ഇന്ത്യൻ ഓഹരി വിപണിയിലേക്ക് കടന്നുവരുന്ന പുതുതലമുറ നിക്ഷേപകരുടെ എണ്ണത്തിൽ വൻ വർധന. നാഷനൽ സ്റ്റോക്ക് എക്സ്ചേഞ്ച് (എൻഎസ്ഇ) പുറത്തുവിട്ട
കണക്കുകൾ പ്രകാരം ജൂണിൽ പുതുതായി റജിസ്റ്റർ ചെയ്ത 11.6 ലക്ഷം നിക്ഷേപകരിൽ 59 ശതമാനവും 30 വയസ്സിനു താഴെയുള്ളവരാണ്. പുതുതലമുറയ്ക്കിടയിൽ നിക്ഷേപശീലം കുറവാണെന്ന പൊതുവായ വിലയിരുത്തലുകളെ തിരുത്തിക്കുറിച്ചാണ് ഈ പുതിയ മുന്നേറ്റം.
വിപണിയിൽ ആകെ റജിസ്റ്റർ ചെയ്ത നിക്ഷേപകരുടെ മൂന്നിലൊന്നും ഇപ്പോൾ ഈ പ്രായത്തിലുള്ളവരാണ്. 2020 മാർച്ചിലെ കണക്കുകൾ പരിശോധിക്കുമ്പോൾ, ആകെ നിക്ഷേപകരുടെ 23.5 ശതമാനം മാത്രമായിരുന്നു 30 വയസ്സിനു താഴെയുള്ളവർ.
ഈ കാലയളവിൽ ഓഹരി നിക്ഷേപകരുടെ ശരാശരി പ്രായത്തിലും കാര്യമായ കുറവുണ്ടായിട്ടുണ്ട്. 2020ൽ 38 വയസ്സായിരുന്ന ശരാശരി പ്രായം ഇപ്പോൾ 33 വയസ്സായി കുറഞ്ഞു.
പ്രായം കുറഞ്ഞ നിക്ഷേപകർ വൻതോതിലേക്ക് കടന്നുവന്നതാണ് ഇതിന് കാരണം. വിപണിയിലെ പുതുമുഖങ്ങളുടെ ശരാശരി പ്രായവും മുൻകാലങ്ങളെ അപേക്ഷിച്ച് താഴേക്ക് പോയിട്ടുണ്ട്.
നേരത്തെ ശരാശരി 29 വയസ്സുള്ളവരാണ് വിപണിയിലേക്ക് എത്തിയിരുന്നതെങ്കിൽ, ഇന്നത് 27 വയസ്സായി ചുരുങ്ങിയിരിക്കുന്നു. അതേസമയം, 60 വയസ്സിനു മുകളിലുള്ളവർ ഓഹരി നിക്ഷേപകരായി റജിസ്റ്റർ ചെയ്യുന്ന പ്രവണത കുറഞ്ഞതായും പുതിയ കണക്കുകൾ വ്യക്തമാക്കുന്നു.
പുതിയ നിക്ഷേപകരിൽ ആകെ 2.5 ശതമാനം മാത്രമാണ് 60 വയസ്സിനു മുകളിലുള്ളവർ. കഴിഞ്ഞ 6 വർഷത്തിനിടെ ഓഹരി വിപണിയിൽ റജിസ്റ്റർ ചെയ്ത നിക്ഷേപകരുടെ എണ്ണത്തിൽ 10 കോടിയുടെ വൻ വർധനയാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
2018-19 സാമ്പത്തിക വർഷത്തിൽ വെറും 2.7 കോടി പേർ മാത്രമുണ്ടായിരുന്ന സ്ഥാനത്ത്, 2026 ജൂണിലെ കണക്കു പ്രകാരം ഇത് 13.2 കോടിയായി ഉയർന്നു. അതായത്, ഇന്ത്യയിലെ പത്തിലൊരാൾ വീതം വിപണിയിൽ റജിസ്റ്റർ ചെയ്തുവെന്നാണ് ഇത് സൂചിപ്പിക്കുന്നത്.
