ശ്രീകണ്ഠപുരത്തിനടുത്ത് കൊയ്യം ഗവ. ഹൈസ്കൂളിൽ നിന്ന് ചെങ്ങളായിയിലേക്കുള്ള പാതയുടെ ആരംഭത്തിലാണ് കീയച്ചാൽ ഗ്രാമം സ്ഥിതി ചെയ്യുന്നത്.
ആ നാടിന്റെ സാംസ്കാരിക അടയാളമായി തലയുയർത്തി നിൽക്കുന്ന ഒന്നാണ് കെ.വി.വിനോദ് സ്മാരക വായനശാല. 2000-ൽ ‘ഗ്രാമദീപം ക്ലബ്ബ്’ എന്ന പേരിലാണ് ഈ കൂട്ടായ്മയുടെ തുടക്കം കുറിക്കുന്നത്.
എന്നാൽ 2003-ൽ ഗ്രാമദീപം ക്ലബ്ബിന്റെ സജീവ പ്രവർത്തകനും പൊലീസുകാരനുമായിരുന്ന കെ.വി. വിനോദ് മുത്തങ്ങയിൽ കൊല്ലപ്പെട്ടതോടെ നാടിന്റെ ചരിത്രം തന്നെ മാറിമറിഞ്ഞു.
കേസിൽ പ്രതിപ്പട്ടികയിലുണ്ടായിരുന്ന മുഴുവൻ പേരെയും കോടതി വെറുതെവിട്ടുവെന്ന വാർത്തയുടെ ഞെട്ടലിലും കടുത്ത വേദനയിലുമാണ് ഇപ്പോൾ ഈ ഗ്രാമം. വിനോദ് കൊല്ലപ്പെട്ടുവെന്ന വിവരം അറിഞ്ഞ രാത്രിയിൽ തന്നെ നാട്ടുകാരും സുഹൃത്തുക്കളും മുത്തങ്ങയിലേക്ക് പുറപ്പെട്ടിരുന്നു.
വിനോദിന്റെ ബാല്യകാല സുഹൃത്തും സമീപവാസിയുമായ എ. സജിത്ത് ആ സംഘത്തിലുണ്ടായിരുന്നു.
അന്നത്തെ രാത്രിയെക്കുറിച്ച് ഓർത്തെടുക്കുമ്പോൾ ഇപ്പോഴും ആ കണ്ണീർ മായുന്നില്ലെന്ന് കീയച്ചാൽ വിനോദ് സ്മൃതി വായനശാലയുടെ മുന്നിൽ നിന്ന് അദ്ദേഹം പറയുന്നു. നിലവിൽ കണ്ണൂർ സെന്റ് മൈക്കിൾസ് സ്കൂളിലെ അധ്യാപകനാണ് സജിത്ത്.
വിനോദിന്റെ ദാരുണ അന്ത്യത്തിന് ശേഷമാണ് കീയച്ചാൽ ഗ്രാമദീപം ക്ലബ്ബ് ഔദ്യോഗികമായി ‘വിനോദ് സ്മാരക വായനശാല’യായി പേരുമാറ്റിയത്. അന്ന് മാങ്ങാട്ടുപറമ്പ് കെഎപി കമാൻഡന്റായിരുന്ന സുരേഷ് രാജ് പുരോഹിത് ആണ് വായനശാല നാടിന് സമർപ്പിച്ചത്.
പ്രസ്ഥാനത്തിന്റെ തുടക്കക്കാരനായ എ. സജിത്ത് തന്നെയാണ് 23 വർഷങ്ങൾക്കിപ്പുറവും ഈ സ്ഥാപനത്തിന്റെ സെക്രട്ടറിയായി സേവനം അനുഷ്ഠിക്കുന്നത്.
ഇ.വി. പ്രസന്നൻ ആണ് നിലവിലെ പ്രസിഡന്റ്.
മുത്തങ്ങ സമര ഭൂമിയിൽ വിനോദ് ജീവൻ വെടിഞ്ഞതു മുതൽ ഇന്നുവരെ എല്ലാ വർഷവും ഫെബ്രുവരി 19-ന് ഈ വായനശാലയിൽ അദ്ദേഹത്തിന്റെ ചരമവാർഷികം വിപുലമായി ആചരിച്ചുവരുന്നുണ്ട്. വിനോദിന്റെ സ്മരണയ്ക്കായി നാട്ടിൽ ഒരു റോഡും നാമകരണം ചെയ്തിട്ടുണ്ട്.
കൊയ്യം ജിഎച്ച്എസ്എസ് ജംക്ഷൻ മുതൽ കീയച്ചാൽ വഴി ചെങ്ങളായിയിലേക്കുള്ള പാത ഇപ്പോൾ വിനോദ് സ്മാരക റോഡ് എന്നാണ് അറിയപ്പെടുന്നത്. വി.പി.
മോഹനൻ ചെങ്ങളായി പഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലത്ത്, അന്നത്തെ കണ്ണൂർ റൂറൽ എസ്.പി. നവവീത് ശർമയാണ് ഈ റോഡിന് വിനോദിന്റെ പേര് ഔദ്യോഗികമായി നൽകിയത്.
