ആലപ്പുഴ പുന്നമടക്കായലിൽ നടക്കുന്ന നെഹ്റു ട്രോഫി വള്ളംകളിയിൽ കഴിഞ്ഞ വർഷങ്ങളിൽ വലിയ ചർച്ചകൾക്കും തർക്കങ്ങൾക്കും വഴിവെച്ച പ്രധാന വിഷയം ഇതരസംസ്ഥാന തുഴച്ചിലുകാരുടെ പങ്കാളിത്തമാണ്. ആകെയുള്ള തുഴച്ചിലുകാരിൽ അതിഥി സംസ്ഥാനങ്ങളിൽ നിന്നുള്ളവരുടെ എണ്ണം 25 ശതമാനത്തിൽ കൂടരുത് എന്നാണ് നിലവിലുള്ള ചട്ടം.
2020-ന് ശേഷമാണ് നെഹ്റു ട്രോഫിയിൽ ഈ നിബന്ധന കർശനമാക്കിയത്. ചാംപ്യൻസ് ബോട്ട് ലീഗിലും (സിബിഎൽ) സമാനമായ രീതി നടപ്പാക്കിയിരുന്നെങ്കിലും, ഇത് ഫലപ്രദമല്ലെന്ന് കണ്ടതിനെ തുടർന്ന് കഴിഞ്ഞ വർഷം മുതൽ ഒഴിവാക്കുകയുണ്ടായി.
എന്നാൽ, വള്ളങ്ങളിൽ തുഴയുന്നവരുടെ എണ്ണം കൃത്യമായി പരിശോധിക്കുവാൻ പര്യാപ്തമായ സംവിധാനങ്ങളുടെ കുറവാണ് സംഘാടകർ നേരിടുന്ന പ്രധാന വെല്ലുവിളി. കഴിഞ്ഞ വർഷത്തെ വള്ളംകളിയിൽ രണ്ട് മുതൽ നാല് വരെയുള്ള സ്ഥാനങ്ങൾ നേടിയ ബോട്ട് ക്ലബ്ബുകൾക്കെതിരെ പരാതികൾ ഉയർന്നതിനെ തുടർന്ന്, മത്സര ദിവസം ഒന്നാം സ്ഥാനം മാത്രമാണ് പ്രഖ്യാപിച്ചിരുന്നത്.
അനുവദനീയമായതിൽ കൂടുതൽ ഇതരസംസ്ഥാന തുഴച്ചിലുകാർ പങ്കെടുത്തു എന്നതായിരുന്നു പ്രധാന പരാതി. ഇതിനുപുറമെ, പന കൊണ്ടുണ്ടാക്കിയ തുഴയ്ക്ക് പകരം തടിത്തുഴകളും ഫൈബർ തുഴകളും ഉപയോഗിച്ചതായും ആരോപണങ്ങൾ ഉയർന്നിരുന്നു.
ജൂറി ഓഫ് അപ്പീൽ പരാതികളും ദൃശ്യങ്ങളും പരിശോധിച്ചെങ്കിലും തെളിവുകളുടെ അഭാവത്തിൽ തള്ളിക്കളയുകയായിരുന്നു. ആർഡിഒ ഓഫിസിൽ സമർപ്പിച്ച പട്ടികയുമായി താരതമ്യം ചെയ്തെങ്കിലും, ആരോപണം ഉന്നയിച്ചവർക്ക് കൃത്യമായ തെളിവുകൾ നൽകാൻ സാധിച്ചിരുന്നില്ല.
ഈ ചട്ടം പാലിക്കപ്പെടുന്നുണ്ടോ എന്ന് ഉറപ്പുവരുത്താൻ നിലവിൽ കൃത്യമായ പരിശോധനാ സംവിധാനങ്ങളില്ലാത്തത് വലിയൊരു പോരായ്മയാണ്. തുഴച്ചിലുകാരുടെ പേരുകൾ മുൻകൂട്ടി സമർപ്പിക്കുമെങ്കിലും, കേരളത്തിലെ വിലാസങ്ങളാണ് മിക്കവരും നൽകുന്നത് എന്നതിനാൽ പട്ടികയിലൂടെ മാത്രം ഇവരെ കണ്ടെത്തുക അസാധ്യമാണ്.
മത്സര ദിവസം മാസ് ഡ്രില്ലിന് ശേഷം നേരെ സ്റ്റാർട്ടിങ് പോയിന്റിലേക്ക് പോകുന്ന വള്ളങ്ങളിലെ തുഴച്ചിലുകാരെ നേരിട്ട് പരിശോധിക്കുക ബുദ്ധിമുട്ടാണ്. ദൃശ്യങ്ങളിൽ നിന്ന് ഇവരെ വേർതിരിച്ചറിയുന്നതും പ്രയാസകരമാണ്.
വള്ളംകളി പണക്കാരുടെ മാത്രം വേദിയായി മാറുന്നത് തടയാൻ ജില്ലാ ഭരണകൂടത്തിന്റെയും പൊലീസിന്റെയും നേതൃത്വത്തിൽ ട്രയൽ റൺ സമയത്തും ക്യാംപുകളിലും കർശന പരിശോധന നടത്തണമെന്നാണ് ചട്ടത്തെ അനുകൂലിക്കുന്നവരുടെ ആവശ്യം. നിയമം ലംഘിക്കുന്നവരെ അയോഗ്യരാക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു.
അതേസമയം, പരിശോധന അസാധ്യമെങ്കിൽ ഈ നിബന്ധന പൂർണ്ണമായി ഒഴിവാക്കണമെന്ന വാദവും ശക്തമാണ്. ചിലർ ചട്ടങ്ങൾ പാലിക്കുമ്പോൾ മറ്റുചിലർ അത് ലംഘിക്കുന്നത് കായികരംഗത്തോടുള്ള അനീതിയാണെന്നും, കൃത്യമായ പരിശോധനയോ അല്ലെങ്കിൽ ചട്ടമാറ്റം വരുത്തുകയോ വേണമെന്നുമാണ് പൊതുവായ ആവശ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