കോവിഡിനു ശേഷമുള്ള കാലഘട്ടത്തിൽ ഓഹരി വിപണിയിൽ നിക്ഷേപിക്കാൻ തയാറാകുന്നവരുടെ എണ്ണത്തിൽ അഭൂതപൂർവ്വമായ കുതിപ്പാണ് ഉണ്ടായത്. രാജ്യത്ത് നിക്ഷേപകരുടെ എണ്ണം ആദ്യമായി ഒരു കോടിയിലെത്താൻ 14 വർഷം വേണ്ടിവന്നപ്പോൾ, അടുത്ത കോടിയിലെത്താൻ 6 വർഷം മാത്രമാണ് എടുത്തത്.
എന്നാൽ പിൽക്കാലത്തെ വളർച്ച അതിവേഗത്തിലായിരുന്നുവെന്നും, നിക്ഷേപകരുടെ എണ്ണത്തിൽ അവസാന കോടി തികയാൻ വെറും 6 മാസം മാത്രമാണ് എടുത്തതെന്നും കണക്കുകൾ പറയുന്നു. ഇതിൽ 4.40 കോടി പേർ സ്ഥിരമായി വ്യാപാരത്തിൽ സജീവമായി ഇടപെടുന്ന ‘ആക്ടീവ്’ നിക്ഷേപകരാണ്.
കഴിഞ്ഞ വർഷം ഏതെങ്കിലും ഘട്ടത്തിൽ ഓഹരി ഇടപാട് നടത്തിയവരാണ് ഇവർ. ഇതിൽ 3.5 ലക്ഷം പേർ ക്യാഷ് മാർക്കറ്റിലും 85 ലക്ഷം പേർ ഫ്യൂചർ ആൻഡ് ഓപ്ഷൻസ് വിഭാഗത്തിലും സജീവമായി പ്രവർത്തിക്കുന്നുണ്ട്.
ദീർഘകാലത്തേക്കുള്ള സമ്പാദ്യത്തിനു വേണ്ടി അച്ചടക്കത്തോടെ ഓഹരികൾ വാങ്ങി സൂക്ഷിക്കുന്നവരാണ് കൂടുതലായും ക്യാഷ് മാർക്കറ്റിലുള്ളത്. എന്നാൽ ഊഹക്കച്ചവടം ഉൾപ്പെടെയുള്ളവ നടത്തുന്നവരാണ് എഫ് ആൻഡ് ഒ വിഭാഗത്തിലുള്ളത്.
ഈ വിഭാഗത്തിൽ പ്രവർത്തിക്കുന്നവരിൽ 90 ശതമാനത്തിനും നഷ്ടം സംഭവിക്കാറുണ്ടെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. വനിതകളും പിന്നിലല്ല ഓഹരി നിക്ഷേപകരുടെ എണ്ണത്തിൽ വനിതകളും മികച്ച മുന്നേറ്റമാണ് നടത്തിയത്.
2026 ജൂണിലെ കണക്കുകൾ പ്രകാരം ആകെ നിക്ഷേപകരിൽ 25 ശതമാനവും വനിതകളാണ്. അതായത് നാല് നിക്ഷേപകരിൽ ഒരാൾ വനിതയാണെന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിയിരിക്കുന്നു.
ഇതിന്റെ ദേശീയ ശരാശരി 24.9 ശതമാനമാണെങ്കിൽ, കേരളത്തിന്റെ കണക്കുകൾ ഇതിലും ഉയർന്നതാണ്. കേരളത്തിന്റെ ശരാശരി 28.3 ശതമാനമാണ്.
കേരളത്തിൽ മാത്രം 34 ലക്ഷം പേർ ഓഹരി വിപണിയിൽ റജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് കണക്കുകൾ നൽകുന്ന സൂചന. 2009-10 സാമ്പത്തിക വർഷത്തിൽ വെറും 3.45 ലക്ഷം നിക്ഷേപകർ മാത്രമുണ്ടായിരുന്ന കേരളത്തിൽ, 2020 സാമ്പത്തിക വർഷമായപ്പോഴേക്കും അത് 9 ലക്ഷത്തിലെത്തുകയും കോവിഡിനു ശേഷം വലിയ തോതിലുള്ള കുതിപ്പ് കൈവരിക്കുകയും ചെയ്യുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

