ആലപ്പുഴയിൽ ഏറെ കോലാഹലങ്ങൾ സൃഷ്ടിച്ച വയോധികയുടെ കൊലപാതക കേസിൽ നിർണായക കോടതി വിധി. ചിന്നമ്മ എന്നറിയപ്പെടുന്ന ഏലിയമ്മ ടീച്ചറെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിൽ അയൽവാസിയായ യുവതി കുറ്റക്കാരിയാണെന്ന് അഡീഷണൽ ജില്ലാ സെഷൻസ് കോടതി കണ്ടെത്തി.
മാരാരിക്കുളം തെക്ക് പഞ്ചായത്ത് ഏഴാം വാർഡിൽ മാഞ്ഞാലിക്കാട് വീട്ടിൽ ഫ്രില്ലി ഫ്രാൻസിസിനെയാണ് (39) കോടതി കുറ്റക്കാരിയായി വിധിച്ചത്. കേസ് പരിഗണിച്ച അഡീഷണൽ ജില്ലാ സെഷൻസ് കോടതി മൂന്ന് ജഡ്ജി എം ഷുഹൈബ് ആണ് ഉത്തരവ് പുറപ്പെടുവിച്ചത്.
വിധിക്ക് പിന്നാലെ പ്രതിയെ ജില്ലാ ജയിലിലേക്ക് മാറ്റുകയും, ശിക്ഷാവിധി പ്രഖ്യാപിക്കുന്നതിനായി ബുധനാഴ്ച വീണ്ടും ഹാജരാക്കാൻ ഉത്തരവിടുകയും ചെയ്തു. 2010 ഓഗസ്റ്റ് 12-നാണ് നാടിനെ ഞെട്ടിച്ച ഈ അപൂർവ്വ കൊലപാതകം നടന്നത്.
സംഭവസമയം ടീച്ചറുടെ ഭർത്താവും നാല് മക്കളും വിദേശത്തായിരുന്നു. വീട്ടുജോലിക്കാരി വീട്ടിൽ ഇല്ലാത്ത സമയം നോക്കി, ടീച്ചർ ധരിച്ചിരുന്ന സ്വർണ്ണാഭരണങ്ങൾ കവിയുന്നതിനായി പ്രതി കൃത്യമായ പദ്ധതി തയ്യാറാക്കുകയായിരുന്നു.
അടുക്കളത്തിണ്ണയിൽ വിശ്രമിക്കുകയായിരുന്ന ടീച്ചറെ സ്നേഹത്തോടെ അകത്തേക്ക് വിളിച്ചുവരുത്തിയ ശേഷം മുഖത്ത് മുളകുപൊടി വിതറുകയും പിന്നിൽ നിന്ന് തള്ളിയിടുകയുമാണ് ചെയ്തത്. ഈ വീഴ്ചയിൽ ടീച്ചറുടെ വാരിയെല്ലുകൾ ഒടിയുകയും തുടർന്ന് മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് ഇരുകൈത്തണ്ടകളും മുറിച്ചു മാറ്റുകയുമായിരുന്നു.
കഴുത്തിൽ ഗുരുതരമായി മുറിവേൽപ്പിച്ചാണ് കൊലപാതകം പൂർത്തിയാക്കിയത്. കൊലപാതകത്തിന് ശേഷം വയോധികയുടെ സ്വർണ്ണവളകളും മാലയും പ്രതി കവർന്നു കൊണ്ടുപോയി.
ഈ ആഭരണങ്ങൾ പിന്നീട് പണയം വെച്ചാണ് പ്രതി മോതിരവും പുതിയ വസ്ത്രങ്ങളും വാങ്ങിയത്. കുറ്റകൃത്യത്തിന് ശേഷം പൊലീസിനെ വഴിതെറ്റിക്കാൻ തമിഴ് നാടോടികളാണ് കൊലപാതകത്തിന് പിന്നിൽ എന്ന് വ്യാജ പ്രചാരണം നടത്താനും പ്രതി ശ്രമിച്ചിരുന്നു.
വീട്ടുജോലിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ആലപ്പുഴ നോർത്ത് പൊലീസ് സബ് ഇൻസ്പെക്ടർ വി കെ കൃഷ്ണൻ നായർ ആണ് കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. തുടർന്ന് നോർത്ത് പൊലീസ് ഇൻസ്പെക്ടർ കെ എ തോമസ് നടത്തിയ അന്വേഷണത്തിനൊടുവിൽ 2010 സെപ്റ്റംബർ ആറിനാണ് പ്രതി അറസ്റ്റിലായത്.
കേസിനാസ്പദമായ തൊണ്ടിമുതലുകളും ഈ സമയത്ത് കണ്ടെടുത്തു. പിന്നീട് സിബിസി ഐഡി ഇൻസ്പെക്ടർ എ നസീർ ആണ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
വിചാരണ വേളയിൽ എഴുപതോളം സാക്ഷികളെയും നിർണ്ണായകമായ നിരവധി ശാസ്ത്രീയ തെളിവുകളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർമാരായ പി പി ഗീത, എൻ ബി ഷാരി എന്നിവർ കോടതിയിൽ ഹാജരായി വാദങ്ങൾ അവതരിപ്പിച്ചു.
പ്രോസിക്യൂഷനെ സഹായിക്കുന്നതിനായി സിപിഒ അമൽ സി, ലിജുമോൻ, ജിഎസ്ഐ ജോസഫ് എന്നിവരും ഒപ്പമുണ്ടായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

