വയനാട് ജില്ലയിലെ ലക്കിടിയിൽ ശനിയാഴ്ച അതിതീവ്ര മഴ രേഖപ്പെടുത്തി. ലഭ്യമായ കണക്കുകൾ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഏറ്റവും അധികം മഴ ലഭിച്ചത് ലക്കിടിയിലാണ്; 279 എംഎം മഴയാണ് ഇവിടെ പെയ്തിറങ്ങിയത്.
അതേസമയം, ഞായറാഴ്ച ജില്ലയിൽ മഴയ്ക്ക് നേരിയ ശമനം അനുഭവപ്പെടുന്നുണ്ട്. എങ്കിലും ജാഗ്രതയുടെ ഭാഗമായി ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തുടർച്ചയായ മഴയുടെ പശ്ചാത്തലത്തിൽ ഞായറാഴ്ച ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. ട്യൂഷൻ സെന്ററുകൾ, മതപഠന ക്ലാസുകൾ, വിവിധ സ്പെഷ്യൽ ക്ലാസുകൾ എന്നിവയ്ക്കെല്ലാം ഈ അവധി ബാധകമായിരിക്കും.
കൂടാതെ, ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും കോളേജുകൾക്കും തിങ്കളാഴ്ച മുതൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അവധി തുടരുമെന്നും അധികൃതർ അറിയിച്ചു. മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ കർശന യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
മേപ്പാടി കള്ളാടി ഭാഗത്തേക്കുള്ള ഗതാഗതം പൂർണ്ണമായും നിരോധിച്ചിട്ടുണ്ട്. കൂടാതെ, താമരശ്ശേരി ചുരത്തിലൂടെയുള്ള അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കാനും നിർദ്ദേശമുണ്ട്.
സുരക്ഷ മുൻനിർത്തി ചുരത്തിൽ ഭാരവാഹനങ്ങളുടെ പ്രവേശനവും തടഞ്ഞിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

