്ധപ്പെട്ട ഭരണാനുമതി വേഗത്തിൽ ലഭ്യമാക്കുന്നതിനുള്ള ഫയൽ നീക്കം ഉടൻ ആരംഭിക്കാനും ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
സ്ഥാപനത്തിലെ നിലവിലുള്ള ഗുരുതര പ്രതിസന്ധികൾക്ക് ശാശ്വത പരിഹാരം കാണുന്നതിന്റെ ഭാഗമായി ആരോഗ്യവകുപ്പ് നേരത്തെ സമഗ്രമായ ‘മാസ്റ്റർപ്ലാൻ’ പ്രഖ്യാപിച്ചിരുന്നു. ഹൈക്കോടതിയുടെ ശക്തമായ ഇടപെടലിനെ തുടർന്നാണ് ജീവനക്കാരുടെ വലിയ കുറവും കെട്ടിടങ്ങളുടെ ശോച്യാവസ്ഥയും പരിഹരിക്കാൻ ലക്ഷ്യമിട്ട് ജൂലൈ 26-ന് മാസ്റ്റർപ്ലാൻ പുറത്തിറക്കിയത്.
പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ സ്ഥിതിഗതികൾ അതീവ പരിതാപകരമാണെന്നായിരുന്നു ഹൈക്കോടതിയുടെ വിലയിരുത്തൽ.
ജസ്റ്റിസുമാരായ ദേവൻ രാമചന്ദ്രൻ, ബസന്ത് ബാലാജി എന്നിവർ നേരിട്ടെത്തി ഇവിടെ പരിശോധന നടത്തിയിരുന്നു. ജയിലിന് സമാനമായ സാഹചര്യത്തിലാണ് രോഗികളെ പാർപ്പിച്ചിരിക്കുന്നതെന്നും, അടിയന്തരമായി മതിയായ ജീവനക്കാരെ നിയമിക്കണമെന്നും കോടതി ആവശ്യപ്പെടുകയുണ്ടായി.
ഈ പശ്ചാത്തലത്തിലാണ് ആരോഗ്യവകുപ്പ് അടിയന്തര നടപടികളിലേക്ക് കടന്നത്. നിലവിൽ രണ്ട് കെട്ടിടങ്ങൾ പൂർണ്ണമായും ഉപയോഗശൂന്യമായ നിലയിലാണുള്ളത്.
ഇവ അടിയന്തരമായി പുതുക്കിപ്പണിയുകയും, കാലപ്പഴക്കം ചെന്ന മറ്റ് കെട്ടിടങ്ങളുടെ ഘടന ബലപ്പെടുത്തുകയും ചെയ്യും. ഇതിനുപുറമേ, മാനസികാരോഗ്യ കേന്ദ്രത്തിന്റെ ഭൂമി കയ്യേറിയിട്ടുണ്ടെങ്കിൽ അവ കർശനമായി ഒഴിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.
ചികിത്സയിൽ കഴിയുന്ന തടവുകാരെ സുരക്ഷാ പ്രശ്നങ്ങൾ മുൻനിർത്തി തിരികെ ജയിലിലേക്ക് മാറ്റും. സ്ഥാപനം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായ ജീവനക്കാരുടെ കുറവ് പരിഹരിക്കാനാണ് പ്രധാന മുൻഗണന.
പേരൂർക്കട ആശുപത്രിയിലേക്ക് മാത്രമായി പ്രത്യേക ജീവനക്കാരെ നിയമിക്കുമെന്നും ഇവർക്ക് കൃത്യമായ പരിശീലനം ഉറപ്പാക്കുമെന്നും അധികൃതർ അറിയിച്ചു.
സെക്യൂരിറ്റി ജീവനക്കാരുടെ ലഭ്യത ഉറപ്പുവരുത്താൻ കൂടുതൽ ശമ്പളം വാഗ്ദാനം ചെയ്യും. കോഴിക്കോട്, തൃശ്ശൂർ, തിരുവനന്തപുരം മാനസികാരോഗ്യ ആശുപത്രികളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി മാത്രം പ്രത്യേകമായി ഒരു അഡീഷണൽ ഡി.എച്ച്.എസിനെ നിയമിക്കുമെന്നും ആരോഗ്യവകുപ്പ് ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

