ജലോത്സവ പ്രേമികളുടെയും നാട്ടുകാരുടെയും വർഷങ്ങളായുള്ള സ്വപ്നം യാഥാർത്ഥ്യമാകുന്നു. കഠിനപ്രയത്നങ്ങൾക്ക് വിരാമമിട്ട് പുതിയ ചുണ്ടൻ വള്ളം ജലത്തിലേക്ക് ഇറങ്ങാൻ ഒരുങ്ങുകയാണ്.
ആർപ്പൂക്കര ചുണ്ടൻ വള്ളസമിതിയുടെ നേതൃത്വത്തിൽ 70 ലക്ഷം രൂപയിലധികം ചെലവഴിച്ചാണ് ഈ മനോഹരമായ ചുണ്ടൻ വള്ളം നിർമിച്ചിരിക്കുന്നത്. ഓഗസ്റ്റ് 2ന് ഉച്ചയ്ക്ക് 12നും 12.30നും ഇടയിൽ മീനച്ചിലാറ്റിലാണ് വള്ളം നീരണിയുന്നത്.
എടത്വ കോവിൽമുക്ക് ഓടശേരിൽ സാബു നാരായണൻ ആചാരിയുടെ കരവിരുതിലാണ് ഈ വള്ളം രൂപംകൊണ്ടിരിക്കുന്നത്. വള്ളത്തിന്റെ അവസാന ഘട്ട
മിനുക്ക് ജോലികളാണ് നിലവിൽ പുരോഗമിക്കുന്നത്. ജലത്തിൽ ഇറക്കുന്നതിന് തൊട്ടുമുൻപായിരിക്കും വള്ളത്തിന്റെ ലോഹ ചുണ്ട് പിടിപ്പിക്കുകയെന്ന് സമിതി അധികൃതർ അറിയിച്ചു.
പ്രശസ്തമായ നെഹ്റു ട്രോഫി ജലമേളയിൽ ഇത്തവണ മാറ്റുരയ്ക്കാൻ ആർപ്പൂക്കര ചുണ്ടൻ പൂർണ സജ്ജമാണ്. 128 അടി നീളമുള്ള ഈ വള്ളത്തിൽ 85 തുഴച്ചിൽകാരും 5 അമരക്കാരും 9 താളക്കാരും അടങ്ങുന്ന വലിയ സംഘമാണ് അണിനിരക്കുന്നത്.
കുമരകം ഇമ്മാനുവൽ ബോട്ട് ക്ലബ്ബാണ് വള്ളത്തിന്റെ കന്നി അങ്കത്തിൽ തുഴയെറിയുന്നത്. 2023 ഓഗസ്റ്റിൽ ആർപ്പൂക്കരയിലെ ഒരു കൂട്ടം യുവാക്കൾ തങ്ങൾക്കൊരു സ്വന്തം വള്ളം വേണമെന്ന ആഗ്രഹം പ്രകടിപ്പിച്ചതോടെയാണ് ഈ ചരിത്ര പദ്ധതിക്ക് തുടക്കമാകുന്നത്.
ആദ്യം ഒരു വെപ്പ് എ ഗ്രേഡ് വള്ളം നിർമിക്കാനായിരുന്നു ലക്ഷ്യമിട്ടതെങ്കിലും, നാട്ടിലെ മുതിർന്ന ജലോത്സവ പ്രേമികളുടെ നിർദേശപ്രകാരം ചുണ്ടൻ വള്ളം നിർമിക്കാൻ തീരുമാനിക്കുകയായിരുന്നു. തുടർന്ന് 40 അംഗ സംഘാടക സമിതി രൂപീകരിച്ച് പ്രവർത്തനങ്ങൾ വേഗത്തിലാക്കി.
തിടനാട്, ചേർപ്പുങ്കൽ എന്നിവിടങ്ങളിൽ നിന്നാണ് ചുണ്ടൻ വള്ളത്തിനായുള്ള തടി കണ്ടെത്തിയത്. 2025 ജനുവരിയിൽ വൃക്ഷപൂജ നടത്തി മരം മുറിച്ചു.
തുടർന്ന് കരിപ്പൂത്തട്ട് കൈതപ്പാടം പാലത്തിന് സമീപമുള്ള മംഗലശേരി പുരയിടത്തിൽ പ്രത്യേകമായി ഒരുക്കിയ മാലിപ്പുരയിലേക്ക് തടി എത്തിച്ചു. മേയ് 25ന് മുഖ്യശിൽപി സാബു നാരായണൻ ആചാരി പത്താമത്തെ വള്ളമായ ആർപ്പൂക്കര ചുണ്ടന് ആദ്യ ഉളിക്കുത്ത് നൽകി.
2026 ജനുവരി 25ന് വള്ളത്തിന്റെ ‘മലർത്തൽ’ ചടങ്ങും നടന്നു. വങ്ക് പലകകൾക്കായി മറ്റക്കര, തൊടുപുഴ എന്നിവിടങ്ങളിൽ നിന്നും മരങ്ങളെത്തിച്ചിരുന്നു.
ചുണ്ടന്റെ മണിക്കാലിനായുള്ള പുന്നമരം വീയപുരത്തുനിന്നാണ് കണ്ടെത്തിയത്. വള്ളം നീറ്റിലിറക്കുന്ന ചടങ്ങിന് ശേഷം നടക്കുന്ന ഔദ്യോഗിക സമ്മേളനത്തിൽ മന്ത്രി മോൻസ് ജോസഫ്, കെ.ഫ്രാൻസിസ് ജോർജ് എംപി, നാട്ടകം സുരേഷ് എംഎൽഎ തുടങ്ങിയ പ്രമുഖർ പങ്കെടുക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

