കാസർകോട് ജില്ലയിലെ ബെണ്ടിച്ചാൽ ലൈഫ് ഫ്ലാറ്റ് സമുച്ചയത്തിന്റെ നിർമാണ പ്രവൃത്തികൾ എത്രയും വേഗം പുനരാരംഭിക്കണമെന്ന ആവശ്യം ജനങ്ങൾക്കിടയിൽ ശക്തമാകുന്നു. പദ്ധതി യാഥാർത്ഥ്യമാക്കാൻ സർക്കാർ തലത്തിലും ബന്ധപ്പെട്ട
എംഎൽഎയുടെ നേതൃത്വത്തിലും നിരന്തര ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും കരാർ കമ്പനി ഇതുവരെ സഹകരിക്കാൻ തയ്യാറായിട്ടില്ല. നിർമാണച്ചെലവ് വർധിപ്പിച്ച് നൽകണമെന്ന കർശന നിലപാടിലാണ് നിലവിൽ കമ്പനി മുന്നോട്ട് പോകുന്നത്.
ബെണ്ടിച്ചാൽ ഉൾപ്പെടെയുള്ള വിവിധ നിർമാണ കരാറുകൾ പുതുക്കുന്നത് സംബന്ധിച്ച ഫയലുകൾ ഇപ്പോൾ സർക്കാരിന്റെ സജീവ പരിഗണനയിലാണ്. എന്നാൽ ഈ വിഷയത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളാൻ സർക്കാർ വൈകുന്നുവെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
കരാർ ലംഘനത്തിന്റെ പശ്ചാത്തലത്തിൽ കമ്പനിക്ക് അധികൃതർ ഇതിനകം കാരണം കാണിക്കൽ നോട്ടിസ് നൽകിയിട്ടുണ്ടെങ്കിലും, ഇതിന്മേലുള്ള മറുപടി സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല. ഇവിടെ നിർമാണ പ്രവർത്തനങ്ങൾ പൂർണ്ണമായി സ്തംഭിച്ചിട്ട് ഇപ്പോൾ ഏകദേശം ഒരു വർഷത്തോളമായി.
2020 സെപ്റ്റംബർ മാസത്തിലാണ് ഈ പദ്ധതിയുടെ പ്രവൃത്തികൾ ആരംഭിച്ചത്. ആറു കോടി രൂപയിലധികം അടങ്കൽ തുകയുള്ള ഈ പദ്ധതി രണ്ടു പേരാണ് സംയുക്തമായി ഏറ്റെടുത്തിരുന്നത്.
ഇതിൽ ഫ്ലാറ്റ് നിർമാണത്തിനായി മാത്രം 5.14 കോടി രൂപയാണ് വകയിരുത്തിയത്. ഇതിൽ ഫ്ലാറ്റ് നിർമാണത്തിന്റെ കരാർ എടുത്ത കമ്പനിക്ക് ഇതിനകം നാല് കോടി രൂപയിലധികം കൈമാറിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരങ്ങൾ.
ഇതിനിടയിൽ, ഫ്ലാറ്റ് സമുച്ചയത്തിന്റെ ബാഹ്യ നിർമാണ ജോലികൾ ഏറ്റെടുത്ത വ്യക്തിയും തുക വർധിപ്പിച്ച് നൽകണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ വിഷയത്തിൽ സാങ്കേതിക പരിശോധന നടത്തുന്നതിനായി കൺസൽറ്റൻസിയായ കെല്ലിനോട് ലൈഫ് മിഷൻ അധികൃതർ ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ടുണ്ട്.
നിലവിൽ കെട്ടിടത്തിന്റെ നാലു നിലകളുടെയും നിർമാണവും അനുബന്ധമായ പെയിന്റിങ് ജോലികളും പൂർത്തിയായിട്ടുണ്ട്. എന്നാൽ പ്ലംബിങ്, ഇലക്ട്രിക്കൽ ജോലികൾ, റാംപ് നിർമാണം, കുടിവെള്ള കണക്ഷൻ തുടങ്ങിയ പ്രധാനപ്പെട്ട
പണികളാണ് ഇനി പൂർത്തിയാക്കാനുള്ളത്. ഈ ജോലികൾ ബാക്കിനിൽക്കെയാണ് കരാർ കമ്പനി അധികൃതർ നിർമാണം പാതിവഴിയിൽ നിർത്തി മടങ്ങിയത്.
കോവിഡ് മഹാമാരിയുടെ കാലഘട്ടമാണ് നിർമാണ പ്രവർത്തനങ്ങൾ വൈകാൻ പ്രധാന കാരണമായത്. തുടർന്ന് നിർമാണ സാമഗ്രികൾക്ക് വിപണിയിലുണ്ടായ വലിയ വിലക്കയറ്റവും പദ്ധതിക്ക് തിരിച്ചടിയായി മാറി.
2022-ൽ സർക്കാർ നിയോഗിച്ച സാങ്കേതിക സമിതി സമർപ്പിച്ച റിപ്പോർട്ടിലും പദ്ധതി തുക വർധിപ്പിച്ചു നൽകണമെന്ന് ശുപാർശ ചെയ്തിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

