അന്യസംസ്ഥാനങ്ങളിൽ നിന്ന് ഗർഭിണികളെ കേരളത്തിലെത്തിച്ച് അവർക്കുണ്ടാകുന്ന നവജാത ശിശുക്കളെ വിൽപന നടത്തുന്ന ഗൂഢസംഘത്തിലെ രണ്ടുപേരെ പൊലീസ് പിടികൂടി. തമിഴ്നാട് തിരുനെൽവേലി സ്വദേശിയായ മൂപ്പിലിരാജ (27), വാഗമൺ പുതുക്കാട് കൂന്ദാനിയിൽ വീട്ടിൽ കെ.എസ്.അർജുൻ (21) എന്നിവരാണ് അറസ്റ്റിലായത്.
ഈരാറ്റുപേട്ട പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ ഹർഷിത എന്ന സ്ത്രീയും പ്രതിയാണെന്ന് അധികൃതർ വ്യക്തമാക്കി.
തമിഴ്നാട്ടിൽ നിന്ന് യുവതിയെ കേരളത്തിലെത്തിക്കുകയും ജനിക്കാൻ പോകുന്ന കുഞ്ഞിനെ കടത്തിക്കൊണ്ടുപോയി വിൽക്കാൻ ശ്രമിക്കുകയും ചെയ്തുവെന്ന അസം സ്വദേശിനിയായ 22 വയസ്സുകാരിയുടെ പരാതിയിലാണ് ഈ നടപടി. ഈ മാസം 16ന് തീക്കോയിയിൽ എത്തിച്ച യുവതിയെ രഹസ്യമായി പാർപ്പിക്കുകയും, കുട്ടിയെ നൽകുന്നതിനു വിസമ്മതമറിയിച്ചപ്പോൾ തടഞ്ഞുവെച്ച് മർദിക്കുകയും ചെയ്തുവെന്നാണ് കേസ്.
തുടർന്ന് 26ന് ഈ വീട്ടിൽനിന്ന് രക്ഷപ്പെട്ട് യുവതി ഈരാറ്റുപേട്ട സ്റ്റേഷനിലെത്തിയെങ്കിലും ഭാഷാപരമായ തടസ്സങ്ങൾ കാരണം മൊഴി രേഖപ്പെടുത്താൻ കഴിഞ്ഞിരുന്നില്ല.
പിന്നീട് കെയർഹോം അധികൃതരുടെ സഹായത്തോടെയാണ് വിശദമായ പരാതി നൽകിയത്. അറസ്റ്റിലായ തിരുനെൽവേലി സ്വദേശി മൂപ്പിലിരാജ (27) തന്നെയാണ് ‘കാർത്തിക്’ എന്ന പേരിൽ സാമൂഹിക മാധ്യമങ്ങളിലൂടെ ബന്ധപ്പെട്ടതെന്നാണ് പൊലീസിന്റെ സംശയം.
സംഘത്തിൽനിന്നു രക്ഷപ്പെട്ട യുവതിയും കാർത്തിക് എന്നയാളാണ് തന്നെ ബന്ധപ്പെട്ടതെന്ന് മൊഴി നൽകിയിരുന്നു.
ഇയാൾ ഉൾപ്പെടെ കണ്ടാലറിയാവുന്ന 8 പേർക്കെതിരെയാണ് പരാതി നൽകിയിട്ടുള്ളത്. തീക്കോയിയിലെ റബർത്തോട്ടത്തിലെ ഒറ്റപ്പെട്ട
വീട്ടിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
കേസിന്റെ അന്വേഷണച്ചുമതല പാലാ ഡിവൈഎസ്പി കെ.സദനാണ് ഉള്ളത്. കെയർഹോമിൽ പാർപ്പിച്ചിരുന്ന പരാതിക്കാരിയായ യുവതിയെ വനിതാ – ശിശു വികസന വകുപ്പ് അധികൃതരെത്തി ഏറ്റെടുക്കുകയും ചെയ്തു.
കുഞ്ഞുങ്ങളെ കടത്തുന്ന മാഫിയയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

