കണ്ണൂർ ജില്ലയിലെ ഇരിട്ടി മേഖലയിൽ തുടർച്ചയായ ജീവഹാനിക്കും കൃഷിനാശത്തിനും കാരണമാകുന്ന കെഎം1 (കണ്ണൂർ മഖ്ന) എന്ന മോഴയാനയെ മയക്കുവെടി വെച്ച് പിടികൂടാനുള്ള നടപടികളിലേക്ക് വനംവകുപ്പ് കടന്നു. പ്രദേശവാസികളുടെ നിരന്തരമായ ആവശ്യത്തെ തുടർന്ന് മന്ത്രി സണ്ണി ജോസഫ് വിഷയം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ആനയെ മയക്കുവെടി വെക്കാൻ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. നടപടിക്രമങ്ങൾ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി ഉത്തരമേഖലാ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (സിസിഎഫ്) ബി.എൻ.അഞ്ജൻകുമാർന്റെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു.
കേന്ദ്ര സർക്കാരിന്റെ മാർഗരേഖകൾ കർശനമായി പാലിച്ച് ആനയെ സുരക്ഷിതമായി മയക്കുവെടി വെക്കുന്നതിനായി പ്രത്യേക അഡ്വൈസറി കമ്മിറ്റി രൂപീകരിക്കാൻ യോഗത്തിൽ തീരുമാനമായി. തുടർനടപടികൾക്കായി വിദഗ്ധരെ ഉൾപ്പെടുത്തി ഫീൽഡ് ഓപ്പറേറ്റിങ് സംഘത്തെയും സജ്ജമാക്കും.
മയക്കുവെടി വെക്കുന്നതിന്റെ മുന്നോടിയായി കാട്ടാനയുടെ ആരോഗ്യസ്ഥിതിയും സ്വഭാവ സവിശേഷതകളും പഠിക്കാൻ ആർആർടി വെറ്ററിനറി സർജൻ ഡോ.ഇല്യാസ് റാവുത്തർന്റെ നേതൃത്വത്തിലുള്ള സംഘം നേരിട്ടുള്ള നിരീക്ഷണം ആരംഭിച്ചു. യോഗത്തിൽ കണ്ണൂർ ഡിഎഫ്ഒ കെ.സജി, ആറളം വൈൽഡ് ലൈഫ് വാർഡൻ വി.രതീശൻ, സിസിഎഫിന്റെ ടെക്നിക്കൽ അസിസ്റ്റന്റ് ജി.പ്രദീപ്, എസ്ഐപി എസിഎഫ് എം.പി.രവീന്ദ്രനാഥൻ, ആറളം റേഞ്ച് അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ രമ്യ രാഘവൻ, കൊട്ടിയൂർ ആർഎഫ്ഒ ടി.നിതിൻരാജ്, വെറ്ററിനറി സർജൻ ഡോ.ഇല്യാസ് റാവുത്തർ തുടങ്ങിയവർ പങ്കെടുത്തു.
ചതിരൂരിൽ വീണ്ടും കാട്ടാന ആക്രമണം
ഇരിട്ടി ആറളം ചതിരൂർ നീലായിയിൽ പത്ത് ദിവസത്തിനിടെ മൂന്നാം തവണയും കാട്ടാനയിറങ്ങി വ്യാപക നാശനഷ്ടം വരുത്തി. കാവുങ്കൽ ആന്റണിയുടെ പറമ്പിലെ വാഴ, തെങ്ങ്, ചേമ്പ് എന്നിവ ആന നശിപ്പിച്ചു.
സമീപത്തെ ചെറിയൻകുന്നേൽ ജോയിയുടെ പറമ്പിലെ മൂന്ന് തെങ്ങുകൾ ആന കുത്തിവീഴ്ത്തി. കൊട്ടിയൂർ വനമേഖലയിൽ നിന്നുള്ള ആനകളെ പ്രതിരോധിക്കാൻ കാര്യക്ഷമമായ സംവിധാനങ്ങൾ ഇല്ലാത്തതാണ് മേഖലയിൽ നിരന്തരമായ ആക്രമണങ്ങൾക്ക് കാരണമെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.
വനാതിർത്തിയിൽ തൂക്കുവേലി നിർമാണങ്ങൾ ആരംഭിച്ചിട്ടുണ്ടെങ്കിലും ഭീഷണിക്ക് മാറ്റമില്ല. പുനരധിവാസ മേഖലയിൽ വീടിനുനേരെയും ആക്രമണം
ആറളം പുനരധിവാസ മേഖലയിൽ വീടിനു നേരെയും മോഴയാനയുടെ ആക്രമണമുണ്ടായി.
ബ്ലോക്ക് 7 ലെ രാജുവിന്റെ വീടിനോട് ചേർന്നുള്ള ഷെഡ് പൂർണമായും തകർന്നു. കഴിഞ്ഞ ദിവസം രാത്രി 11.30 ഓടെയായിരുന്നു സംഭവം.
മൺകട്ട കൊണ്ടുണ്ടാക്കിയ വീട്ടിലുണ്ടായിരുന്ന രാജുവിനെ തുമ്പിക്കൈ നീട്ടിപ്പിടിക്കാൻ ആന ശ്രമിച്ചെങ്കിലും, അപകടം മനസിലാക്കി ഇദ്ദേഹം ഓടിരക്ഷപ്പെടുകയായിരുന്നു.
സമീപത്തെ വീട്ടിൽ അഭയം പ്രാപിച്ച ഇദ്ദേഹം ഉടൻതന്നെ വനംവകുപ്പിനെ വിവരം അറിയിച്ചു. സ്ഥലത്ത് കണ്ടെത്തിയ കാൽപാടുകളിൽ നിന്നാണ് ആക്രമണം നടത്തിയത് മോഴയാനയാണെന്ന് സ്ഥിരീകരിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

