ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ക്ക് ഹസീന പൊതുവേദിയിലേക്ക് തിരിച്ചെത്തുന്നു. കലാപത്തെത്തുടർന്ന് ഇന്ത്യയിൽ അഭയം തേടിയ അവർ, ബുധനാഴ്ച വൈകീട്ട് 6 മണിക്ക് ദില്ലി ഫോറിൻ കറസ്പോണ്ടൻസ് ക്ലബിലെ മാർക്ക് ടുള്ളി ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന ‘ഷെയ്ക്ക് ഹസീനാസ് ഹോം കമിംഗ്’ എന്ന പരിപാടിയിലൂടെയാണ് മാധ്യമങ്ങൾക്ക് മുന്നിലെത്തുന്നത്.
സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി ഓൺലൈൻ വഴിയായിരിക്കും അവർ മാധ്യമങ്ങളെ അഭിസംബോധന ചെയ്യുക. ഇന്ത്യയിൽ രാഷ്ട്രീയ അഭയം പ്രാപിച്ചതിനു ശേഷം ഷെയ്ക്ക് ഹസീന ആദ്യമായാണ് ഇത്തരത്തിൽ ഒരു വാർത്താ സമ്മേളനത്തിൽ പങ്കെടുക്കുന്നത്.
കൃത്യം രണ്ടാം വർഷം അതേ തീയതിയിൽ മാധ്യമങ്ങൾക്ക് മുന്നിലെത്തുന്ന മുൻ പ്രധാനമന്ത്രി, ബംഗ്ലാദേശിലേക്കുള്ള തന്റെ മടങ്ങിപ്പോക്ക് സംബന്ധിച്ച പ്രഖ്യാപനം നടത്തിയേക്കുമെന്നാണ് ലഭിക്കുന്ന സൂചനകൾ. ബംഗ്ലാദേശിലെ പ്രക്ഷോഭങ്ങൾക്ക് പിന്നാലെ ഇന്റർനാഷണൽ ക്രൈംസ് ട്രൈബ്യൂണൽ ഷെയ്ക്ക് ഹസീനയെ വധശിക്ഷയ്ക്ക് വിധിച്ചിരുന്നു.
എന്നാൽ, ഹസീനയെ വിട്ടുനൽകണമെന്ന ബംഗ്ലാദേശ് സർക്കാരിന്റെ ആവശ്യത്തിൽ ഇന്ത്യ ഇതുവരെ അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ല. വിഷയത്തിൽ നിയമപരമായ പരിശോധനകൾ തുടർന്നുവരികയാണെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ നിലപാട്.
ഡിസംബറോടെ മാതൃരാജ്യത്തേക്ക് മടങ്ങുമെന്നും എല്ലാ നിയമനടപടികളെയും നേരിടുമെന്നും ഷെയ്ക്ക് ഹസീന വ്യക്തമാക്കിയിട്ടുണ്ട്. അടുത്തിടെ ഒരു വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിലാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

