പശ്ചിമ ബംഗാളിൽ വിദ്യാർഥിനിയോട് അനുചിതമായി പെരുമാറിയെന്ന പരാതിയിൽ കോളജ് അധ്യാപകനെ ഒരുകൂട്ടം വിദ്യാർഥികൾ ചേര്‍ന്ന് കൈകാര്യം ചെയ്തു. കൊൽക്കത്തയിലെ ഗോബർദംഗ ഹിന്ദു കോളജിലെ താൽക്കാലിക അധ്യാപകനെയാണ് വിദ്യാർഥികൾ ചെരുപ്പുമാല ധരിപ്പിച്ച് പരേഡ് ചെയ്യിക്കുകയും ചൂലുകൊണ്ട് അടിക്കുകയും ചെയ്തത്.
മുഖത്ത് ചീമുട്ട എറിഞ്ഞ് അപമാനിച്ച ശേഷം ഇയാളെ പിന്നീട് പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.
കോളജിലെ ഭൂമിശാസ്ത്ര വിഭാഗത്തിലെ അധ്യാപകനായ സന്ദീപ് ദത്തയ്ക്കെതിരെയാണ് വിദ്യാർഥിനി ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയത്. ഫോണിലൂടെ നിരന്തരം അപമര്യാദയായി സംസാരിക്കുകയും മോശമായി പെരുമാറുകയും ചെയ്തെന്നാണ് പെൺകുട്ടിയുടെ പരാതിയിൽ പറയുന്നത്.
വീട്ടിലെത്തിയാൽ സൗജന്യമായി ട്യൂഷൻ നൽകാമെന്ന് ഇയാൾ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ വീട്ടിൽ വരാൻ വിസമ്മതിച്ചതോടെ പരീക്ഷയിൽ പരാജയപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ വ്യക്തമാക്കുന്നു.
സംഭവത്തിൽ പെൺകുട്ടി ഗോബർദംഗ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും കോളജിലെ സീനിയർ വിദ്യാർഥികളോട് കാര്യങ്ങൾ തുറന്നുപറയുകയും ചെയ്തു. ഇതിന് പിന്നാലെയാണ് വിദ്യാർഥികൾ അധ്യാപകനെ പരസ്യമായി വിചാരണ ചെയ്ത് കൈകാര്യം ചെയ്തത്.
തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് സന്ദീപ് ദത്തയെ അറസ്റ്റ് ചെയ്തു. അധ്യാപകനെ വിദ്യാർഥികൾ അപമാനിക്കുന്നതിന്റെ ദൃശ്യങ്ങൾ നിലവിൽ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിക്കുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

