ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ വീഡിയോ തങ്ങളുടെ പ്ലാറ്റ്ഫോമിൽ നിന്ന് നീക്കം ചെയ്ത നടപടിയിൽ സോഷ്യൽ മീഡിയ ഭീമന്മാരായ മെറ്റയ്ക്ക് ഐടി പാർലമെന്ററി സമിതിയുടെ കടുത്ത വിമർശനം. ഈ തീരുമാനത്തിന് പിന്നിൽ പ്രവർത്തിച്ച ഉദ്യോഗസ്ഥനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് സമിതി അംഗങ്ങൾ കർശനമായി ആവശ്യപ്പെട്ടു.
പ്ലാറ്റ്ഫോമുകളിലെ വിവാദപരമായ ഉള്ളടക്കങ്ങളിൽ കമ്പനി കൈക്കൊണ്ട നടപടികളുടെ വ്യക്തമായ വിവരങ്ങൾ സമർപ്പിക്കാനും മെറ്റാ അധികൃതർക്ക് സമിതി നിർദേശം നൽകിയിട്ടുണ്ട്.
ഡിജിറ്റൽ പ്ലാറ്റ്ഫോമുകളുടെ ഉത്തരവാദിത്തം, ഉള്ളടക്ക നിയന്ത്രണം (content moderation) എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങൾ പാർലമെന്ററി സമിതി സമഗ്രമായി പരിശോധിച്ച് വരുന്നതിനിടെയാണ് ഈ വിഷയം ചർച്ചയായത്.
അപകീർത്തികരവും ആക്ഷേപകരവുമായ മറ്റ് പല ഉള്ളടക്കങ്ങളും നീക്കം ചെയ്യാതെ നിലനിർത്തുമ്പോൾ, പ്രധാനമന്ത്രിയുടെ വീഡിയോ ഏത് സാഹചര്യത്തിലാണ് നീക്കം ചെയ്തതെന്ന് ഒരു മുതിർന്ന ബിജെപി എംപി ചോദ്യം ചെയ്തു. ആരുടെ നിർദേശപ്രകാരമാണ് ഇത്തരം ഒരു നടപടിയിലേക്ക് കടന്നതെന്നും മെറ്റാ പ്രതിനിധികളോട് എംപി ആരായുകയായിരുന്നു.
അതേസമയം, സംഭവവികാസങ്ങളിൽ മെറ്റാ അധികൃതർ ഖേദം പ്രകടിപ്പിക്കുകയും സമിതിക്ക് മുന്നിൽ ക്ഷമാപണം നടത്തുകയും ചെയ്തു. സാങ്കേതികമായി ഉണ്ടായ പിഴവ് മൂലമാണ് വിഡിയോ നീക്കം ചെയ്യപ്പെടാൻ ഇടയായതെന്നാണ് കമ്പനിയുടെ വിശദീകരണം.
എന്നാൽ കേവലം ഒരു മാപ്പപേക്ഷയിൽ ഒതുങ്ങിനിൽക്കുന്നതല്ല വിഷയത്തിന്റെ ഗൗരവമെന്നും, ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും സമിതി അംഗങ്ങൾ അടിവരയിട്ടു വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

