ജെൻ സി തലമുറയെക്കുറിച്ച് സമൂഹത്തിൽ നിലനിൽക്കുന്ന പൊതുവായ തെറ്റിദ്ധാരണകളെ ഖണ്ഡിച്ചുകൊണ്ട് സോഹോ സ്ഥാപകനും സി.ഇ.ഒയുമായ ശ്രീധർ വെംബു പങ്കുവെച്ച കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി ശ്രദ്ധ നേടുന്നു. പ്രായത്തിന്റെ അടിസ്ഥാനത്തിൽ തലമുറകളെ കൃത്യമായി വേർതിരിച്ചു കാണുന്നതിൽ കാര്യമില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, തന്റെ സ്ഥാപനത്തിലെ 19-കാരിയായ ഒരു ജീവനക്കാരിയുടെ മാതൃകാപരമായ ജീവിതരീതിയാണ് ഉദാഹരണമായി ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
സ്വന്തം ആഡംബരങ്ങളെക്കാൾ ഉപരിയായി കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുന്ന യുവതലമുറയുടെ പ്രതിനിധിയാണ് ഈ പെൺകുട്ടിയെന്ന് അദ്ദേഹം എക്സ് (ട്വിറ്റർ) പോസ്റ്റിൽ കുറിച്ചു. ‘വ്യത്യസ്ത പ്രായത്തിലുള്ള നിരവധി ആളുകളെ ഞാൻ കാണാറുണ്ട്.
പ്രായത്തിന്റെ അടിസ്ഥാനത്തിൽ തലമുറകളെ തരംതിരിക്കുന്നത് അത്ര അർത്ഥവത്താണെന്ന് എനിക്ക് തോന്നുന്നില്ല’ എന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. തന്റെ മാതാപിതാക്കളുടെ കടങ്ങൾ വീട്ടാനും ഇളയ സഹോദരങ്ങളുടെ പഠനവും മറ്റ് കാര്യങ്ങളും നോക്കാനുമാണ് താൻ കഠിനാധ്വാനം ചെയ്ത് പണം സമ്പാദിക്കുന്നതെന്നാണ് ഈ പെൺകുട്ടി വെംബുവിനോട് വ്യക്തമാക്കിയത്.
വിലകൂടിയ വസ്ത്രങ്ങളോ വസ്തുക്കളോ വാങ്ങുന്നതിന് പകരം ഏറ്റവും ലളിതമായ ജീവിതശൈലിയാണ് അവൾ പിന്തുടരുന്നത്. ‘അവൾ വിലകുറഞ്ഞ വസ്ത്രങ്ങൾ മാത്രമാണ് വാങ്ങുന്നത്, പൊട്ടിയ ചെരുപ്പുകൾ തുന്നിച്ചേർത്ത് ഉപയോഗിക്കുന്നു.
ഓരോ രൂപയും സമ്പാദിക്കാൻ അവൾ ആഗ്രഹിക്കുന്നു’ എന്ന് ശ്രീധർ വെംബു കൂട്ടിച്ചേർത്തു. പെൺകുട്ടിയുടെ ഈ പക്വതയും നിശ്ചയദാർഢ്യവും നേരിട്ടറിഞ്ഞ അദ്ദേഹം, മകളെക്കുറിച്ച് എത്രത്തോളം അഭിമാനിക്കണമെന്ന് നേരിട്ട് പറയാൻ അവളുടെ മാതാപിതാക്കളെ കാണാൻ ആഗ്രഹിക്കുന്നതായും അറിയിച്ചു.
ഇതിനുപുറമെ, തന്റെ ഉപദേശം സ്വീകരിച്ച് 25 വയസ്സുള്ള രണ്ട് ജീവനക്കാർ ലളിതമായ രീതിയിൽ വിവാഹം കഴിച്ച അനുഭവവും അദ്ദേഹം പങ്കുവെച്ചു. ഇത്തരം മൂല്യങ്ങളും നിലപാടുകളും ഒരു പ്രത്യേക തലമുറയിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും എല്ലാ കാലഘട്ടത്തിലും ഇവ നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ശ്രീധർ വെംബു പങ്കുവെച്ച ഈ കുറിപ്പിന് താഴെ നിരവധി പേരാണ് അനുകൂല പ്രതികരണങ്ങളുമായി എത്തിയത്. തലമുറകളെ മൊത്തത്തിൽ ഒറ്റയടിക്ക് വിലയിരുത്തരുതെന്ന വാദം ശരിയാണെന്നും ഓരോ കാലഘട്ടത്തിലും കഠിനാധ്വാനം ചെയ്യുന്ന യുവതീ യുവാക്കൾ ഉണ്ടാകാറുണ്ടെന്നും കമന്റുകൾ വന്നു.
‘നഗരപ്രദേശങ്ങളിലുള്ളവരെ അപേക്ഷിച്ച് ഗ്രാമീണ മേഖലയിലെ ജെൻ സി തലമുറ ജീവിതത്തിൽ കൂടുതൽ പ്രായോഗികതയുള്ളവരാണെന്ന് തോന്നുന്നു’ എന്ന നിരീക്ഷണവും ഒരു സാമൂഹമാധ്യമ ഉപയോക്താവ് പങ്കുവെച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

