സംസ്ഥാനത്തെ പ്ലാന്റേഷനുകളിൽ വിവിധ ഫലവൃക്ഷങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് മൾട്ടി ക്രോപ് രീതി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നതായി മുഖ്യമന്ത്രി വി.ഡി.സതീശൻ നടത്തിയ പ്രസ്താവനയെ അതീവ പ്രതീക്ഷയോടെയാണ് യുണൈറ്റഡ് ഫാർമേഴ്സ് ഓർഗനൈസേഷൻ നോക്കിക്കാണുന്നത്. മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
സംസ്ഥാനത്തിന്റെ ആഭ്യന്തര ഉൽപാദനം ഒരു ലക്ഷം കോടി രൂപയായി ഉയർത്തുവാൻ സാധിക്കുന്ന സുപ്രധാന തീരുമാനമാണിതെന്ന് യുണൈറ്റഡ് ഫാർമേഴ്സ് ഓർഗനൈസേഷൻ പ്രസിഡന്റ് സന്തോഷ് മാട്ടേൽ അഭിപ്രായപ്പെട്ടു. കാലാനുസൃതമായ നിയമപരിഷ്കരണങ്ങളുടെ കുറവുമൂലം പ്ലാന്റേഷൻ മേഖലയിൽ അർഹമായ വരുമാന വർധന ഉണ്ടാകുന്നില്ല.
ഭൂമി തടസ്സമില്ലാതെ തരംമാറ്റം നടത്തുന്നതിലെ ബുദ്ധിമുട്ടുകളും പോക്കുവരവിലുള്ള പ്രയാസങ്ങളും ഈ രംഗത്തെ കർഷകരെ കടുത്ത പ്രതിസന്ധിയിലാക്കുന്നുണ്ട്. പണ്ടു വാങ്ങിയ വസ്തുവകകൾ റഗുലറൈസ് ചെയ്തു നൽകുമ്പോൾ പിഴ ഈടാക്കുകയാണെങ്കിൽ പോലും അത് ഒടുക്കാൻ കർഷകർ സന്നദ്ധരാണ്.
ഈ തുക തൊഴിലാളി ക്ഷേമ ഫണ്ടിലേക്ക് വിനിയോഗിക്കാവുന്നതാണെന്നും സംഘടന ചൂണ്ടിക്കാണിക്കുന്നു. പരമ്പരാഗതമായി ചെയ്തുവരുന്ന കാപ്പി, തേയില, റബർ കൃഷികളിൽനിന്ന് ഏക്കറിന് 20,000 രൂപമാത്രം വരുമാനം ലഭിക്കുമ്പോൾ, ദക്ഷിണ പൂർവേഷ്യൻ രാജ്യങ്ങളിൽ മാംഗോസ്റ്റിൻ, ഡ്രാഗൺ ഫ്രൂട്ട് തുടങ്ങിയ ഫലവർഗ കൃഷിയിലൂടെ ഏക്കറിന് 2.50 ലക്ഷം രൂപ മുതൽ അഞ്ചുലക്ഷം രൂപവരെയാണ് വരുമാനം ലഭിക്കുന്നത്.
സമാനമായ രീതിയിലുള്ള കൃഷികൾക്ക് സംസ്ഥാനത്തും അനുമതി നൽകിയാൽ ഖജനാവിലേക്ക് 30,000 കോടിയുടെ അധിക ആഭ്യന്തര വരുമാനം എത്തിക്കാൻ സാധിക്കും. ഇതിനായി കേരള ഭൂപരിഷ്കരണ നിയമത്തിൽ ആവശ്യമായ ഭേദഗതികൾ വരുത്തേണ്ടതുണ്ട്.
ഫാം ടൂറിസം ഉൾപ്പെടെയുള്ള നൂതന ആശയങ്ങൾക്ക് അനുമതി നൽകിയാൽ ആഭ്യന്തര ഉൽപാദനം അൻപതിനായിരം കോടിയായി ഉയരുമെന്നാണ് കണക്കാക്കപ്പെടുന്നത്. കേരളത്തിലെ തൊഴിലില്ലായ്മയ്ക്കും യുവാക്കൾ കൂട്ടത്തോടെ നാടുവിട്ടുപോകുന്ന പ്രവണതയ്ക്കും തടയിടാൻ പോന്ന നിർദേശങ്ങളാണ് മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളതെന്ന് സന്തോഷ് മാട്ടേൽ കൂട്ടിച്ചേർത്തു.
കൂടാതെ, അഗ്രികൾച്ചറൽ ആൻഡ് ഫൂഡ് പാർക്കുകൾ സ്ഥാപിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ഏറെ സന്തോഷകരമാണെന്നും, ഇതുമായി ബന്ധപ്പെട്ട തുടർനടപടികൾ അടിയന്തരമായി ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

