നഗരവികസനത്തിന്റെയും അടിസ്ഥാന സൗകര്യങ്ങളുടെയും നിലവാരം അളക്കുന്നതിൽ പൊതുസ്ഥലങ്ങളിലെ ശുചിത്വത്തിന് വലിയ പങ്കുണ്ട്. ഈ രംഗത്ത് ലോകത്തിന് മാതൃകയാവുകയാണ് ദുബായ് നഗരം.
ജനത്തിരക്കേറിയ ഒരു പാർക്കിന് സമീപമുള്ള പൊതു ശൗചാലയത്തിന്റെ ശുചിത്വവും മികച്ച പരിപാലനവും വ്യക്തമാക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധനേടുകയാണ്. ദുബായിൽ താമസിക്കുന്ന ഒരു വനിതയാണ് ഇൻസ്റ്റാഗ്രാമിലെ @ifha_familyindubai എന്ന അക്കൗണ്ടിലൂടെ ഈ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.
ആഡംബര ഹോട്ടലുകളിലോ വൻകിട മാളുകളിലോ ഉള്ളതല്ല ഈ ശൗചാലയമെന്നും, മറിച്ച് സാധാരണക്കാർ ദിനംപ്രതി എത്തുന്ന പാർക്കിനോട് ചേർന്നുള്ളതാണെന്നും വീഡിയോയിൽ വ്യക്തമാക്കുന്നുണ്ട്.
പൊതു ശൗചാലയത്തിന്റെ വൃത്തിയുള്ള തറയും കൃത്യമായി പരിപാലിച്ചിരിക്കുന്ന വാഷ് ബേസിനുകളും മറ്റ് സൗകര്യങ്ങളും ദൃശ്യങ്ങളിൽ വ്യക്തമാണ്. ദിവസവും ആയിരക്കണക്കിന് ആളുകൾ ഉപയോഗിക്കുന്ന ഒരു പൊതുയിടം ഇത്രത്തോളം മികച്ച രീതിയിൽ പരിപാലിക്കുന്നതിനെ അത്ഭുതത്തോടെയാണ് ഇവർ വീഡിയോയിൽ വിശേഷിപ്പിക്കുന്നത്.
വീഡിയോ വൈറലായതോടെ ദുബായിലെ ഭരണസംവിധാനത്തെയും നഗരത്തിലെ ശുചിത്വ നിലവാരത്തെയും പ്രശംസിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. “ഉയർന്ന നിലവാരവും ഉത്തരവാദിത്തബോധവും എടുത്തു കാണിക്കുന്ന മികച്ചൊരു ഉദാഹരണം,” എന്ന് ഒരു ഉപയോക്താവ് കുറിച്ചു.
“അതുകൊണ്ടാണ് ദുബായ് പോലെ വേറൊരു സ്ഥലമില്ല എന്ന് പറയുന്നത്,” എന്ന് മറ്റൊരാൾ അഭിപ്രായപ്പെട്ടു. “യു.എ.ഇയിൽ ജീവിക്കാൻ ഇഷ്ടപ്പെടുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന് ഇവിടുത്തെ അതിശയിപ്പിക്കുന്ന വൃത്തിയാണ്,” എന്നായിരുന്നു വേറൊരു കമന്റ്.
“സത്യത്തിൽ ഇവിടുത്തെ എല്ലാ പൊതു ശൗചാലയങ്ങളും ഇതുപോലെ അമ്പരപ്പിക്കുന്നവയാണ്,” എന്നും പലരും സാക്ഷ്യപ്പെടുത്തി. പൊതു സൗകര്യങ്ങൾ എത്രത്തോളം വൃത്തിയായി സൂക്ഷിക്കാമെന്നതിന് മികച്ച മാതൃകയാണ് ദുബായ് നൽകുന്നതെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

