സൗദി അറേബ്യയിൽ താമസ, തൊഴിൽ, അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിച്ച 13,251 വിദേശികളെ കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ രാജ്യത്ത് നിന്ന് നാടുകടത്തി. ആഭ്യന്തര മന്ത്രാലയം ശനിയാഴ്ച പുറത്തുവിട്ട
പ്രതിവാര റിപ്പോർട്ടിലാണ് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കിയത്. രാജ്യത്തിന്റെ സുരക്ഷയും നിയമവ്യവസ്ഥയും ഉറപ്പാക്കുന്നതിന്റെ ഭാഗമായി സുരക്ഷാ സേനയുടെ സംയുക്ത പരിശോധനകൾ ശക്തമായി തുടരുകയാണ്.
കഴിഞ്ഞ ജൂലൈ 16 മുതൽ 22 വരെയുള്ള ദിവസങ്ങളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ആകെ 14,970 നിയമലംഘകരാണ് സുരക്ഷാ സേനയുടെ പിടിയിലായത്. ഇതിൽ 7,437 പേർ ഇഖാമ നിയമലംഘകരും, 3,991 പേർ അതിർത്തി സുരക്ഷാ നിയമലംഘകരും, 3,542 പേർ തൊഴിൽ നിയമലംഘകരുമാണ്.
ഇതിനുപുറമെ, അതിർത്തി വഴി അനധികൃതമായി രാജ്യത്തേക്ക് കടക്കാൻ ശ്രമിച്ച 1,626 പേരും പിടിയിലായവരുടെ കൂട്ടത്തിലുണ്ട്. ഇവരിൽ 62 ശതമാനം ഇത്യോപ്യൻ പൗരന്മാരും 37 ശതമാനം യെമൻ പൗരന്മാരുമാണ്.
അനധികൃതമായി രാജ്യം വിടാൻ ശ്രമിച്ച 33 പേരെയും, നിയമലംഘകർക്ക് യാത്രാസൗകര്യവും താമസവും നൽകി സഹായിച്ച 18 പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നിലവിൽ 1,989 വനിതകൾ ഉൾപ്പെടെ 30,500 വിദേശികൾക്കെതിരെയാണ് വിവിധ ഘട്ടങ്ങളിലായി നിയമനടപടികൾ പുരോഗമിക്കുന്നത്.
നാടുകടത്തൽ നടപടികളുടെ ഭാഗമായി യാത്രാരേഖകൾ ലഭ്യമാക്കാൻ 17,700 പേരെ അതത് രാജ്യങ്ങളുടെ എംബസികളിലേക്ക് റഫർ ചെയ്തിട്ടുണ്ട്. കൂടാതെ 6,113 പേർക്ക് ടിക്കറ്റ് ബുക്കിംഗിനുള്ള നിർദ്ദേശങ്ങളും നൽകിയിട്ടുണ്ട്.
ആവശ്യമായ എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കിയാണ് 13,251 പേരെ ഇതിനകം നാടുകടത്തിയത്. അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിച്ച് ആളുകളെ രാജ്യത്തേക്ക് പ്രവേശിക്കാൻ സഹായിക്കുന്നവർക്കെതിരെ സൗദി ആഭ്യന്തര മന്ത്രാലയം കടുത്ത മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
നിയമലംഘകർക്ക് താമസവും യാത്രാസൗകര്യവും നൽകുന്നത് ഗുരുതര കുറ്റകൃത്യമായി പരിഗണിക്കും. ഇത്തരക്കാർക്ക് 15 വർഷം വരെ തടവും 10 ലക്ഷം റിയാൽ വരെ പിഴയും ലഭിച്ചേക്കാം.
ഒപ്പം കുറ്റകൃത്യത്തിന് ഉപയോഗിച്ച വാഹനങ്ങളും കെട്ടിടങ്ങളും കണ്ടുകെട്ടുമെന്നും അധികൃതർ വ്യക്തമാക്കി. നിയമലംഘനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ജനങ്ങൾക്ക് ബന്ധപ്പെട്ട
അധികാരികളെ അറിയിക്കാം. മക്ക, മദീന, റിയാദ്, കിഴക്കൻ പ്രവിശ്യകളിൽ 911 എന്ന നമ്പറിലും, മറ്റ് പ്രദേശങ്ങളിൽ 999, 996 എന്നീ നമ്പറുകളിലും ബന്ധപ്പെടണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