നീതി കിട്ടിയില്ലെന്ന കടുത്ത വേദനയിൽ കുടുംബം 2003-ൽ മുത്തങ്ങ പ്രക്ഷോഭത്തിനിടയിൽ അരുംകൊല ചെയ്യപ്പെട്ട മാങ്ങാട്ടുപറമ്പ് കെഎപി ബറ്റാലിയൻ പൊലീസ് കോൺസ്റ്റബിൾ കെ.വി.
വിനോദ് ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ ഇന്ന് സർവീസിൽ ഉയർന്ന പദവികളിൽ എത്തുമായിരുന്നു. അന്ന് സാധാരണ കോൺസ്റ്റബിളായിരുന്ന അവന് ഇന്ന് ഒരുപക്ഷേ എസ്.ഐ.
പദവി എങ്കിലും ലഭിക്കുമായിരുന്നു എന്ന് കുടുംബാംഗങ്ങൾ വിതുമ്പലോടെ ഓർക്കുന്നു. കീയച്ചാലിലെ സഹോദരി കെ.വി.
രമണിയുടെ വീടിന്റെ സ്വീകരണമുറിയിലെ ഭിത്തികളിൽ നിറയെ വിനോദിന്റെ വിവിധ കാലഘട്ടങ്ങളിലെ ചിത്രങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. പ്രായമേറിയ മാതാവ് കെ.വി.
നാരായണി ഇടയ്ക്കിടെ ഈ ചിത്രങ്ങളിലേക്ക് നോക്കി തന്റെ പ്രിയപ്പെട്ട മകനെ മനസ്സിൽ ഓർക്കുകയാണ്.
നീണ്ട ഇരുപത്തിമൂന്ന് വർഷങ്ങൾക്ക് ശേഷമെങ്കിലും കോടതി വിധിയിലൂടെ തങ്ങൾക്ക് നീതി ലഭിക്കുമെന്നായിരുന്നു ഈ കുടുംബത്തിന്റെ ഏക പ്രതീക്ഷ.
എന്നാൽ പ്രതികൾക്ക് ശിക്ഷ ലഭിക്കില്ലെന്ന വിധി ഈ കുടുംബത്തെ മാനസികമായി തകർത്തിരിക്കുകയാണ്. ബിരുദവും എച്ച്.ഡി.സിയും പൂർത്തിയാക്കിയ ഉടനെയാണ് വിനോദിന് പൊലീസ് ജോലി ലഭിക്കുന്നത്.
2003 ഫെബ്രുവരി 19-ലെ ആ ഭീകരവാർത്ത സമ്മാനിച്ച ആഘാതത്തിൽ നിന്ന് കീയച്ചാൽ ഗ്രാമം ഇതുവരെ പൂർണ്ണമായി മുക്തമായിട്ടില്ല. മുത്തങ്ങയിൽ പൊലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ട
വിവരം നാടറിഞ്ഞ ഉടൻ തന്നെ വിനോദിന്റെ കൂട്ടുകാർ കീയച്ചാലിൽ നിന്ന് അവിടേക്ക് വണ്ടി കയറിയിരുന്നു. അർധരാത്രിയോടെ അവിടെയെത്തിയ അവർ കണ്ടത് വെട്ടേറ്റു മരിച്ചുകിടക്കുന്ന വിനോദിന്റെ ഭൗതികശേരമാണ്.
പിറ്റേദിവസം രാത്രിയോടെ പോസ്റ്റ്മോർട്ടം ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കി മൃതദേഹം കീയച്ചാലിൽ എത്തിച്ചു. അന്ന് കീയച്ചാൽ ഗ്രാമത്തിലേക്ക് കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വലിയ ജനക്കൂട്ടമാണ് ഒഴുകിയെത്തിയത്.
സംസ്ഥാനത്തെ പ്രമുഖ പൊലീസ് ഉദ്യോഗസ്ഥരെല്ലാം അന്ന് അവിടെയെത്തിയിരുന്നു. രാത്രി പതിനൊന്ന മണിയോടെ പെരുന്തിലേരിയിലെ തറവാട്ട് ഭൂമിയിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാര ചടങ്ങുകൾ നടന്നത്.
തുടർന്നുളള ദിവസങ്ങളിൽ നിരവധി മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ഈ വീട്ടിലേക്ക് സാന്ത്വനവുമായി എത്തിയിരുന്നു. ഇത്രയും ക്രൂരമായ കൊലപാതകം നടന്നിട്ടും കാൽനൂറ്റാണ്ട് പിന്നിട്ടിട്ടും വിനോദിന് മാത്രം എന്തുകൊണ്ട് നീതി നിഷേധിക്കപ്പെട്ടു എന്ന ചോദ്യമാണ് ഉത്തരം കിട്ടാതെ കുടുംബാംഗങ്ങളെയും നാട്ടുകാരെയും വേട്ടയാടുന്നത്.
വിനോദിന്റെ വിയോഗത്തെ തുടർന്ന് വിവിധ മാധ്യമങ്ങളിൽ വന്ന വാർത്താ കട്ടിംഗുകൾ എല്ലാം കോർത്തിണക്കിയ ഒരു ആൽബം സഹോദരൻ കെ.വി. ബാബുവിന്റെ കൈവശം ഇന്നും ഭദ്രമായി സൂക്ഷിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

