കെഎസ്ആർടിസി ബസിനകത്തെ പ്രധാന തൂണുകളിലൊന്ന് അപകടകരമായ രീതിയിൽ ഇളകി വീണത് യാത്രക്കാരുടെ ഇടയിൽ ആശങ്ക പരത്തി. ചാലക്കുടിയിലാണ് സംഭവം.
തൃശൂരിൽ നിന്ന് ആലുവയ്ക്ക് സർവീസ് നടത്തുകയായിരുന്ന കെഎസ്ആർടിസിയുടെ ഫാസ്റ്റ് പാസഞ്ചർ ബസിലാണ് യാത്രക്കാരുടെ ജീവന് ഭീഷണിയായ സാഹചര്യം ഉണ്ടായത്. ബസിനുള്ളിലെ തൂണുകളിലൊന്ന് ഇതുവരെ നിലനിന്നിരുന്നത് ഒരേയൊരു നട്ടിലും നേർത്ത ചരടിലും മാത്രമായിരുന്നു.
ഇന്നലെ വൈകിട്ട് ആറോടെയാണ് ഈ ഗുരുതരമായ സുരക്ഷാ വീഴ്ച പുറത്തുവന്നത്. യാത്രക്കാരി തൂണിൽ ചാരി നിൽക്കുന്നതിനിടയിൽ ബസിന്റെ മുകൾ ഭാഗത്ത് ഉറപ്പിച്ചിരുന്ന നട്ട് ഇളകി താഴേക്ക് പതിക്കുകയായിരുന്നു.
ഉടൻ തന്നെ കണ്ടക്ടറുടെ സമയോചിതമായ ഇടപെടൽ ഉണ്ടായതിനാൽ വൻ ദുരന്തം ഒഴിവാക്കാനായി. ചരിഞ്ഞുവീണ ഇരുമ്പ് തൂണ് കണ്ടക്ടർ ഉടൻ തന്നെ താങ്ങിപ്പിടിക്കുകയും യാത്രക്കാരുടെ ദേഹത്തേക്ക് വീഴുന്നത് തടയുകയുമായിരുന്നു.
തൂണ് താഴെ പ്ലാറ്റ്ഫോമിൽ ഉറപ്പിച്ചിരുന്ന ഭാഗം പൂർണ്ണമായി തുരുമ്പെടുത്തു ദ്രവിച്ച നിലയിലാണുള്ളത്. അപകടാവസ്ഥയിലായ തൂണ് വീഴാതിരിക്കാൻ മുൻപ് ചരട് ഉപയോഗിച്ച് സീറ്റിൽ കെട്ടി വച്ചിട്ടുമുണ്ടായിരുന്നു.
നട്ട് കൂടി ഇളകി താഴെ വീണതോടെ കണ്ടക്ടർ ഈ തൂണ് എടുത്തു ബസിന്റെ മുൻഭാഗത്തു ഡ്രൈവറുടെ സമീപത്തായി വെച്ച ശേഷമാണ് യാത്ര തുടർന്നത്. കെഎസ്ആർടിസി ബസുകളുടെ ഫിറ്റ്നസും യാത്രാസുരക്ഷയും സംബന്ധിച്ച് വലിയ ചോദ്യങ്ങൾ ഉയർത്തുന്നതാണ് ഈ സംഭവം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

