സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ വിജിലൻസ് റെയ്ഡുകളിൽ രണ്ട് എൻജിനീയർമാർ കൈക്കൂലി വാങ്ങുന്നതിനിടയിൽ അറസ്റ്റിലായി. തൊടുപുഴ നഗരസഭയിലെ അസി.
എക്സിക്യൂട്ടീവ് എൻജിനീയറും സെക്രട്ടറി ഇൻ ചാർജുമായ എം.പി.ജോസ് (54) ആണ് ഇതിൽ ഒരാൾ. പുതുതായി നിർമിച്ച സ്വകാര്യ ആയുർവേദ ആശുപത്രിക്കെട്ടിടത്തിന് കംപ്ലീഷൻ സർട്ടിഫിക്കറ്റ് നൽകുന്നതിനായി 75,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയിലാണ് എറണാകുളം കറുകുറ്റി സ്വദേശിയായ ഇദ്ദേഹം വിജിലൻസിന്റെ പിടിയിലായത്.
2025 ഒക്ടോബറിലാണ് തൊടുപുഴ സ്വദേശിയായ പരാതിക്കാരൻ കംപ്ലീഷൻ സർട്ടിഫിക്കറ്റിനായി ഓൺലൈൻ വഴി അപേക്ഷ സമർപ്പിച്ചത്. എന്നാൽ ഒരു മാസത്തോളം ഫയൽ വൈകിപ്പിച്ച ഉദ്യോഗസ്ഥൻ, സർട്ടിഫിക്കറ്റ് അനുവദിക്കാൻ ഒന്നര ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു.
പിന്നീട് തുക വർധിപ്പിച്ച് രണ്ടു ലക്ഷം രൂപ നൽകണമെന്നും, ഇതിൽ നിന്ന് 75,000 രൂപ ഉടൻ നൽകണമെന്നും ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയായിരുന്നു. തുടർന്ന് പരാതിക്കാരൻ ഇടുക്കി വിജിലൻസ് യൂണിറ്റ് ഡപ്യൂട്ടി പൊലീസ് സൂപ്രണ്ടിനെ സമീപിക്കുകയായിരുന്നു.
മറ്റൊരു സംഭവത്തിൽ, കെട്ടിടനിർമാണ പെർമിറ്റിനായി 15,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ കണ്ണൂർ കോർപറേഷൻ എടക്കാട് സോണിലെ അസി.എൻജിനീയർ പി.മുഹമ്മദ് അസ്ലം (31) വിജിലൻസിന്റെ പിടിയിലായി. താഴെ ചൊവ്വ സ്വദേശിയാണ് അറസ്റ്റിലായ ഇദ്ദേഹം.
പെർമിറ്റിനുള്ള അപേക്ഷ പത്തു മാസത്തിലേറെ വൈകിപ്പിച്ച ശേഷം അനുമതി നൽകാനായി 20,000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. ഇതിന്റെ ആദ്യഗഡുവായി 15,000 രൂപ കൈമാറുന്നതിനിടെയാണ് അറസ്റ്റ്.
ഇന്നലെ രാത്രി 7.30ന് കാൽടെക്സിൽ സന്നിധാൻ റോഡിൽ വെച്ചാണ് പണം പിടികൂടിയത്. പ്രതിയുടെ താഴെ ചൊവ്വയിലെ വീട്ടിലും വിജിലൻസ് സംഘം പരിശോധന നടത്തിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

