സംസ്ഥാനത്തെ സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് പരാതി. ഫണ്ട് സമയബന്ധിതമായി ലഭിച്ചില്ലെങ്കിൽ കുട്ടികളുടെ അന്നം മുട്ടുന്ന അവസ്ഥയാണെന്ന് പ്രധാനാധ്യാപകർ വ്യക്തമാക്കി.
വിപണിയിലെ വിലക്കയറ്റവും സർക്കാരിൽ നിന്നുള്ള ധനസഹായത്തിലെ കാലതാമസവുമാണ് പ്രധാന പ്രതിസന്ധിയായി ചൂണ്ടിക്കാണിക്കുന്നത്. പാചകവാതകം, പച്ചക്കറി, തേങ്ങ, പാൽ, മുട്ട
എന്നിവയുടെ വില കുത്തനെ ഉയർന്നിട്ടുണ്ട്. എന്നാൽ ഇതിനനുസരിച്ചുള്ള തുക സർക്കാരിൽ നിന്ന് ലഭിക്കുന്നില്ല.
ജൂൺ മാസത്തിലെ അരിയും പച്ചക്കറിയും ഉൾപ്പെടുന്ന പ്രധാന ഭക്ഷണത്തിനുള്ള തുക ലഭിച്ചെങ്കിലും, പാൽ, മുട്ട എന്നിവയ്ക്കുള്ള അനുബന്ധ പോഷകാഹാര തുക ഇതുവരെ ലഭിച്ചിട്ടില്ല.
സർക്കാർ നിശ്ചയിച്ച തുകയേക്കാൾ ഉയർന്ന വിലയാണ് വിപണിയിൽ നൽകേണ്ടി വരുന്നത്. ഉദാഹരണത്തിന്, മിൽമ പാലിന് ലീറ്ററിന് 60 രൂപ വരുമ്പോൾ സർക്കാർ നൽകുന്നത് 56 രൂപയാണ്.
ഒരു മുട്ടയ്ക്ക് 6 രൂപ നിരക്കിലാണ് സർക്കാർ തുക അനുവദിക്കുന്നതെങ്കിലും പൊതുവിപണിയിൽ 7 മുതൽ 8 രൂപ വരെയാകാറുണ്ട്. നിലവിലെ പ്രതിസന്ധി കാരണം ചില സ്കൂളുകളിൽ കറികളുടെ എണ്ണവും വെട്ടിച്ചുരുക്കിയിട്ടുണ്ട്.
ഈ അധ്യയന വർഷം ഇതുവരെ പാചകത്തൊഴിലാളികളുടെ വേതനം ലഭിച്ചിട്ടില്ല. ഒരു മാസമായി വേതനം കുടിശികയാണ്.
വലിയ ദുരിതത്തിലൂടെയാണ് ഇവർ കടന്നുപോകുന്നത്. പല സ്കൂളുകളിലും പ്രധാനാധ്യാപകരും പിടിഎയും വ്യക്തികളുമാണ് കടം വാങ്ങിയും സ്വർണം പണയം വെച്ചും തുക കണ്ടെത്തി പദ്ധതി മുന്നോട്ട് കൊണ്ടുപോകുന്നത്.
കൊട്ടാരക്കര ഗവ. ടൗൺ യുപിഎസ്, പൂവറ്റൂർ ജിഎൽപിഎസ് തുടങ്ങിയ വിദ്യാലയങ്ങളിലും സമാനമായ പ്രതിസന്ധികളാണ് നിലനിൽക്കുന്നത്.
തദ്ദേശ സ്ഥാപനങ്ങളുടെ മേൽനോട്ടത്തിൽ ഉച്ചഭക്ഷണ വിതരണത്തിനായി ഏകീകൃത സംവിധാനം ഏർപ്പെടുത്തണമെന്നാണ് പ്രധാനാധ്യാപകരുടെ പ്രധാന ആവശ്യം. കുട്ടികളുടെ ഉച്ചഭക്ഷണ പദ്ധതി തടസ്സപ്പെടാതിരിക്കാൻ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നാണ് സ്കൂൾ അധികൃതരുടെയും രക്ഷിതാക്കളുടെയും അഭ്യർത്ഥന.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

