കോഴിക്കോട് ജില്ലയിലെ ഒളവണ്ണ ടോൾ പ്ലാസയിൽ നിരക്കുകൾ വീണ്ടും വർധിപ്പിച്ചു. മൂന്നാം തവണയാണ് ഇവിടെ ടോൾ നിരക്ക് കൂട്ടുന്നത്.
വാഹനങ്ങളുടെ വിഭാഗത്തിനനുസരിച്ച് 5 രൂപ മുതൽ 25 രൂപ വരെയാണ് പുതിയ വർധന നിലവിൽ വന്നിട്ടുള്ളത്. ടോൾ പ്ലാസയുടെ 20 കിലോമീറ്റർ പരിധിയിൽ മേൽവിലാസമുള്ള സ്വകാര്യ വാഹനങ്ങളുടെ പ്രതിമാസ പാസ് നിരക്കിലും മാറ്റം വരുത്തിയിട്ടുണ്ട്.
ഇതുപ്രകാരം പ്രതിമാസ പാസിനുള്ള തുക 350 രൂപയിൽ നിന്ന് 360 രൂപയായാണ് ഉയർത്തിയത്. ഇതിനിടയിൽ ടോൾ പിരിവിന്റെ ചുമതലയുള്ള ഏജൻസിയിലും മാറ്റം വന്നിട്ടുണ്ട്.
നിലവിലുണ്ടായിരുന്ന ഹുലെ കമ്പനിക്ക് പകരം സ്കൈലാർക്ക് എന്ന ഏജൻസിക്കാണ് അടുത്ത മൂന്ന് മാസത്തേക്കുള്ള ചുമതല നൽകിയിരിക്കുന്നത്. എന്നാൽ ഹുലെ കമ്പനി വെട്ടിച്ചിറയിൽ പ്രവർത്തനം തുടരും.
ടോളുമായി ബന്ധപ്പെട്ട മറ്റ് നിരക്കുകൾ പരിശോധിച്ചാൽ, വാർഷിക ഫാസ്റ്റാഗ് തുക മൂന്ന് മാസം മുൻപ് തന്നെ 3075 രൂപയാക്കി മാറ്റിയിരുന്നു.
അതേസമയം, ഫാസ്റ്റാഗ് സൗകര്യമില്ലാത്ത വാഹനങ്ങൾ യുപിഐ (UPI) സംവിധാനം വഴി പണം അടയ്ക്കുകയാണെങ്കിൽ, സാധാരണ നിരക്കിനേക്കാൾ 25 ശതമാനം അധിക തുക നൽകേണ്ടി വരും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

