തിരുവനന്തപുരം: സംസ്ഥാനത്ത് വലിയ വിവാദങ്ങൾക്ക് വഴിവെച്ച കായിക ഉപകരണങ്ങളുടെ വിതരണ തടസ്സത്തിലും ക്രമക്കേടുകളിലും കർശന നടപടിയുമായി കായിക വകുപ്പ്. ഇതിന്റെ ഭാഗമായി സ്പോർട്സ് കൗൺസിൽ കഴിഞ്ഞ അഞ്ച് വർഷക്കാലം നടത്തിയ മുഴുവൻ പർച്ചേസുകളും സമഗ്രമായ പരിശോധനയ്ക്ക് വിധേയമാക്കാൻ തീരുമാനിച്ചിരിക്കുകയാണ്.
സംഘടനയുടെ പ്രവർത്തനങ്ങളിൽ ഗുരുതര വീഴ്ചകളുണ്ടെന്നാണ് പ്രാഥമിക കണ്ടെത്തൽ. സ്പോർട്സ് കൗൺസിലിൽ അടിസ്ഥാന വിവരങ്ങളോ ഔദ്യോഗിക രേഖകൾ പോലും കൃത്യമായി സൂക്ഷിക്കുന്നില്ലെന്ന് വ്യക്തമായിട്ടുണ്ട്.
കായിക താരങ്ങളുമായി ബന്ധപ്പെട്ട പ്രാഥമിക വിവരങ്ങൾ പോലും കൗൺസിലിന്റെ പക്കൽ ലഭ്യമല്ല.
അർഹരായ കുട്ടികൾക്ക് നൽകേണ്ട സാധനങ്ങളും കായിക ഉപകരണങ്ങളും ഗോഡൗണിൽ പൂഴ്ത്തിവെച്ച സംഭവം പുറത്തുവന്നതിന് പിന്നാലെയാണ് വകുപ്പ് തല അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.
കുട്ടികൾക്ക് വിതരണം ചെയ്യാതെ ഗോഡൗണിൽ കെട്ടിക്കിടക്കുന്ന നൂറുകണക്കിന് സാധനങ്ങളുടെ ദൃശ്യങ്ങൾ മാധ്യമങ്ങൾക്ക് ലഭിച്ചിരുന്നു. വിഷയം വലിയ വിവാദമായതോടെ കായിക ഉപകരണങ്ങളും വസ്ത്രങ്ങളും കൗൺസിൽ ഇപ്പോൾ ധൃതിപ്പെട്ട് വിതരണം ചെയ്യാൻ തുടങ്ങിയിട്ടുണ്ട്.
എന്നാൽ അർഹരായ വിദ്യാർത്ഥികൾക്ക് സമയബന്ധിതമായി നൽകേണ്ട ഈ സാധനങ്ങൾ ഇത്രയും കാലം പൂഴ്ത്തിവെച്ചത് എന്തിനാണെന്ന കാര്യത്തിൽ കടുത്ത ദുരൂഹത നിലനിൽക്കുന്നുണ്ട്.
ദൃശ്യങ്ങൾ പുറത്തുവന്ന പശ്ചാത്തലത്തിൽ സ്പോർട്സ് കൗൺസിലിൽ സമഗ്രമായ ഒരു അഴിച്ചുപണിക്കാണ് കായിക വകുപ്പ് തയാറെടുക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് കായിക മന്ത്രി കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥരോട് നേരിട്ട് വിശദീകരണം തേടിയിരുന്നു.
എന്നാൽ ഈ പൂഴ്ത്തിവെപ്പുമായി ബന്ധപ്പെട്ട് ഒരു ചോദ്യത്തിനും കൃത്യമായ മറുപടി നൽകാൻ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞിരുന്നില്ല. മൂന്ന് വർഷം വരെ പഴക്കമുള്ള ഉപകരണങ്ങളും വസ്ത്രങ്ങളുമാണ് കെട്ടിക്കിടക്കുന്നതെന്ന് വിദ്യാർത്ഥികൾ സാക്ഷ്യപ്പെടുത്തുന്നു.
പലപ്പോഴും ആവശ്യത്തിന് ജേഴ്സി പോലുമില്ലാതെയാണ് കുട്ടികൾ മത്സരങ്ങൾക്ക് ഇറങ്ങേണ്ടി വന്നിട്ടുള്ളത്. ഇതുവരെ കെട്ടുകൾ പോലും പൊട്ടിക്കാത്ത ജേഴ്സികൾ, ഷൂസുകൾ, സ്പൈക്കുകൾ എന്നിവയെല്ലാം ഗോഡൗണിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്.
സംസ്ഥാനത്തെ കായിക താരങ്ങൾ ഔദ്യോഗിക ട്രാക്ക് സ്യൂട്ട് പോലുമില്ലാതെ ദേശീയ മത്സരങ്ങളിൽ പങ്കെടുക്കേണ്ടി വരുന്ന ദുഃസ്ഥിതി നിലനിൽക്കുമ്പോഴാണ്, സ്പോർട്സ് കൗൺസിൽ ആസ്ഥാനത്ത് ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന മത്സര ഉപകരണങ്ങൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്.
നിലവിൽ കേരളത്തിലെ 53 സ്പോർട്സ് ഹോസ്റ്റലുകളിലായി 1941 കായിക താരങ്ങളാണ് പരിശീലനം നേടിവരുന്നത്. എന്നാൽ ഇവർക്കുള്ള അവശ്യ കിറ്റുകളുടെ വിതരണം നിലച്ചിട്ട് വർഷങ്ങളായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

