ആഗോളതലത്തിൽ പരമ്പരാഗത എണ്ണ ഉൽപാദക രാജ്യങ്ങൾ പ്രതിസന്ധിയിലായ സാഹചര്യത്തെ അനുകൂലമാക്കി മാറ്റിയിരിക്കുകയാണ് ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾ. ചെങ്കടലും ഹോർമുസും കരിങ്കടലുമെല്ലാം യുദ്ധച്ചൂടിൽ അമരുമ്പോൾ, പഴയ ബ്രിട്ടീഷ് കോളനിയായ ഗയാന എണ്ണ ഉൽപാദനത്തിലും കയറ്റുമതിയിലും പുതിയ അധ്യായം രചിക്കുകയാണ്.
ഇന്ത്യയും നിലവിൽ ഗയാനയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നുണ്ട്. 2026 മേയിലെ കണക്കുകൾ പ്രകാരം ഗയാനയുടെ പ്രതിദിന ക്രൂഡോയിൽ ഉൽപാദനം 8.88 ലക്ഷം ബാരവായി ഉയർന്നിട്ടുണ്ട്.
പ്രമുഖ യുഎസ് എണ്ണക്കമ്പനിയായ എക്സോൺ മൊബീൽ 1270 കോടി ഡോളർ (1.22 ലക്ഷം കോടി രൂപ) നിക്ഷേപത്തോടെ പുതിയ എണ്ണക്കിണറായ ഉവാറു പ്രോജക്ട് ഗയാനയിൽ ഉൽപാദനസജ്ജമാക്കി വരുന്നു. ഈ വർഷം തന്നെ ഇവിടെ നിന്നും ഉൽപാദനം ആരംഭിക്കുന്നതോടെ പ്രതിദിനം 2.50 ലക്ഷം ബാരൽ എണ്ണ കൂടി ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഉവാറു പദ്ധതി പ്രവർത്തനക്ഷമമാകുന്നതോടെ ഗയാനയുടെ പ്രതിദിന ഉൽപാദനം 10 ലക്ഷം ബാരൽ എന്ന നിർണായക നാഴികക്കല്ലും പിന്നിടും. അതേസമയം, വെനസ്വേലയുടെ പ്രതിദിന ഉൽപാദനം 6 ലക്ഷം ബാരൽ ആയിരുന്നു.
പ്രസിഡന്റ് നിക്കോളാസ് മഡൂറോയെ പിടികൂടിയ യുഎസ്, വെനസ്വേലയുടെ എണ്ണവിപണിയുടെ നിയന്ത്രണവും കൈക്കലാക്കിയിരുന്നു. വിദേശ നിക്ഷേപത്തിന്റെ പിന്തുണയോടെ ഉൽപാദനം 10 ലക്ഷത്തിന് മുകളിലേക്ക് ഉയർത്താൻ വെനസ്വേലയ്ക്കായിട്ടുണ്ട്.
2027ഓടെ ഉൽപാദനം 15 ലക്ഷം ബാരലിലെത്തുമെന്നാണ് കണക്കാക്കപ്പെടുന്നത്. എന്നാൽ അമേരിക്കയുടെ വർഷങ്ങളായുള്ള ഉപരോധം കാരണം വെനസ്വേലയിലെ ഭൂരിഭാഗം റിഫൈനറികളും പ്രവർത്തനരഹിതമായിരുന്നു.
ഇവ പൂർണതോതിൽ പ്രവർത്തനക്ഷമമാക്കാൻ വൻതോതിലുള്ള നവീകരണവും ഫണ്ടും ആവശ്യമാണ്. അമേരിക്കയ്ക്ക് പുറമെ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ നിക്ഷേപമാണ് വെനസ്വേല ഇപ്പോൾ പ്രതീക്ഷിക്കുന്നത്.
മേഖലയിലെ അവകാശവാദങ്ങളും ആശങ്കകളും
വെനസ്വേലയും ഗയാനയും തമ്മിൽ നൂറ്റാണ്ടുകളായി നിലനിൽക്കുന്ന തർക്കപ്രദേശമാണ് ഇസ്സക്യൂബോ (Essequibo). ഗയാനയുടെ നിയന്ത്രണത്തിലാണ് ഈ പ്രദേശമെങ്കിലും വെനസ്വേല ഇതിൽ ശക്തമായ അവകാശവാദം ഉന്നയിക്കുന്നുണ്ട്.
എണ്ണ സമ്പത്താൽ അനുഗൃഹീതമാണ് ഇവിടം. ഇസ്സക്യൂബോ പിടിച്ചെടുക്കുമെന്ന് നിക്കോളാസ് മഡൂറോ നേരത്തെ ഭീഷണി മുഴക്കിയിരുന്നു.
നിലവിൽ വെനസ്വേലൻ എണ്ണമേഖലയുടെ നിയന്ത്രണം യുഎസ് ഏറ്റെടുത്തിട്ടുള്ള സാഹചര്യത്തിൽ, ഇസ്സക്യൂബോ വിഷയത്തിൽ യുഎസ് പ്രസിഡന്റ് ട്രംപും ഇടപെട്ടേക്കുമെന്ന ആശങ്ക ഗയാനയ്ക്കുണ്ട്. വെനസ്വേല കഴിഞ്ഞാൽ ലാറ്റിൻ അമേരിക്കയിൽ ഏറ്റവും കൂടുതൽ എണ്ണ ഉൽപാദിപ്പിക്കുന്ന രാജ്യം ബ്രസീലാണ് (പ്രതിദിനം 45 ലക്ഷം ബാരൽ).
കൊളംബിയ (8 ലക്ഷം ബാരൽ), അർജന്റീന (8.6 ലക്ഷം ബാരൽ) തുടങ്ങിയ രാജ്യങ്ങളും തൊട്ടുപിന്നിലുണ്ട്. എണ്ണവിലക്കുതിപ്പും വിപണിയും
ആഗോള എണ്ണ വ്യാപാരത്തിന്റെ സിംഹഭാഗവും നടക്കുന്ന ചെങ്കടൽ, ഹോർമുസ് പാതകളെ ആശ്രയിക്കാത്തവയാണ് ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾ.
അതിനാൽ തന്നെ യുദ്ധങ്ങളും കപ്പൽ ഉപരോധങ്ങളും ഇവരെ ബാധിച്ചിട്ടില്ല. അതേസമയം, സംഘർഷത്തെ തുടർന്ന് ക്രൂഡോയിൽ വില ബാരലിന് 90-100 ഡോളറിന് മുകളിലേക്ക് കുതിച്ചുയരുന്നത് ഈ രാജ്യങ്ങൾക്ക് വൻ സാമ്പത്തിക നേട്ടമാണ് ഉണ്ടാക്കുന്നത്.
ഹോർമുസിനെയും ചെങ്കടനെയും ആശ്രയിച്ചിരുന്ന ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഇപ്പോൾ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലേക്ക് തിരിഞ്ഞിട്ടുണ്ട്. ഗയാന, കൊളംബിയ, അർജന്റീന, ബ്രസീൽ തുടങ്ങിയവിടങ്ങളിൽ നിന്ന് ഇന്ത്യ ക്രൂഡോയിൽ വാങ്ങിത്തുടങ്ങിയിട്ടുണ്ട്.
കൂടാതെ വെനസ്വേലയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയും പുനരാരംഭിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

