കോഴിക്കോട് നഗരത്തിലെ വികസന പദ്ധതിയായ മാനാഞ്ചിറ – വെള്ളിമാടുകുന്ന് നാലുവരിപ്പാതയുമായി ബന്ധപ്പെട്ട് നിർമാണത്തിലെ അപാകതകൾ പുറത്തു വരുന്നു. ഭാവിയിൽ റോഡ് കുത്തിപ്പൊളിക്കുന്നത് ഒഴിവാക്കാനായി വിഭാവനം ചെയ്ത 22 ക്രോസ് ഡക്ടുകളിൽ നിർമാണ കമ്പനി പൂർത്തീകരിച്ചത് വെറും 11 എണ്ണം മാത്രമാണ്.
ഓരോ 250 മീറ്റർ നീളത്തിലും ക്രോസ് ഡക്ടുകൾ നിർമിക്കണമെന്നും വൈദ്യുതി കേബിളുകളും പൈപ്പുകളും ഇതിലൂടെ വേണം മറുവശത്തേക്ക് എത്തിക്കാനെന്നും പ്രോജക്ട് റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ടെങ്കിലും നിലവിലെ നിർമാണങ്ങൾ ഇതിനു പര്യാപ്തമല്ലെന്നാണു സൂചന. കെ.ജയന്ത് എംഎൽഎക്കു വൈദ്യുതി ബോർഡ് നൽകിയ മറുപടിയിലാണ് സെൻട്രൽ, നടക്കാവ്, കാരപ്പറമ്പ് സെക്ഷനുകളുടെ പരിധിയിൽ 11 ക്രോസ് ഡക്ടുകൾ നിർമിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുന്നത്.
പോസ്റ്റുകൾ മാറ്റുന്നതും പുതിയ കണക്ഷനുകൾ വലിക്കുന്നതുമുൾപ്പെടെ 75% ജോലികളും പൂർത്തിയാക്കിയതായി കെഎസ്ഇബി വ്യക്തമാക്കുന്നു. അടുത്ത 30 വർഷത്തേക്ക് റോഡ് വെട്ടിപ്പൊളിക്കേണ്ടിവരില്ലെന്നും അതിനുള്ള എല്ലാ സംവിധാനങ്ങളും ഉൾപ്പെടെയാണു നിർമാണമെന്നുമായിരുന്നു ഉദ്ഘാടന വേളയിൽ പ്രഖ്യാപനം.
റോഡിന്റെ ഇരുവശത്തും വീടുകളും കച്ചവടസ്ഥാപനങ്ങളും ഏറെയുള്ളതിനാൽ ഇവിടേക്ക് വൈദ്യുതി, പൈപ്പ് കണക്ഷനുകൾ വലിക്കാനായി ഇനിയും വെട്ടിപ്പൊളിക്കേണ്ടി വന്നേക്കും. ആദ്യഘട്ടത്തിന്റെ നിർമാണത്തുകയായ 76.89 കോടി രൂപയിൽ 46.76 കോടി രൂപ കമ്പനിക്ക് നൽകിക്കഴിഞ്ഞു.
ക്രോസ് ഡക്ടുകൾ 16 എണ്ണം നിർമിച്ചിട്ടുണ്ടെന്നും ഭൂമി ലഭിക്കാത്തതിനാലും ഓട നിർമാണം പൂർത്തിയാക്കാത്തതിനാലുമാണ് ബാക്കി നിർമാണം വൈകുന്നതെന്നുമാണ് നിർമാണ കമ്പനിയുടെ വാദം.
മാനാഞ്ചിറ എസ്ബിഐക്കു മുന്നിൽ ഓടയ്ക്കായി ഭൂമി ലഭിച്ചിട്ടില്ലെന്നും ഇവിടെയുൾപ്പെടെ ക്രോസ് ഡക്ടുകൾ നിർമിക്കാനുണ്ടെന്നും അവർ പറയുന്നു. ഇരുവശത്തും ജനങ്ങൾ തിങ്ങിപ്പാർക്കുന്ന റോഡായതിനാൽ വിഭാവനം ചെയ്ത രീതിയിൽ തന്നെ 22 ക്രോസ് ഡക്ടുകളോടെ പാതയുടെ നിർമാണം പൂർത്തിയാക്കണമെന്ന് കെ.ജയന്ത് ആവശ്യപ്പെട്ടു.
കെഎസ്ഇബി കണക്കിലെ ക്രോസ് ഡക്ടുകൾ ഇവയാണ്; സെൻട്രൽ സെക്ഷനിൽ: മലബാർ ഗോൾഡിനു സമീപം. കാരപ്പറമ്പ് സെക്ഷനിൽ: ജാഫ ഡേറ്റ്സ്, പിഡബ്ല്യുഡി ഓഫിസ് ഗേറ്റ്, സിവിൽ സ്റ്റേഷൻ, സിവിൽ– കാരപ്പറമ്പ് റോഡ്, ശേഖർ ഫുഡ്, മലാപ്പറമ്പ്.
നടക്കാവ് സെക്ഷനിൽ: മനോരമ റോഡ്, ഷിഫ ആശുപത്രി, കെഎസ്ആർടിസി ഡിപ്പോ, മലബാർ മോട്ടോഴ്സ്. ക്രോസ് ഡക്ടുകൾ
∙ റോഡിന്റെ ഒരു വശത്തുനിന്നു മറുവശത്തേക്കു വൈദ്യുതി, പൈപ്പ് ലൈനുകൾ കടത്തിവിടാൻ വേണ്ടി, റോഡിനു കുറുകെ സ്ഥാപിക്കുന്ന കോൺക്രീറ്റ് ഭൂഗർഭ അറകൾ.
ടാറിങ് പൊളിക്കാതിരിക്കാൻ ഇതു സഹായിക്കുന്നു. റോഡ് വീണ്ടും കുഴിക്കുന്നതിന്റെ ചെലവും കുറയ്ക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

