ആലപ്പുഴ നൂറനാട് ലെപ്രസി സാനിറ്റോറിയത്തിൽ രോഗികളിൽ നിന്ന് ചികിത്സയ്ക്കായി കൈക്കൂലി ഈടാക്കിയ ഫിസിയോതെറാപ്പിസ്റ്റിനെ വിജിലൻസ് അറസ്റ്റ് ചെയ്തു. എൻഎച്ച്എം കരാർ ജീവനക്കാരനും കായംകുളം ചേരാവള്ളി സ്വദേശിയുമായ രജനീഷിനെയാണ് (53) വിജിലൻസ് സംഘം ആശുപത്രിയിൽ വെച്ച് കൈയോടെ പിടികൂടിയത്.
വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം, കോട്ടയം വിജിലൻസ് എസ്പി ആർ ബിനു എന്നിവരുടെ നിർദേശാനുസരണം സംഘടിപ്പിച്ച ‘ഓപ്പറേഷൻ പ്രോജക്ട് സീറോ’യുടെ ഭാഗമായായിരുന്നു ഈ നടപടി. ഫിസിയോതെറാപ്പി ചികിത്സയ്ക്കായി എത്തുന്നവരിൽ നിന്ന് ഇയാൾ നിരന്തരം പണം ഈടാക്കുന്നതായി നേരത്തെ പരാതി ലഭിച്ചിരുന്നു.
രോഗികൾക്ക് മെച്ചപ്പെട്ട പരിചരണം ഉറപ്പാക്കാമെന്ന് വാഗ്ദാനം ചെയ്താണ് ഇയാൾ പണം വാങ്ങിയിരുന്നത്.
ഇതിന്റെ അടിസ്ഥാനത്തിൽ വിജിലൻസ് തയാറാക്കിയ പദ്ധതിപ്രകാരം പരാതിക്കാരി മുഖേന നൽകിയ ആയിരം രൂപ ഇയാളിൽ നിന്ന് ഉദ്യോഗസ്ഥർ കണ്ടെടുത്തു. ഈ തുകയ്ക്ക് പുറമെ പതിനായിരത്തോളം രൂപയും ഇയാളുടെ പക്കൽ നിന്ന് വിജിലൻസ് പിടിച്ചെടുത്തിട്ടുണ്ട്.
ചികിത്സാ വിവരങ്ങൾ രേഖപ്പെടുത്താൻ നൽകുന്ന ബുക്കുകൾക്കുള്ളിൽ അഞ്ഞൂറ് രൂപയുടെ നോട്ടുകൾ വെച്ചു നൽകുന്നതായിരുന്നു ഇയാളുടെ രീതി. ഇതിനായി ചികിത്സയ്ക്കായി എത്തുന്ന ചിലർ തന്നെ ഇടനിലക്കാരായി പ്രവർത്തിച്ചിരുന്നതായും വിജിലൻസ് വ്യക്തമാക്കി.
ആലപ്പുഴ വിജിലൻസ് എസ്പി കെ വി ബെന്നി, സിഐമാരായ ഷൈജു ഇബ്രാഹിം, പ്രശാന്ത് കുമാർ, നിസാമുദീൻ, ജിംസ്റ്റൻ എന്നിവരടങ്ങിയ സംഘമാണ് റെയ്ഡിന് നേതൃത്വം നൽകിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

