സംസ്ഥാനത്ത് തുടരുന്ന കനത്തമഴയുമായി ബന്ധപ്പെട്ട് കഴിഞ്ഞ മണിക്കൂറുകളില്‍ അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് റവന്യൂ വകുപ്പ് മന്ത്രി എ പി അനില്‍ കുമാര്‍ വ്യക്തമാക്കി.
രാത്രിയുടനീളം ഉദ്യോഗസ്ഥരും സര്‍ക്കാരും സ്ഥിതിഗതികള്‍ സൂക്ഷ്മമായി വിലയിരുത്തി വരികയായിരുന്നുവെന്നും ഇപ്പോഴും മഴ തുടരുന്നുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം അറിയിച്ചു.
മഴ ഇതുവരെ പൂര്‍ണ്ണമായി ശമിച്ചിട്ടില്ലെങ്കിലും പൊതുവില്‍ ആശ്വാസകരമായ സ്ഥിതിയാണുള്ളതെന്നും വലിയ പ്രയാസങ്ങളില്ലാത്ത ഒരു രാത്രിയാണ് കടന്നുപോയതെന്നും താഴ്ന്ന പ്രദേശങ്ങളില്‍ നിന്നും വെള്ളം ഇറങ്ങിത്തുടങ്ങിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. അണക്കെട്ടുകളുമായി ബന്ധപ്പെട്ട് നിലവില്‍ യാതൊരുവിധ ആശങ്കയുടെയും ആവശ്യമില്ലെന്ന് അദ്ദേഹം അറിയിച്ചു.
സാധാരണ ഈ സമയത്ത് ലഭിക്കുന്ന ജലനിരപ്പിനേക്കാള്‍ വളരെ താഴെ മാത്രമാണ് ഇത്തവണ ജലം ലഭിച്ചിട്ടുള്ളത് എന്നതായിരുന്നു കുറച്ചു ദിവസങ്ങൾക്ക് മുമ്പുണ്ടായിരുന്ന സ്ഥിതി. നിലവില്‍ ആശങ്കപ്പെടേണ്ട
തരത്തില്‍ ഡാമുകളിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നിട്ടില്ലെന്നും അണക്കെട്ടുകളിലെ ജലനിരപ്പ് കര്‍ശനമായി നിരീക്ഷിച്ചു വരികയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ആവശ്യമായ ദുരിതാശ്വാസ ക്യാമ്പുകള്‍ ഇതിനോടകം സജ്ജമാക്കിയിട്ടുണ്ടെന്നും കഴിഞ്ഞ ദിവസങ്ങളില്‍ നിരവധി ആളുകളെ സുരക്ഷിതമായി ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തിയിട്ടും ചിലര്‍ ഇപ്പോഴും ക്യാമ്പുകളിലേക്ക് മാറാന്‍ വിമുഖത കാണിക്കുന്നുണ്ട്. എന്നാല്‍ അപകടസാധ്യതയുള്ള മേഖലകളില്‍ നിന്നും ഇത്തരക്കാരെ ഒഴിപ്പിക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും ആവശ്യമെങ്കില്‍ ഫോഴ്സുപയോഗിക്കാന്‍ വരെ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഇത്തരം കാര്യങ്ങളില്‍ യാതൊരുവിധ വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന കര്‍ശന നിര്‍ദേശമാണ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടുള്ളതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

